• 31 May 2020
  • 04: 15 PM
Latest News arrow

കേരളത്തിലെ മണ്ഡലങ്ങൾ 2019-ൽ ആരെ തുണയ്ക്കും?

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. സ്ഥാനാർത്ഥികൾ ഗോദയിൽ എത്തിക്കൊണ്ടിരിക്കുന്നു. മാറിമറിഞ്ഞ മുന്നണി ബന്ധങ്ങളും പുതിയ വോട്ടുകളും സമകാലിക രാഷ്ട്രീയ -സാമൂഹിക പ്രശ്നങ്ങളും നൂതന സാങ്കേതികവിദ്യയുപയോഗിച്ചുള്ള പ്രചാരണപ്രവർത്തനങ്ങളും വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നറിയാതെ ചങ്കിടിപ്പോടെയാണ് ഓരോ രാഷ്ട്രീയകക്ഷിയും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

 1. കാസര്‍കോഡ്.  
സി.പി.എം അനുകൂല മണ്ഡലമായാണ് കാസർകോഡ് അറിയപ്പെടുന്നത്. 2004 മുതൽ മൂന്നു തവണയും സി.പി എമ്മിലെ  പി. കരുണാകരനായിരുന്നു കാസർകോഡിനെ പ്രതിനിധീകരിച്ചത്. 2009 ൽ കോൺഗ്രസ്സിലെ ഷാഹിദ കമാലിനെതിരെ 64,427 വോട്ടുകൾ  ആയിരുന്നു പി. കരുണാകരന്റെ ഭൂരിപക്ഷം. എന്നാൽ 2014 ൽ കോൺഗ്രസ്സിലെ ടി.സിദ്ദിഖിനെതിരെ ഭൂരിപക്ഷം 6921 ആയി ചുരുങ്ങി. 2014 ൽ ബി.ജെ.പിയിലെ കെ.സുരേന്ദ്രൻ 1,72,826 വോട്ടുകൾ നേടി. ഇത്തവണ സി.പി എമ്മിലെ തൃക്കരിപ്പൂർ എം.എൽ എ ആയ  കെ.പി സതീഷ് ചന്ദ്രന് മണ്ഡലം ആരും തട്ടിയെടുക്കാതെ നിലനിർത്തുകയെന്ന ചുമതലയാണുള്ളത്. അദ്ദേഹത്തെ നേരിടാൻ ഇത്തവണ കോൺഗ്രസ്സിൽ നിന്നും എത്തിയിരിക്കുന്നത് രാജ്‌മോഹൻ ഉണ്ണിത്താനാണ്.

2. കണ്ണൂര്‍.
2009-ൽ കോൺഗ്രസ്സിലെ കെ. സുധാകരൻ സി.പിഎമ്മിലെ കെ.കെ രാഗേഷിനെ 43,151 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2014-ൽ സി.പി.എമ്മിലെ പി.കെ ശ്രീമതി, സിറ്റിംഗ് എം.പിയായ കെ. സുധാകരനെ 6,566 വോട്ടുകൾക്ക് തോൽപ്പിച്ച് മണ്ഡലം തിരിച്ചു പിടിച്ചു. 2014 ൽ ഈ മണ്ഡലത്തിൽ ബി.ജെ.പിയിലെ പി.സി  മോഹനൻ മാസ്റ്റർ 51,636  വോട്ടുകളാണ് നേടിയത്. ഈ തവണയും സി.പി.എമ്മിൽ നിന്ന് പി.കെ.ശ്രീമതി മത്സരിക്കുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ കെ. സുധാകരനെത്തന്നെയാണ് കോൺഗ്രസ്സ് ഇത്തവണയും നിയോഗിച്ചത്. 

