• 07 Dec 2021
  • 03: 26 AM
Latest News arrow

അമൂല്യമായ കയ്യെഴുത്തു പ്രതികളുടെ പ്രദര്‍ശനം അബുദാബിയില്‍

അബുദാബി : പതിനാലാം നൂറ്റാണ്ടിലെ ബൈബിളും പതിനൊന്നാം നൂറ്റാണ്ടിലെ സ്വര്‍ണ ഖുറാനുമടക്കം പൗരാണിക ഗ്രന്ഥങ്ങളുടെ അമൂല്യ ശേഖരവുമായി കയ്യെഴുത്തു പ്രതികളുടെ പ്രദര്‍ശനം. അബുദാബി മനാറത് അല്‍ സാദിയാത്തിലാണ് പ്രദർശനം നടക്കുന്നത്.

മാര്‍ട്ടിന്‍ ലൂതര്‍ ബൈബിള്‍ പരിഭാഷപ്പെടുത്തുന്നതിനും  150 വര്‍ഷം മുമ്പ്  ഇറങ്ങിയ  ജര്‍മന്‍ ഭാഷയിലുളള  കൃതിയാണ് പ്രദര്‍ശനത്തിനുള്ളവയിലൊന്ന്. 101 പേജുളള വെന്‍സസ് ലാസ് ബൈബിളിന്റെ ലക്ഷ്വറി എഡിഷനില്‍ പത്തുകോപ്പികള്‍ മാത്രമാണ് ലോകത്ത് നിലവിലുളളതെന്ന് ജര്‍മനിയിലെ അഡേവ അക്കാദമിക് മാനേജിങ് ഡയറക്ടര്‍ ഡി പോള്‍ സ്ട്രസ്ല്‍ പറഞ്ഞു. കട്ടികൂടിയ മില്‍റ്റ് പേപ്പറില്‍ അച്ചടിയെ വെല്ലും വിധം കൈകൊണ്ട് തയ്യാറാക്കിയ ബൈബിളിന് ഒരു ലക്ഷം യൂറോയാണ് വില. പ്രകൃതിദത്ത നിറങ്ങള്‍ കൊണ്ട് വരച്ച ചിത്രങ്ങളും ബൈബിളിനെ മനോഹരമാക്കുന്നു. വെന്‍സെസ്‌ലാസ് രാജാവിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ കയ്യെഴുത്ത് പ്രതിയില്‍ എഴുതിയ ആര്‍ട്ടിസ്റ്റിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല. 530 ഗുണം 265 മില്ലിമീറ്റര്‍ വലുപ്പത്തിലാണ് ബൈബിള്‍ തയ്യാറാക്കിയത്.

24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ഖുറാനാണ് മറ്റൊരു വിസ്മയം. പതിനൊന്നാം നൂറ്റാണ്ടില്‍ ഇറാഖിലോ ഇറാനിലോ തയ്യാറാക്കിയതെന്ന് കരുതപ്പെടുന്ന ഖുറാന്റെ പത്തു പ്രതികളാണ് ലോകത്തുള്ളത്. കൂഫി ശൈലിയിലാണ് ഖുറാന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നത്. 26 സെന്റിമീറ്റര്‍ നീളത്തിലും 18 സെന്റിമീറ്റര്‍ വീതിയിലും 183 പേജുകളിലായി തയ്യാറാക്കിയിരിക്കുന്ന ഈ ഖുറാന്റെ കട്ടിയുളള തുകല്‍ കൊണ്ടുളള പുറംചട്ടയും കാലത്തെ അതിജീവിക്കുന്നതാണ്. അഞ്ചു ലക്ഷം ദിര്‍ഹമാണ് വലിയ ഖുറാന്‍ പ്രതിക്ക്. ചെറിയ സ്വര്‍ണ ഖുറാന് 4000 യൂറോയും. ഒന്‍പതാം നൂറ്റാണ്ടില്‍ കുഫി ശൈലിയില്‍ എഴുതിയ ഖുറാന്റെ അഞ്ചാം അധ്യായത്തിലെ 14 വരികളുളള ഒരു പേജും പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 30,000 പൗണ്ടാണ് വില. 

ലോകത്ത് പഴക്കമേറിയതും അമൂല്യവുമായ താളിയോല ഗ്രന്ഥങ്ങളും വൈദ്യശാസ്ത്ര പുസ്തകങ്ങളും ഭൂപടങ്ങളും നോവലുകളും കവിതകളുമെല്ലാം പ്രദര്‍ശനത്തെ സമ്പന്നമാക്കുന്നു. 1001 രാവുകള്‍, ഒമര്‍ ഖയ്യാമിന്റെ 1859ല്‍ ഇറങ്ങിയ റുബായ്യാത്ത്,വില്യം ഷേക്‌സ്പിയറിന്റെ കോമഡീസ്,ഹിസ്റ്ററീസ് ആന്‍ഡ് ട്രാജഡീസ് രണ്ടാം പതിപ്പ്, ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേല്‍ ഒപ്പുവച്ച സ്വന്തം ഫോട്ടോഗ്രാഫ്, ചിത്രങ്ങളടക്കമുളള ലോകത്തിലെ ആദ്യ ശരീരഘടനശാസ്ത്ര പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി, ലോക മാപ്പ് തുടങ്ങി അപൂര്‍വ്വ പുസ്തകങ്ങളുടെയും ചിത്രങ്ങളുടെയും നീണ്ട നിരയുണ്ട്. വിഖ്യാത ലൈബ്രറികളിലും നാഷണല്‍ ആര്‍ക്കൈവുകളിലും സൂക്ഷിച്ച കയ്യെഴുത്ത് പ്രതികളും അവയുടെ കോപ്പികളും ആദ്യകാല പുസ്തകങ്ങളും കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നു. കൂടാതെ അക്കാലത്ത് എഴുതാനുപയോഗിച്ച കടലാസുകള്‍, എഴുത്താണി, പുസ്തക നിര്‍മാണ രീതികള്‍, പേപ്പറുണ്ടാക്കുന്ന ഘട്ടങ്ങള്‍ എന്നിവയുമുണ്ട്.  

മനാറത് അല്‍ സാദിയാത്തില്‍ 16ന് ആരംഭിച്ച കയ്യെഴുത്ത് പ്രതികളുടെ രാജ്യാന്തര പ്രദര്‍ശനം ഫെബ്രുവരി 15 വരെ നീണ്ടു നില്‍ക്കും.