• 07 Dec 2021
  • 02: 50 AM
Latest News arrow

നാടന്‍പദങ്ങള്‍ എഴുത്തുകാരുടെ ഫാഷനായി മാറിയെന്ന് സി.വി ബാലകൃഷ്ണൻ

കരിവെള്ളൂര്‍: വർത്തമാനകാലത്തെ എഴുത്തുകാരുടെ ഫാഷനായി 'കൊഞ്ഞാറ്', 'കുളുത്ത്' തുടങ്ങിയ നാടന്‍പദപ്രയോഗങ്ങൾ മാറിയെന്ന് സാഹിത്യകാരൻ സി.വി.ബാലകൃഷ്ണന്‍. ഇത്തരം നാടൻപദങ്ങൾ നിത്യജീവിതത്തില്‍ ഉപയോഗിക്കാതിരിക്കുകയും രചനകളില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നത്  ആശാസ്യമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി കരിവെള്ളൂരിൽ നടത്തിയ യുവകഥാകാരന്മാരുടെ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു സി.വി.ബാലകൃഷ്ണൻ.

"രചനകളില്‍ കൂടുതല്‍ നാടന്‍ പദങ്ങള്‍ ഉപയോഗിക്കുന്നത് ആശാസ്യമല്ല. ലോകത്തിലെ മുഴുവന്‍ ആളുകള്‍ക്കും വായിക്കുന്നതിന് വേണ്ടിയാണ് സാഹിത്യരചനകള്‍ എന്നതിനാല്‍ രചനകളില്‍ നാട്ടുഭാഷ കുറയ്ക്കുന്നതാണ് അഭികാമ്യം".- അദ്ദേഹം പറഞ്ഞു.

മുപ്പതോളം സാഹിത്യകാരന്മാര്‍ മൂന്നുദിവസത്തെ ക്യാമ്പില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ അന്‍പതോളം യുവഎഴുത്തുകാരാണ്  ക്യാമ്പില്‍ പങ്കെടുത്തത്. .