3. വടകര.
2009 ൽ  അന്നത്തെ സിറ്റിംഗ് എം.പി യായിരുന്ന സി.പി എമ്മിലെ പി. സതീദേവിയെ അട്ടിമറിച്ച് 56,186 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇപ്പോഴത്തെ കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ച മണ്ഡലം. തുടർന്ന് 2014 ലും സി.പി എമ്മിലെ എ.എൻ ഷംസീറിനെ തോൽപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ജനപ്രതിനിധിയായി. എന്നാൽ ഭൂരിപക്ഷം 3,306 ലേക്ക് ചുരുങ്ങി. 2014 ൽ ബി.ജെ.പി ഇവിടെ 76,313 വോട്ടുകൾ നേടി. ഈ തവണ കോൺഗ്രസ്സിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കാൻ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെയാണ് സി.പി.എം നിയോഗിച്ചിട്ടുള്ളത്. മണ്ഡലം നിലനിർത്തുകയെന്ന ദൗത്യത്തിനായി  കോൺഗ്രസ്സ് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥിയെയാണ് അല്പം വൈകിയാണെങ്കിലും കടത്തനാടൻ കളരിയിലിറക്കിയത്. കെ. മുരളീധരനാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി.

4.വയനാട്.
2009-ൽ  കോൺഗ്രസ്സിലെ എം.ഐ ഷാനവാസ് 1,53,439 വോട്ടുകൾക്ക് സി.പി ഐയിലെ എം. റഹ്മത്തുല്ലയെ പരാജയപ്പെടുത്തി.   2014ൽ  സി.പി ഐയി ലെ സത്യൻ മൊകേരിക്കെതിരെ വീണ്ടും മത്സരിച്ച് ജയിച്ച എം.ഐ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 ആയി ചുരുങ്ങി. ബി.ജെ.പി ഇവിടെ 80,752 വോട്ടുകൾ നേടി. ഈ തവണ സി.പി ഐയുടെ പി.പി സുനീറിനെയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുള്ളത്. സുനീറിനെ നേരിട്ട് സീറ്റ് നിലനിർത്താനുള്ള ദൗത്യം കോൺഗ്രസ്സിലെ ടി.സിദ്ദിഖിന്.  

5.കോഴിക്കോട്. 
2009-ൽ കോൺഗ്രസ്സിലെ എം.കെ രാഘവൻ സി.പി.എമ്മിലെ പി.എം. മുഹമ്മദ് റിയാസിനോട് പൊരുതി ജയിച്ചത് കേവലം 838 വോട്ടുകൾക്ക്. എന്നാൽ 2014 ൽ എം.കെ രാഘവൻ ഇപ്പോഴത്തെ ഇടതുമുന്നണി കൺവീനറായ എ. വിജയരാഘവനോട് ജയിക്കുമ്പോൾ ഭൂരിപക്ഷം 16,883 വോട്ടുകളായി ഉയർന്നു. 2014 ൽ ഇവിടെ ബി.ജെ.പിയിലെ സി.കെ. പദ്മനാഭൻ 1,15,760 വോട്ടുകൾ നേടി.കോൺഗ്രസ്സിനുവേണ്ടി മൂന്നാമൂഴവുമായി എം.കെ.രാഘവൻ തന്നെ ഇറങ്ങുമ്പോൾ ഈ തവണ സി.പി എമ്മിലെ എം.എൽഎ ആയ എ.പ്രദീപ് കുമാറിനാണ് മണ്ഡലം എൽ.ഡി.എഫിന് അനുകൂലമാക്കാനുള്ള നിയോഗം.   

6. മലപ്പുറം.
 പ്രഖ്യാപിത ലീഗ് കോട്ടയായ മലപ്പുറത്ത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ ഇ അഹമ്മദായിരുന്നു ജനപ്രതിനിധി. 2009 ൽ 1,17,592 വോട്ടുകളുടെ ഭൂരിപക്ഷമാണ് സി.പി.എം സ്ഥാനാർഥിയായ ടി.കെ ഹംസക്കെതിരെ നേടിയതെങ്കിൽ 2014 ൽ സി.പി.എമ്മിലെ പി.കെ സൈനബക്കെതിരെ ആ ഭൂരിപക്ഷം1,94,739 ആയി ഉയർത്താൻ ഇ അഹമ്മദിന് കഴിഞ്ഞു. 2014 ൽ ബി.ജെ.പി ഇവിടെ 75,212 വോട്ടുകൾ നേടി.  2017 ഫെബ്രുവരി 1 ന് ഇ. അഹമ്മദ് അന്തരിച്ചു. തുടർന്ന് ഏപ്രിലിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി 1,71,038 വോട്ടുകൾക്ക് ഇടതുമുന്നണിയുടെ എം.ബി ഫൈസലിനെ തോൽപ്പിച്ചു. അപ്പോൾ ബി.ജെ.പി നേടിയത് 65,662  വോട്ടുകൾ. ഈ തവണയും യു.ഡി.എഫിനുവേണ്ടി പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് കളത്തിൽ. മറുപുറത്ത് പൊരുതിനോക്കാൻ വേണ്ടി സി.പി.എം രംഗത്തിറക്കിയിട്ടുള്ളത് എസ്.എഫ്.ഐ നേതാവായ വി.പി.സാനുവിനെ.   

