• 13 Jul 2020
  • 01: 44 PM
Latest News arrow

കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം

കാസര്‍ക്കോട് ജില്ലയിലെ പേരിയയില്‍ കൊലചെയ്യപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അന്ത്യരംഗങ്ങള്‍ കണ്ട് കൊലപാതകികളുടെ കുടുംബവും കണ്ണീരൊഴുക്കിയിട്ടുണ്ടാവുമെന്ന് തീര്‍ച്ച. കാരണം അവര്‍ക്കും ചോരയും നീരുമുള്ള കുടുംബമുണ്ടാവുമല്ലൊ.

കണ്ണില്‍  ചോരയുള്ളവര്‍ക്ക് , നെഞ്ചില്‍ കടുകോളമെങ്കിലും മനുഷ്യത്വം സൂക്ഷിക്കുന്നവര്‍ക്ക് ഒരു കുടുംബത്തിന്റെ നട്ടെല്ലായ അവിവാഹിതരായ രണ്ട് യുവാക്കളുടെ വെട്ടി നുറുക്കിയ ശരീരം കണ്ട് നാട് മുഴുവന്‍ ഇടനെഞ്ചു പൊട്ടി കരയുന്ന രംഗമാണ് തിങ്കളാഴ്ച നേരം പുലര്‍ന്നത് മുതല്‍ രാത്രി പത്ത് മണി വരേ  കാണാന്‍ കഴിഞ്ഞത്. ബന്ധുക്കളുടെ, അടുപ്പമുള്ളവരുടെ അകാല വേര്‍പാടില്‍ കണ്ണീര്‍ വാര്‍ക്കുന്ന രംഗങ്ങള്‍ മലയാളികള്‍ കാണാതെയല്ല. പക്ഷെ 19കാരനായ കൃപേഷിന്റെ , 26 കാരനായ ശരത്തിന്റെ ചേതനയറ്റ ശരീരം കടന്നു പോയ വഴികളിലും പൊതുദര്‍ശന വേദികളിലും ഒടുവില്‍ അവരുടെ വാസസ്ഥലങ്ങളിലും തടിച്ചുകൂടിയ ആബാല വൃന്ദത്തിന്റെ  മിഴിനീര്‍ പ്രവാഹം ചന്ദ്രഗിരി പുഴയില്‍ വേലിയേറ്റമുണ്ടാക്കിയിട്ടുണ്ടാവണം. 

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖത്തെ ദുഖഭാരവും വിതുമ്പലും, മരണപ്പെട്ടവരുടെ മാതാപിതാക്കളുടെ അലമുറയും കാണുമ്പോള്‍ അറുംകൊലയ്ക്ക് കൊടിവീശിയവരുടെ മനസിലും തെല്ലിട വിമ്മിട്ടമുണ്ടാക്കുമെന്നതില്‍ സംശയമില്ല. കാരണം അവര്‍ക്കുമുണ്ടല്ലോ അമ്മയും അഛനും പെങ്ങന്മാരും.
 ശരത് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്; കലാകാരനാണ്; നാട്ടിലെ ഏത് നല്ലകാര്യങ്ങളോടും സഹകരിക്കുന്ന പൊതു പ്രവര്‍ത്തകനാണ്. കൃപേഷാവട്ടെ പൊളിടെക്‌നിക്ക് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല.  സാമ്പത്തിക പരാധീനത മൂലം പഠനം തുടരാനാവാതെ കുടുംബം പോറ്റാന്‍ പിതാവിനോടൊപ്പം പെയിന്റിംഗ് ജോലി ചെയ്യുന്ന  യുവാവ്. ഇരുവരും അവരവരുടെ കുടംബത്തിലെ ഏക ആണ്‍തരികള്‍. ഇരുവരും യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരായി പോയി എന്നതാണ്  കൊല ആസൂത്രണം ചെയ്ത സിപിഎം. പ്രവര്‍ത്തകന്റെ അതല്ലെങ്കില്‍ പ്രവര്‍ത്തകരുടെ മനസിലെ വിദ്വേഷത്തിന് കാരണം. കൃപേഷിന്റെ പിതാവ് ഒരു സിപിഎം. അനുഭാവിയാണത്രെ. അങ്ങിനെയൊരാളുടെ മകന് ഈ ഗതി വരാമോ എന്ന് സംശയിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം പാര്‍ട്ടിയുടെ ഊര്‍ജ്വസ്വലനായ  പ്രവര്‍ത്തകന്‍ ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്ന് വിപ്‌ളവം നടത്തിയതിന്റെ ഓര്‍മ്മകള്‍ നാടിന്റെ മനസില്‍ നിന്നും മാഞ്ഞുപോയിട്ടില്ലല്ലോ.

