• 07 Dec 2021
  • 02: 57 AM
Latest News arrow

വെറും കുട്ടികളല്ല, ഇവര്‍ 'ക്ലാസ്സ്' സാഹിത്യകാരികൾ

കോഴിക്കോട്: ബി.ഇ.എം ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വാര്‍ഷികാഘോഷത്തിന് ഇത്തവണ എവിടെയും കാണാത്ത ഒരു പ്രത്യേകതയുണ്ടായിരുന്നു. കുട്ടികളെഴുതിയ 60 പുസ്തകങ്ങളുടെ പ്രകാശനമായിരുന്നു അത്. ഈ സ്‌കൂളിലെ ആറാംക്‌ളാസ് എ ഡിവിഷനിലെ 60 വിദ്യാര്‍ത്ഥിനികള്‍ എഴുതിയ 60 പുസ്തകങ്ങളാണ് ചടങ്ങിൽ വെളിച്ചം കണ്ടത്. എന്നാൽ എല്ലാ സ്‌കൂളുകളിലും കാണുന്നത്പോലെയുള്ള കയ്യെഴുത്തു മാസികയല്ല ഈ കുട്ടി സാഹിത്യകാരികൾ തയ്യാറാക്കിയത്; മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത മനോഹര പുസ്തകങ്ങളാണ്.

6-എ ക്ലാസ്സിലെ ടീച്ചര്‍ മെര്‍ലിന്‍ ഷര്‍മിളയാണ് തന്റെ ക്ലാസ്സിലെ കുട്ടികളുടെ കവിതകളും കഥകളും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കയ്യെടുത്തത്. കുട്ടികളെഴുതുന്ന രസകരമായ കഥകളും കവിതകളും വായിച്ചപ്പോള്‍ എന്തുകൊണ്ട് ഇത് പുസ്തകമാക്കിക്കൂടാ എന്ന ചിന്തയായിരുന്നു ടീച്ചര്‍ക്ക്. ഈ ആശയത്തിന് അധ്യാപകരും രക്ഷിതാക്കളും പിന്തുണ നല്‍കിയതോടെയാണ്  60 പുസ്തകങ്ങള്‍ ജന്മമെടുത്തത്. . പ്രസാധനം നടത്താനുളള ചെലവ് സ്‌കൂളും പിടിഎയും ചേര്‍ന്ന് സ്വരൂപിച്ചു. ഗുരുവായൂരപ്പന്‍ കോളേജിലെ അധ്യാപിക കൂടിയായ  കവയിത്രി ആര്യാ ഗോപിയാണ് ഓരോ പുസ്തകവും വായിച്ചുനോക്കി അവതാരിക എഴുതിയത്.  

"ഇനി കുട്ടികള്‍ എഴുതണോ എന്ന് ആലോചിക്കില്ല. മറിച്ച്‌ കഥയെഴുതണോ കവിതയെഴുതണോ എന്നായിരിക്കും ചിന്തിക്കുക"യെന്ന് ടീച്ചര്‍ പറയുന്നു. സ്‌കൂളിലെ 54 ക്ലാസ്സ് മുറികളിലും ഈ 60 പുസ്തകങ്ങളുടെയും ഓരോ കോപ്പി വീതം സൂക്ഷിക്കാനും ഇവർക്ക്  പദ്ധതിയുണ്ട്..

 മുഖ്യാതിഥിയായിരുന്ന പ്രശസ്ത നടൻ ജോയ് മാത്യുവാണ് കുട്ടികളുടെ പുസ്തകങ്ങൾ വാർഷികാഘോഷച്ചടങ്ങിൽ പ്രകാശനം ചെയ്തത്. പിടിഎ പ്രസിഡണ്ട് സി. ജയരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.എസ്.ഐ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ.ടി.ഐ ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസിലി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.ഡി.ഇ  ഇ.കെ സുരേഷ്‌കുമാര്‍,ഹെഡ്മാസ്റ്റര്‍ മുരളി ഡെന്നീസ്, പി.ഷാജല്‍, സി.എസ്.ഐ എഡ്യുക്കേഷന്‍ ബോര്‍ഡ് അംഗം റെയ്‌നര്‍ പി.കുനിയത്ത്, എം.പി.ടി.എ പി.എസ്.നിലൗന, പിടിഎ വൈസ് പ്രസിഡണ്ട് കെ.പി പ്രമോദ്, എച്ച്.എസ്.എസ് അധ്യക്ഷ ഹന്നാ മുസ്തഫ, സ്‌കൂള്‍ ലീഡര്‍ കെ.ടി കദീജ ഫിദ എന്നിവര്‍ സംസാരിച്ചു.