7.പൊന്നാനി.
പൊന്നാനിയിൽ 2009 -ൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ ഈ.ടി മുഹമ്മദ് ബഷീർ ഇടത് സ്വതന്ത്രനായ ഹുസൈൻ രണ്ടത്താണിയെ 82,684 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. എന്നാൽ 2014 ലും ഇ.ടി മുഹമ്മദ് ബഷീർ തന്നെ വിജയിച്ചെങ്കിലും ഇടതു സ്വതന്ത്രനായ വി. അബ്ദുറഹിമാനോട് ഭൂരിപക്ഷം 25,410  ആയി കുറഞ്ഞു. 2014 ൽ ഇവിടെ ബി.ജെ.പി 75,212 വോട്ടുകൾ നേടി. ഇത്തവണയും  ഈ.ടി മുഹമ്മദ് ബഷീർ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി. എന്നാൽ സിറ്റിംഗ് എം.എൽ എ ആയ പി.വി. അൻവറിനെയാണ് ഇടതുസ്വതന്ത്രനായി സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്. 

8.പാലക്കാട്.
കഴിഞ്ഞ ആറുതവണയും സി.പി.എമ്മിനോടൊപ്പമായിരുന്ന മണ്ഡലത്തിൽ 2009 ൽ 1820 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ എം.ബി രാജേഷ്, കോൺഗ്രസ്സിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയത്. എന്നാൽ 2014-ൽ ഇപ്പോൾ എൽ.ഡി എഫിനോടൊപ്പമുള്ള എം.പി വീരേന്ദ്രകുമാർ ആയിരുന്നു രാജേഷിന്റെ എതിരാളി. ഭൂരിപക്ഷം 1,05,300 ആയി വർദ്ധിപ്പിക്കാൻ രാജേഷിനു കഴിഞ്ഞു. 2014 ൽ ഇവിടെ ബി.ജെ.പി യിലെ ശോഭ സുരേന്ദ്രൻ 1,36,587 വോട്ടുകൾ നേടി. എം.ബി രാജേഷിന് മൂന്നാമൂഴം നൽകുകയാണ് ഇത്തവണ സി.പി.എം. എം.പി വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാർട്ടിയും ഇപ്പോൾ എൽ.ഡി.എഫിന്റെ ഭാഗമായ സ്ഥിതിയ്ക്ക്  ഈ മണ്ഡലത്തിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം. വി.കെ ശ്രീകണ്ഠനെയാണ് കോൺഗ്രസ്സ് രംഗത്ത് ഇറക്കിയിട്ടുള്ളത്.

9. ആലത്തൂര്‍.
സംവരണ മണ്ഡലമായ ആലത്തൂരിൽ 2009ലും 2014 ലും സി.പി.എമ്മിലെ പി.കെ ബിജു തന്നെയാണ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009 ൽ കോൺഗ്രസ്സിലെ എൻ.കെ സുധീറിനെ 20,960 വോട്ടുകൾക്കും 2014 ൽ കോൺഗ്രസ്സിലെ കെ.എ ഷീബയെ 37,312  വോട്ടുകൾക്കുമാണ് ബിജു പരാജയപ്പെടുത്തിയത്. 2014 ൽ ഇവിടെ ബി.ജെ.പി 87,803 വോട്ടുകൾ നേടി. മണ്ഡലം നിലനിർത്താൻ ഇത്തവണയും പി.കെ.ബിജുവിനെത്തന്നെ സി.പി.എം ഏൽപ്പിച്ചിരിക്കുന്നു. എന്നാൽ ബിജുവിനെ നേരിടാൻ കോൺഗ്രസ്സിൽ നിന്നും രമ്യ ഹരിദാസ് എന്ന വനിതയാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയായി എത്തിയിരിക്കുന്നത്. 

