• 26 Jun 2019
  • 05: 36 PM
Latest News arrow

മഞ്ജുവാര്യര്‍ വനിതാ മതിലിന്റെ ബ്രാന്റ് അമ്പാസിഡറായിരുന്നുവോ?

നിരീക്ഷകന്‍

 സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നവവത്സരത്തില്‍ പണിയാന്‍ പോകുന്ന വനിതാ മതിലിന്റെ ബ്രാന്റ് അമ്പാസിഡറായിരുന്നുവോ നടി മഞ്ജുവാര്യര്? മതിലില്‍ താന്‍ കല്ലാവുകയില്ലെന്ന മഞ്ജുവിന്റെ പ്രഖ്യാപനത്തില്‍ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ സഖാക്കളുടെ ഉറഞ്ഞുതുള്ളല്‍ കാണുമ്പോള്‍ ആരും സംശയിച്ചുപോകും.
 മഞ്ജു നേരത്തെ മതിലിന് പിന്‍തുണ പ്രഖ്യാപിച്ചുവെന്നത് നേരാണ്. പക്ഷെ മതിലിന്റെ പേരില്‍ രാഷ്ടീയമാണ്  തെളിഞ്ഞുവരുന്നതെന്നും തന്റെ രാഷ്ടീയം കലമാത്രമാണെന്നും ചുണ്ടിക്കാട്ടി സംരംഭത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന മഞ്ജുവിന്റെ  പ്രസ്താവനയാണ് സൈബര്‍ സഖാക്കളെ മാത്രമല്ല, മന്ത്രിമാരില്‍ ചിലരേയും പ്രകോപിച്ചത്.  (മതിലില്‍ ചെറുതല്ല ഉമ്മിണി ബല്യ രാഷ്ട്രീയമുണ്ടെന്ന് നാട്ടില്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക്  മാത്രമല്ല  അമ്മിഞ്ഞ പാല്‍ നുണയുന്ന കുഞ്ഞുങ്ങള്‍ക്കുമറിയാം)
മതിലിനോട് മമതയില്ലെന്ന് മഞ്ജു മാത്രമല്ല പ്രമുഖരായ പല കലാകാരന്മാരും സംഘടനാനേതാക്കളും പരസ്യമാക്കിയിട്ടുണ്ട്. അവരോടൊന്നും കാണാത്ത അമര്‍ഷമാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ പ്രമുഖ സിനിമാ താരത്തോട് കാണിക്കുന്നത്. മഞ്ജുവിനെ വിമര്‍ശിക്കാം, പരിഹസിക്കാം പക്ഷെ അതിന് ഉപയോഗിച്ച ഭാഷ മലയാളികള്‍ക്ക്, നമ്മുടെ സംസ്‌ക്കാരത്തിന് യോജിച്ചതായോ എന്ന് പ്രതിഷേധക്കുറിപ്പ് ഇട്ടവര്‍ നെഞ്ചത്ത് കൈവച്ച് ചോദിക്കണം. എത്രമാത്രം ജുഗുപ്‌സാപരമായ പരാമശങ്ങളാണ്, ആക്ഷേപങ്ങളാണ് ആ സഹോദരിയുടെ നേരെ ചൊരിഞ്ഞത്.
 മഞ്ജുവില്ലെങ്കില്‍ മതില്‍ പൊളിഞ്ഞു പോകുമെന്നോ മറ്റോ ഈ സൈബര്‍ സഖാക്കള്‍ കരുതുന്നുണ്ടോ?  അതല്ലങ്കില്‍ ഈ ചരിത്ര സൃഷ്ടിയുടെ പ്രചരണത്തിനുള്ള അമ്പാസിഡറായി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ വല്ല കരാറും ഉണ്ടാക്കിയിരുന്നുവോ?  സര്‍ക്കാരിന്റെ പല പദ്ധതിയുടെയും പ്രചാരക താരമായി രംഗത്ത് തിളങ്ങിയ  ഈ നടി ആ കരാറില്‍ നിന്നും പിന്‍മാറിയിലുള്ള രോഷമാണോ മന്ത്രിമാരായ ജി സുധാകരന്റെയും  എം.എം.മണിയുടേയും  മേഴ്‌സിക്കുട്ടി അമ്മയുടേയുമൊക്കെ  വാക്കുകളില്‍ തെളിഞ്ഞു വരുന്നത്. അതാവാന്‍ വഴിയില്ല. കാരണം മഞ്ജു ഇതിന്നകം പല  സദുദ്ദേശ്യപരമായ, സേവനപരമായ പല പരിപാടികളോടും സഹകരിച്ച പശ്ചാത്തലമുണ്ട്. മഞ്ജു കൂടി മതിലില്‍ വന്നാല്‍ ഈ പരിപാടിക്ക് ഗ്ലാമര്‍ കൂടുമെന്നോ മറ്റോ കരുതിയവരുണ്ടെന്നും അവരുടെ നിരാശയാണ് ഇപ്പോഴത്തെ തരംതാണ പ്രതികരണത്തിലൂടെ പുറത്തുവരുന്നതെന്നും വല്ലവരും കരുതിയാല്‍ തെറ്റു പറഞ്ഞുകൂടാ. അതല്ലങ്കില്‍ ഒടിയന്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ മഞ്ജു മതിലിന് ഒടിവെച്ചുവെന്ന് തോന്നലുമാവാം.