 കൃപേഷിന്റെ വീടിന്റെ ചിത്രം ചാനലുകളിലും പത്രങ്ങളിലും കണ്ടവരുടെ മനസ് നുറുങ്ങിക്കാണണം. ഒരു പശുതൊഴുത്തിന്റെ വലുപ്പമുള്ള ഒരു ഓല ഷെഡ്ഡ്. അതിന്നകത്ത് ഒരു മുലയില്‍  കിടപ്പ്. മറുവശത്ത്  അടുപ്പ്. വെറൊരു വശത്ത് വസ്ത്രങ്ങളും അത്യാവശ്യവീട്ടു പകരണങ്ങളും. വേറൊരു മൂലയില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ സഹോദരിയുടെ പഠന മുറി. ചെറിയൊരു കാറ്റടിച്ചാല്‍ പറന്നു പോകാവുന്ന  ഓല ഷെഡ്ഡില്‍  കുടുംബം ജീവിക്കുന്നത് എന്നെങ്കിലും നല്ലൊരു കിടപ്പാടമുണ്ടാക്കാന്‍ സാധിക്കുമെന്ന്  പ്രത്യാശിക്കുന്ന കൃപേഷന്റെ സ്വപ്‌നം പൂവണിയുന്ന  ദിവസവും  പ്രതീക്ഷിച്ചാണ്. എല്ലാം തകര്‍ന്ന ആ കുടംബത്തിന്റെ ഇടനെഞ്ചു പൊട്ടിയ കരച്ചിലില്‍ അദ്ധ്വാനിക്കുന്നവരുടെ പാര്‍ട്ടിയുടെ,  കേരളീയരുടെ രക്ഷയ്ക്ക് ആഘോഷയാത്ര നടത്തുന്ന പാര്‍ട്ടിയുടെ ചെകിട്ടില്‍  ഇരമ്പിയെങ്കില്‍ അതാവും ഭാവിയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ശമനത്തിനുള്ള  ഉള്‍വിളി.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് ഈ അറുംകൊലയ്ക്ക് പിന്നിലെന്ന് അരിയാഹാരം കഴിക്കുന്നവരൊക്കെ കരുതുന്നുണ്ട്. പാര്‍ട്ടി ഇത്തരം ക്രൂരമായ നരഹത്യയെ അനുകൂലിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആഭ്യന്തര വകുപ്പിന്റെ ചുമതലവഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തെ ഇവർ അപലപിക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ അവര്‍ മേലില്‍ സംഘടനയിലുണ്ടാവില്ലെന്നും ആരായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പിണറായിയും പറഞ്ഞിട്ടുണ്ട്. ഇവരുടെ പ്രതികരണത്തില്‍ നിന്നും തന്നെ പാര്‍ട്ടിക്ക് ഈ സംഭവത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് വ്യക്തം. കാരണം ഇതിന് മുമ്പ്  പാര്‍ട്ടിയില്‍ ആരോപിക്കപ്പെടുന്ന കൊലപാതകങ്ങളിലൊന്നും ഇത്തരമൊരു പ്രതികരണം കണ്ടിട്ടില്ല. ഇപ്പോഴത്തേത് ആത്മാര്‍ത്ഥമെങ്കില്‍ തീര്‍ച്ചയായും ശുഭസൂചനയായി കരുതണം.

 പേരിയയിലെ  ഇരട്ട കൊലപാതകങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക് വിരാമമിടാനുള്ള ഒരാത്മ പരിശോധനയ്ക്ക്  അവസരമാവട്ടെ എന്ന് മനുഷ്യത്വം മരവിട്ടിട്ടില്ലാത്ത മനസുകള്‍ക്ക് പ്രാര്‍ത്ഥിക്കാം. പ്രതിഷേധത്തിന്റെ പേരില്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച്   ജനജീവിതം സ്തഭിപ്പിച്ച് ശ്വാസം മുട്ടിക്കുന്നവരിലും മനസ്താപത്തിന്റെ പിണരുകള്‍ തെളിയട്ടെയെന്ന്  നേര്‍ച്ചയിടാം. നമുക്ക് ജീവനെടുക്കാനേ ആവൂ, ജീവന്‍ നല്‍കാന്‍ ആവില്ലെന്ന തിരിച്ചറിവ് രാഷ്ട്രീയ  കൊലപാതകങ്ങളുടെ ആസൂത്രകര്‍ക്ക് ഉണ്ടാവട്ടെ, 

Editors Choice