10.തൃശൂർ. 
2009-ൽ കോൺഗ്രസ്സിലെ പി.സി. ചാക്കോ സി.പി ഐയിലെ സി.എൻ ജയദേവനെ 25,151 വോട്ടുകൾക്ക് തോൽപ്പിച്ചു. എന്നാൽ  2014-ൽ സി.എൻ ജയദേവൻ 38,227 വോട്ടുകൾക്ക് കോൺഗ്രസ്സിലെ കെ പി ധനപാലനെ  പരാജയപ്പെടുത്തി. 2014 ൽ ബി.ജെ.പിയിലെ കെ.പി ശ്രീശൻ 1,02,681 വോട്ടുകൾ നേടി. ഇത്തവണ സി.പി ഐയി ലെ രാജാജി മാത്യു തോമസാണ് ഇടതുമുന്നണി സ്ഥാനാർഥി. ടി.എൻ പ്രതാപനാണ് ഇവിടെ കോൺഗ്രസ്സ് സ്ഥാനാർത്ഥി. 
 
 11.ചാലക്കുടി.
2009-ൽ കോൺഗ്രസ്സിലെ കെ.പി ധനപാലൻ 71,679 വോട്ടുകൾക്ക് സിപി എമ്മിലെ യു.പി ജോസഫിനെ തോൽപ്പിച്ച മണ്ഡലത്തിൽ 2014-ൽ നടൻ ഇന്നസെന്റിനെ ഇടതു സ്വതന്ത്രനായി സി.പി. എം രംഗത്തിറക്കി മണ്ഡലം പിടിക്കുകയായിരുന്നു. കോൺഗ്രസ്സിലെ പ്രമുഖ നേതാവായ പി.സി ചാക്കോയെ 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്നസെന്റ് പരാജയപ്പെടുത്തിയത്. 2014 ൽ ഇവിടെ ബി.ജെ.പിയിലെ ബി. ഗോപാലകൃഷ്‌ണൻ 92,848 വോട്ടുകൾ നേടി. ഇത്തവണയും ഇന്നസെന്റിനെ തന്നെ പരീക്ഷിക്കുകയാണ് സി.പി.എം. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നുവെങ്കിൽ ഇത്തവണ പാർട്ടിചിഹ്നത്തിൽ തന്നെയാണ് ഇന്നസെന്റിനെ മത്സരിപ്പിക്കുന്നത്.യു.ഡി.എഫ് കൺവീനർ ആയ ബെന്നി ബെഹനാനെയാണ് ഇന്നസെന്റിനോട് ഏറ്റുമുട്ടാൻ കോൺഗ്രസ്സ് രംഗത്തിറക്കിയത്.

12 .എറണാകുളം.
2009 -ൽ സി.പി എമ്മിലെ സിന്ധു ജോയിയെ 11,790 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസ്സിലെ പ്രൊഫ.കെ.വി തോമസ് സെബാസ്റ്റ്യൻ പോളിൽ നിന്നും മണ്ഡലം തിരിച്ചു പിടിച്ചത്. 2014 ൽ ആ ഭൂരിപക്ഷം 87,047 ആക്കി ഉയർത്തി ഇടതു സ്വതന്ത്രനായ ക്രിസ്റ്റി ഫെർണാണ്ടസിനെ തോൽപ്പിച്ച് കെ.വി തോമസ് മണ്ഡലം നിലനിർത്തി. 2014 ൽ ഇവിടെ ബി.ജെ.പി യിലെ എ.എൻ രാധാകൃഷ്‌ണൻ 99,003 വോട്ടുകൾ നേടി. ഇത്തവണ പി.രാജീവിനെയാണ് സി.പി.എം ഇവിടെ പരീക്ഷിക്കുന്നത്. കെ.വി തോമസിനുപകരം യുവതുർക്കിയായ ഹൈബി ഈഡനെയാണ് ഇത്തവണ കോൺഗ്രസ്സ് രംഗത്തിറക്കിയിരിക്കുന്നത്. 