വനിതാമതില്‍ ഗിന്നസ് ബുക്കില്‍ കയറുമെന്നാണ് നമ്മുടെ വണ്‍ടുത്രി മന്ത്രി പറഞ്ഞു കേട്ടത്. മാത്രമല്ല, വനിതാമതിലിന് സമാന്തരമായി പാതയുടെ  മറുവശത്ത് പുരുഷമതിലുണ്ടാവുമെന്നും  വൈദ്യുതി മന്ത്രി പ്രതീക്ഷിക്കുന്നു. അതായത് രണ്ടു മതില്‍!   അത് ശരിയാവാം, വനിതാമതില്‍ കാണാന്‍ പുരുഷന്മാര്‍ സംഘടിച്ചു എത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആ മതിലിന് സര്‍ക്കാര്‍ തലത്തില്‍ ഒറ്റ കാശ് മുടക്കേണ്ടതായും വരില്ല. ഗിന്നസ് ബുക്കില്‍ വനിതാ മതില്‍ മാത്രമല്ല പുരുഷമതിലും കയറിയെന്നിരിക്കും.
മഞ്ജുവിനോട് പകരം വീട്ടാന്‍  ഇനിയൊരു വഴിയുണ്ട്. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് നേരെ കുറച്ചു ദിവസമായി സൈബര്‍ പോരാളികള്‍ ചളിയും കല്ലും എറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.  ഈ പ്രതിഷേധം തന്നോടല്ല മഞ്ജു വാര്യരുടെ നേരെയാണെന്നും അത്‌കൊണ്ട് മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാരമേനോന്‍ പറയുന്നുണ്ട്. പക്ഷെ മഞ്ജു ഇതുവരേ വാ തുറന്നിട്ടില്ല. ഇക്കാര്യത്തില്‍ തനിക്കുള്ള  സങ്കടവും തെല്ലൊരു വിമ്മിഷ്ടും  ചില മാധ്യമങ്ങളിലുടെ മേനോന്‍ പ്രകടമാക്കിയിട്ടുണ്ട്. ഈ അവസരം  മുതലെടുത്ത്  ശ്രീകുമാര്‍ മേനോനെ വിളിച്ച് മതിലിന്റെ മൂലക്കല്ലാക്കരുതോ?  മഞ്ജു മതിലില്‍ കയറാത്തിന്റെ പേരില്‍ മേനോന്‍ വല്ലതും പറഞ്ഞാല്‍ മതിലിന്റെ ഉറപ്പു കൂടും.