• 30 Mar 2023
  • 07: 47 AM
Latest News arrow

ലൈംഗികബന്ധം വേണമെന്ന് രഹസ്യമായി പങ്കാളിയെ അറിയിക്കാന്‍ 'ലൗ സിങ്ക്' ബട്ടണ്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ ആമസോണ്‍ അവതരിപ്പിച്ച വിദ്യയാണ് ഡാഷ് ബട്ടണുകള്‍. വീട്ടിലേക്ക് ആവശ്യമുളള സാധനങ്ങള്‍ക്ക് വേണ്ടി കമ്പനി ഇത്തരം ബട്ടണുകള്‍ അവതരിപ്പിക്കാറുണ്ട്. നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡിനുളള ബട്ടണ്‍ ആമസോണ്‍ ഫ്രീ ആയി നല്‍കും. സൈറ്റിലോ ആപ്പിലോ പോയി ഓര്‍ഡര്‍ ചെയ്യേണ്ട. ഇത്തരം നൂറോളം ബട്ടണുകളാണ് കമ്പനി ഇറക്കിയിരിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ഇതിന്റെ പ്രവര്‍ത്തനരീതി മനസ്സിലാക്കി ഒരാളുടെ മനസ്സിലുദിച്ചതാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ ലൈംഗികബന്ധം വേണമെന്ന് പങ്കാളിയെ അറിയിക്കാനുളള  ബട്ടണ്‍ എന്ന ആശയം. 'ലൗസിങ്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ ബട്ടണ്‍ ഒരു പെയര്‍ ആയാണ് ലഭിക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഒന്നു വീതം. നിങ്ങള്‍ക്ക് ലൈംഗികതയാകാമെന്ന് തോന്നുമ്പോള്‍ ഇതില്‍ അമര്‍ത്താം. പതിനഞ്ച് മിനുട്ടിനുള്ളില്‍ പാര്‍ട്ണറും ബട്ടണില്‍ അമര്‍ത്തുന്നുണ്ടെങ്കില്‍ ഇരു ബട്ടണുകളിലും പച്ച ലൈറ്റ് കത്തുകയും അഭിപ്രായ ഐക്യത്തില്‍ എത്തിച്ചേര്‍ന്നതായി മനസ്സിലാക്കാനും സാധിക്കും. ഇതിപ്പോഴും ഒരു ആശയം മാത്രമാണ്. കിക്സ്റ്റാര്‍ട്ടറിലൂടെ പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഒരു ആപ്പിള്‍ ഉപകരണത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിര്‍മ്മാണത്തികവ് 'ലൗസിങ്കി'ന് ഉണ്ടാകുമെന്നാണ് പറയുന്നത്. സ്റ്റീല്‍ നിര്‍മിതിയും കപ്പാസിറ്റീവ് ടച്ച് സെന്‍സറും ഇണക്കിയിരിക്കും. ക്ലിക് ശബ്ദമൊന്നും കേള്‍പ്പിക്കില്ല.  സെന്‍സിറ്റീവായ പ്രതലത്തിന്റെ വിസ്തൃതി ആവശ്യത്തിനുണ്ട്. നിങ്ങള്‍ താത്പര്യമെടുത്ത് ചെല്ലുമ്പോള്‍  ഓടിച്ചുവിട്ടാല്‍ ഉണ്ടാകാവുന്ന മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്നാണ് ആപ്പ് നിര്‍മാതാക്കള്‍ പറയുന്നത്. ഇനി നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ ബട്ടണ്‍ അമര്‍ത്താം. വാചകങ്ങള്‍ വേണ്ട ഒരു ശബ്ദവും പുറപ്പെടുവിക്കില്ല തുടങ്ങിയ കാര്യങ്ങളാണ് നിര്‍മ്മാതാക്കള്‍ 'ലൗസിങ്കി'ന്റെ ഗുണങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയ അത്ര സ്‌നേഹത്തോടെയല്ല ഇതിനെ സ്വീകരിച്ചത്. 

51 ഡോളറാണ് ഇതിനിട്ടിരിക്കുന്ന വില. 'ലൗസിങ്ക്' വിപണിയില്‍ എത്തിക്കുന്നത് ക്ലീവ്‌ലന്‍ഡില്‍ നിന്നുളള റയന്‍ ജെന്‍ ദമ്പതികളാണ്. പതിനഞ്ചു വര്‍ഷം മുമ്പ് വിവാഹിതരായ തങ്ങള്‍ക്ക് റൊമാന്‍സിലുളള താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറയുന്നു. കാലാകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ 'ലൗസിങ്കി'ന് കഴിയുമെന്നാണ് അവര്‍ പറയുന്നത്. ഇതൊരു മണ്ടന്‍ ആശയമാണെന്നും അല്ല ഉപകാരപ്രദമായിരിക്കുന്നുവെന്നും വാദിക്കുന്നവരുണ്ട്. അവര്‍ 7500 ഡോളര്‍ കിക്‌സ്റ്റാര്‍ട്ടറില്‍ നിന്ന് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മാര്‍ച്ച് വരെ ഈ പ്രൊജക്ടിന് പണം നല്‍കാം. പണം ലഭിച്ചാല്‍ ഓഗസ്റ്റില്‍ ആവശ്യപ്പെട്ടവര്‍ക്ക് ഇത് ലഭിക്കും. ഇതുവരെ 4000 ഡോളര്‍ ലഭിച്ചിട്ടുണ്ട്.