• 20 Aug 2019
  • 12: 54 PM
Latest News arrow

മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്

മൊണാക്കോ: ലോറസ് സ്പോർട്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരമാണിത്. മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം ഇന്ത്യ നേടി. ജാർഖണ്ഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'യുവ'യാണ് മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരം ഇന്ത്യയ്ക്ക് നേടിത്തന്നത്. 15 വർഷങ്ങൾക്ക് മുന്‍പ് ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകൾ ഈ പുരസ്കാരം പങ്കിട്ടിരുന്നു.  

അമേരിക്കക്കാരായ ഫ്രാൻസ് ഗസ്‌ലറും റോസ് തോംസൺ ഗസ്‌ലറും 2009 -ൽ ജാർഖണ്ഡിൽ സ്ഥാപിച്ച ഗവൺമെന്റിതര സംഘടനയാണ് 'യുവ. ഈ പദ്ധതിയുടെ കീഴിൽ 450 പെൺകുട്ടികളെ കണ്ടെത്തി ഫുട്‌ബോൾ പരിശീലിപ്പിക്കുന്നു. ഈ 450 പെൺകുട്ടികളെ പ്രതിനിധീകരിച്ച് ഹിമ, നിത, രാധ, കൊണിക എന്നിവരാണ് മൊണോക്കോയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ലോറസ് അവാർഡ് ഏറ്റുവാങ്ങിയത്. കായികലോകത്തെ പ്രമുഖരിൽ നിന്നും അഭിനന്ദനങ്ങളും ഈ കുട്ടികൾ ഏറ്റുവാങ്ങി.  

ലോക ടെന്നീസിലെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് ആണ് മികച്ച പുരുഷ താരം. അമേരിക്കയിൽ നിന്നുള്ള ജിംനാസ്റ്റിക് താരം സിമോൺ ബൈൽസ് മികച്ച വനിത താരമായി. 

മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ഗോൾഫ് താരം ടൈഗർ വുഡ്‌സിനാണ്. പരിക്ക് കാരണം ദീർഘനാൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. തിരിച്ചുവരവിനുള്ള താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടും ഇടം പിടിച്ചിരുന്നു.

കരിയറിൽ മികച്ച മുന്നേറ്റം നടത്തിയതിനുള്ളപുരസ്കാരം  ജപ്പാന്‍റെ ടെന്നീസ് താരം നവോമി ഓസാക്കോക്കയ്ക്കാണ് . 2018 ഫുട്ബോൾ ലോകകപ്പ് നേടിയഫ്രാൻസിന്റെ ടീം ആണ്  മികച്ച കായിക ടീം. നീണ്ട കാലം ആഴ്സണലിനെ പരിശീലിപ്പിച്ച ആഴ്സൺ വെങ്ങർക്ക്  ആജീവാനന്ത കായിക താരത്തിനുള്ള പുരസ്കാരം ലഭിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ വോട്ടെടുപ്പിലൂടെയാണ് 12  പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്