• 07 Dec 2021
  • 03: 22 AM
Latest News arrow

ജ്ഞാനപീഠജേതാവ് കൃഷ്ണ സോബ്തി വിടവാങ്ങി

ന്യൂഡല്‍ഹി : വിഖ്യാത ഹിന്ദിസാഹിത്യകാരിയും ജ്ഞാനപീഠപുരസ്‌കാര ജേതാവുമായ കൃഷ്ണ സോബ്തി അന്തരിച്ചു. ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു 93 വയസ്സുകാരിയായ കൃഷ്ണ സോബ്തി. 

1925 ഫെബ്രുവരി 18ന് ഗുജറാത്തിലായിരുന്നു സോബ്തി ജനിച്ചത്. ഹിന്ദി, ഉറുദു,പഞ്ചാബി സംസ്‌കാരങ്ങളുടെ വിവിധ ഭാവങ്ങളാണ് സോബ്തിയുടെ സാഹിത്യത്തിന്റെ അന്തര്‍ധാര. വിഭജനകാലത്തിന്റെ ഓര്‍മകളും മാറുന്ന ഇന്ത്യയില്‍ മാനുഷിക ബന്ധങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും കാലത്തിനൊപ്പം ചോരുന്ന മാനുഷിക മൂല്യങ്ങളും ആവിഷ്‌കരിക്കുന്നതാണ്  സോബ്തിയുടെ രചനകള്‍. 1996-ല്‍ സോബ്തി എഴുതിയ 'മിത്രോ മർജനി' എന്ന കൃതി സ്ത്രീകളുടെ വൈവാഹിക ജിവിതത്തിലെ ലൈംഗികതയെ വരച്ചു കാണിക്കുന്നതായിരുന്നു. ഈ കൃതിക്ക് 'കഥാചൂഢാമണി' അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇത് മാത്രമല്ല 1999-ല്‍ 'ലൈഫ്‌ടൈം ലിറ്റററി അചീവ്‌മെന്റ് അവാര്‍ഡ്', 1981-ല്‍ 'ശിരോമണി അവാര്‍ഡ്', 1982-ല്‍ ഹിന്ദി സാഹിത്യ അക്കാദമിയുടെ 'ശാലക അവാര്‍ഡ്' 2008-ല്‍ 'വ്യാസ് സമ്മാൻ' എന്നീ പുരസ്കാരങ്ങളും സോബ്തിയെ തേടിയെത്തി. 

'സൂരജ്‌മുഖി അന്ധേരെ കെ', 'ദാർ സെ ബിചുഡി', 'ഗുജറാത്ത് പാക്കിസ്ഥാന്‍ സേ ഗുജറാത്ത് ഹിന്ദുസ്ഥാന്‍ തക്', 'ദില്‍-ഒ-ദാനിഷ്', 'സിന്ദഗിനാമ' , 'യാരോം കെ യാർ', 'സമയ്‌സർഗം', 'യേ ലഡ്കി', 'നഫീസ', 'സിക്ക ബദൽ ഗയ', 'ബാദലോം കെ ഘേരെ', 'ബച്പൻ' തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1980ല്‍ 'സിന്ദഗിനാമ' എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1996ല്‍ സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും 2017ല്‍ ജ്ഞാനപീഠ പുരസ്‌കാരവും സോബ്തിക്ക് സമ്മാനിച്ചു. ഇത് കൂടാതെ 'മൈഥിലി ശരണ്‍ ഗുപ്ത സമ്മാന്‍' സോബ്തിക്ക് ലഭിച്ചിട്ടുണ്ട്.