• 07 Dec 2021
  • 02: 36 AM
Latest News arrow

തടവറയിലെ ജീവിതത്തിന് ലോകോത്തര പുരസ്‌കാരം

ആറു വര്‍ഷകാലം അഭയാര്‍ത്ഥിയായി തടവറയിലെ ഇരുട്ടില്‍ ഒളിച്ചിരുന്നു എഴുതിയ യുവാവിന്റെ പുസ്തകത്തിന് ലോകോത്തര പുരസ്‌കാരം. പാപ്വന്യൂഗിനി ദീപില്‍ തടവിലടക്കപ്പെട്ട അഭയാര്‍ത്ഥിയായ ബെഹ്‌റൂസ് ബൂചാനി എഴുതിയ പുസ്തകത്തെ തേടിയാണ് ആസ്‌ട്രേലിയയിലെ ഏറ്റവും വിലപ്പിടിപ്പുളള വിക്ടോറിയന്‍ സാഹിത്യ പുരസ്‌കാരം എത്തിയത്. 'നോ ഫ്രണ്ട് ബട്ട് ദ മൗണ്ടൈന്‍സ്;  റൈറ്റിങ് ഫ്രം മാനുസ് പ്രിസണ്‍' എന്ന പുസ്തകത്തിനാണ് അരക്കോടിയുടെ വിക്ടോറിയന്‍ പ്രൈസ് ലഭിച്ചത്. നോവലിതര വിഭാഗത്തിലും മികച്ച കൃതിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ മറ്റൊരു 25,000 ഡോളര്‍ കൂടി ഇദ്ദേഹത്തിന് ലഭിക്കും. തടവറയില്‍ കിടന്ന് എഴുതുന്ന രചനകള്‍ മൊബൈല്‍ ഫോണിലൂടെ ഓരോ അധ്യായങ്ങളായാണ് ബൂചാനി പരിഭാഷകന് അയച്ച് കൊടുത്തിരുന്നത്. 

ഇറാനില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക് അഭയം തേടിയുള്ള യാത്രക്കിടെയാണ് ബൂചാനി തടവിലാക്കപ്പെടുന്നത്. ബൂചാനി ഉള്‍പ്പെടെ ആയിരത്തോളം പേരാണ് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്നത്. ബൂചാനിയുടെ അസാന്നിധ്യത്തില്‍ പരിഭാഷകനായ ഒമിഡ് തോഫിഗനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്നവരുടെ ജീവിതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിയാന്‍ പുരസ്‌കാരത്തിന് കഴിഞ്ഞെങ്കില്‍ അതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷമെന്ന് പുരസ്‌കാരം ലഭിച്ചതിന് ശേഷം വാട്‌സാപ്പ് മെസേജിലൂടെ ബൂചാനി പ്രതികരിച്ചു. ഈ നേട്ടം ആഘോഷിക്കാനുള്ളതല്ല നൂറുക്കണക്കിനു പേര്‍ എനിക്കു ചുറ്റും ദുരിത ജീവിതം നയിക്കുന്നത് ഞാന്‍ കാണുന്നു. ആ നിരപരാധികള്‍ക്ക് മോചനം നല്‍കണം ബൂചാനി കുറിച്ചു.