• 07 Dec 2021
  • 02: 41 AM
Latest News arrow

തനിക്ക് ജാതിയും മതവുമില്ലെന്ന് ശ്രീനാരായണ ഗുരുദേവന്‍

നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവനെ ഒരു പ്രത്യേക ജാതിയുടെ ആളായി കൊണ്ടുനടക്കുന്നവരുടെ അറിവിനായി പ്രശസ്ഥ നിരുപകനും എഴുത്തുകാരനുമായ പ്രഫ. എസ്‌കെ. വസന്തന്‍ ഒരു നൂറ്റാണ്ടു മുമ്പ് ഗുരുദേവന്‍ പ്രസിദ്ധീകരിച്ച ഒരു വിളമ്പരം പുന:പ്രസിദ്ധീകരിക്കുന്നു
 അതിങ്ങിനെ: താന്‍ ജാതിമതഭേദം വിട്ടിട്ട് ഇപ്പോള്‍   സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവില്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമികളായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലിലും ചേര്‍ക്കുകയുള്ളൂ എന്നും വ്യസ്ഥപ്പെടുത്തിയിരിക്കുന്നു 
 ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു
      എന്ന്
     ശ്രീനാരായണ ഗുരു
   അദ്വൈതാശ്രമം, 1091 ഇടവം 15
 ഒരു നൂറ്റാണ്ടുകാലം നമ്മള്‍ ഏതൊക്കെ അനീതികള്‍ക്കും അധാര്‍മ്മികതകള്‍ക്കും എതിരായി ബോധപൂര്‍വ്വം സമരങ്ങള്‍ നടത്തിയോ ഈ അതിനീതികളും അധാര്‍മ്മികകളും ആരുമറിയാതെ നമ്മുടെ സമൂഹ്യ ജീവിതത്തിലേക്ക് കടന്നു വരുന്ന സാഹചര്യം വിവരിച്ചുകൊണ്ട്  വസന്തന്‍ 'തന്മ' മാസികയില്‍ എഴുതിയ ലേഖനത്തോടൊപ്പമാണ് ഗുരുദേവന്റെ വിളമ്പരവും ചേര്‍ത്തിരിക്കുന്നത്.
 വൈകുണ്ഠാനന്ദ സ്വാമികളും. ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും ശ്രീനാരായഗുരുവും ഡോ.പല്‍പ്പുവും,കുമാരനാശാനും, സാധുജനപരിപാലന സംഘവും എസ്എന്‍ഡിപിയുമൊക്കെ, സമൂഹപരിവര്‍ത്തനത്തിന് നടത്തിയപരിശ്രമങ്ങളും സാഹസികതകളും ത്യാഗങ്ങളുമൊക്കെ അനുസ്മരിച്ചുകൊണ്ടുള്ള സുധീര്‍ഘമായ  ഗവേഷണലേഖനത്തില്‍ അടുത്തകാലത്ത് വീണ്ടും ഉയര്‍ന്നുവന്ന വില്ലുവണ്ടി സമരത്തെക്കുറിച്ചും അതില്‍ അയ്യങ്കാളിയുടെ നേതൃത്വത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
 തിരുവിതാംകൂറില്‍ പ്രജാസഭാംഗമായിരുന്ന അയ്യങ്കാളി 1905ല്‍ ആരംഭിച്ച സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിലാണ് അയ്യങ്കാളിപ്പട രൂപംകൊണ്ടത്. അധ:കൃതര്‍ക്ക് പൊതു വഴിയിലൂടെ നടക്കാന്‍ പാടില്ലെന്ന് അന്നത്തെ വരേണ്യവര്‍ഗം ശഠിച്ചപ്പോള്‍ അയ്യങ്കാളി  നല്ല തടിമിടുക്കുള്ള 26 ചെറുപ്പക്കാരെ സംഘടിപ്പിച്ച് കയ്യില്‍ ഓരോ വടിയും കൊടുത്ത് വടിയുടെ കൂടെ നടന്നു കൊള്ളാന്‍ പറഞ്ഞുവിട്ടു. വല്ലവരും തടയാന്‍ വന്നാല്‍ വടികൊണ്ട് കണക്കിന് കൊടുക്കാനും നിര്‍ദ്ദേശിച്ചു. വടിയുമായി നടന്നുവരുന്നവരെ കണ്ടപ്പോള്‍ ആരുംതടയാന്‍ മുന്നോട്ട് വന്നില്ല. അടികിട്ടുമെന്ന് ഉറപ്പായപ്പോള്‍ എതിര്‍പ്പുകാര്‍ അടങ്ങി. നാലുദിവസം പിന്നിട്ടപ്പോള്‍ വടിയില്ലാതെയും നടന്നു. വടിയുമായി നടന്ന ഈ ചെറുപ്പക്കാരാണ് കേരള ചരിത്രത്തിലെ അയ്യങ്കാളിപ്പട.  
വേണ്ടി വന്നാല്‍ ശക്തി ഉപയോഗിച്ച് അനീതിയെ ചെറുക്കുകയെന്നതായിരുന്നു അയ്യങ്കാളിയുടെ നിലപാട്.
അയ്യങ്കാളി ഒരു ദിവസം തലപ്പാവ് ധരിച്ച വില്ലുവണ്ടിയില്‍ രാജ വീഥിയിലൂടെ സഞ്ചരിച്ചു. സവര്‍ണ്ണ വിഭാഗത്തിന് ഇത്കണ്ട് സഹിച്ചില്ല. അവര്‍ വണ്ടി തടയാന്‍ മുന്നോട്ട് വന്നു അയ്യങ്കാളി വണ്ടിയില്‍ നിന്നും ഒരു കഠാരിയുമായി ചാടി ഇറങ്ങി. തന്നെ ആദ്യം തടയുന്നവനെ താന്‍ കുത്തും എന്ന്  പറഞ്ഞപ്പോള്‍ തടയാന്‍ വന്നവര്‍ പിന്‍ വാങ്ങി.
 സാധുജനപരിപാടലന സംഘം അവര്‍ണ്ണരെ സംഘടിപ്പിക്കുക മാത്രമല്ല ചെയ്തതത്. സമാന്തര കോടതികള്‍ സ്ഥാപിച്ച വാദിയേയും പ്രതിയേയും വിളിച്ചുവരുത്തി വിചാരണ നടത്തി തീര്‍പ്പു കല്‍പ്പിച്ചു. അവര്‍ണ്ണരായ കുട്ടികള്‍ക്ക് സ്‌ക്കൂള്‍ പ്രവേശനം നിഷേധിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം സ്‌ക്കൂളുകള്‍ സ്ഥാപിച്ചു. അവിടെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ ഏര്‍പ്പാട് ചെയതത് മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വര അയ്യരായിരുന്നുവെന്നും പ്രഫ. വസന്തന്റെ ലേഖനത്തില്‍ പറയുന്നു.