• 22 Apr 2019
  • 12: 13 AM
Latest News arrow

തനിക്കെതിരായുളളത് ബാലിശമായ ആരോപണങ്ങള്‍: അലോക് വര്‍മ്മ

നാഗേശ്വര്‍ റാവു താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

ന്യുഡല്‍ഹി: സിബിഐയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ വീണ്ടും മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന്ന് അലോക് വര്‍മ. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം ബാലിശമായ ആരോപണങ്ങള്‍ കാരണമാണ് താന്‍ പുറത്തായതെന്നും അലോക് വര്‍മ ആരോപിച്ചു. സുപ്രീംകോടതി വിധി പ്രകാരം സിബി.ഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉന്നതാധികാര സമിതി അലോക് വര്‍മയെ പുറത്താക്കുകയായിരുന്നു. 

രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണമെന്ന് അലോക് വര്‍മ പ്രതികരിച്ചു.  ബാഹ്യ സമ്മര്‍ദ്ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ സി.ബി.ഐക്ക് ആകണം. സി.ബി.ഐയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സ്ഥാപനത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. 2018 ഒക്ടോബര്‍ 23 ലെ കേന്ദ്ര സര്‍ക്കാര്‍, സി.വി.സി ഉത്തരവുകള്‍ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
തന്നോട് വിദ്വേഷമുള്ള വ്യക്തി ഉന്നയിച്ച ആരോപണം വിശ്വസിച്ച് തന്നെ സ്ഥലം മാറ്റിയത് ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ബി.ഐ ഡയറക്ടര്‍ എന്ന നിലയില്‍ തന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം ഉന്നതാധികാര സമിതിക്കായിരുന്നു. ആവശ്യപ്പെടുകയാണെങ്കില്‍ ഇനിയും സ്ഥാപനത്തിന്റെ  സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ചീഫ് വിജിലന്‍സ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന അഴിമതിയും ഗുരുതര കൃത്യവിലോപവുമടക്കം എട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വര്‍മയെ പുറത്താക്കിയത്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍. 
അതേസമയം സി.ബി.ഐയുടെ താത്കാലിക ഡയറക്ടറായി എം നാഗേശ്വര റാവു ചുമതലയേറ്റു. ഡയറക്ടര്‍ സ്ഥാനത്ത്  പുതിയ ആള്‍ നിയമിതനാകുന്നത് വരെ നാഗേശ്വര റാവു തുടരും. വ്യാഴാഴ്ച രാത്രി തന്നെ റാവു ചുമതലയേറ്റതായി സി.ബി. ഐ വൃത്തങ്ങള്‍ അറിയിച്ചു.