13. ഇടുക്കി.
2009 -ൽ കോൺഗ്രസ്സിലെ പി.ടി തോമസ്, ഇടതുമുന്നണിയോടൊപ്പമുണ്ടായിരുന്ന കേരളാകോൺഗ്രസ്സിലെ കെ. ഫ്രാൻസിസ് ജോർജിനെ 74,796 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. 2014 ൽ ഇടതുസ്വതന്ത്രനായ ജോയ്‌സ് ജോർജ്ജ് 50,542 വോട്ടുകൾക്ക് കോൺഗ്രസ്സിലെ ഡീൻ കുര്യാക്കോസിനെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു.  2014 ൽ ഇവിടെ ബി.ജെ.പിക്കു 50,438 വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്രനായ ജോയ്‌സ് ജോർജ്ജിനു തന്നെയാണ് ഇത്തവണയും മണ്ഡലം നിലനിർത്താനുള്ള ദൗത്യം ഇടതുമുന്നണി നൽകിയിട്ടുള്ളത്. ഡീൻ കുര്യാക്കോസ് ആണ് ഇവിടെ കോൺഗ്രസ്സ് സ്ഥാനാർത്ഥി .

 14.കോട്ടയം.
2009-ൽ കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിലെ ജോസ്.കെ.മാണി, മുൻപ് തുടർച്ചയായി മൂന്നു തവണ എം.പി യായിരുന്ന സി.പി.എമ്മിലെ സുരേഷ് കുറുപ്പിൽ നിന്നും 71, 570 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തിരിച്ചു പിടിച്ചു. 2014ൽ ജനതാദൾ എസിലെ മാത്യു ടി തോമസിനെ തോൽപ്പിച്ച്, ഭൂരിപക്ഷം 1,20,599 വോട്ടുകളായി  ഉയർത്തി ജോസ്. കെ. മാണി തന്നെ ജനപ്രതിനിധിയായി. 2014 ൽ ബി.ജെ.പി സ്വതന്ത്രൻ 44,357 വോട്ടുകളാണ് ഇവിടെ നേടിയത്. ഇത്തവണ സി.പി.എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ വാസവനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിട്ടുള്ളത്. വാസവൻ നേരിടാൻ കേരളാകോൺഗ്രസ്സിലെ തോമസ് ചാഴിക്കാടനെ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നു. 

15.ആലപ്പുഴ.
പൊതുവെ കോൺഗ്രസിനോട് അനുഭവം പുലർത്തുന്ന ഈ മണ്ഡലത്തിൽ 2004-ൽ വെറും 1009 വോട്ടുകൾക്ക് വി.എം സുധീരനെ അട്ടിമറിച്ച് സി.പി.എമ്മിലെ ഡോ.കെ.എസ് മനോജ് വിജയിച്ചിരുന്നു. എന്നാൽ 2009 ൽ ഡോ.കെ.എസ് മനോജിനെ 57,635 വോട്ടുകൾക്ക് തോൽപ്പിച്ച് കോൺഗ്രസ്സിലെ കെ.സി വേണുഗോപാൽ മണ്ഡലം തിരിച്ചുപിടിച്ചു.  2014ലും കെ.സി വേണുഗോപാൽ മണ്ഡലം നിലനിർത്തി. എന്നാൽ 2014-ൽ  സി.പി.എമ്മിലെ സി.കെ ചന്ദ്രബാബുവിനെ കെ.സി വേണുഗോപാൽ തോൽപ്പിച്ചപ്പോൾ ഭൂരിപക്ഷം19,407 ആയി കുറഞ്ഞിരുന്നു. 2014 ൽ എൻ.ഡി.എ യുടെ സ്വതന്ത്രനായിരുന്ന ആർ.എസ്.പി -ബിയിലെ എ.വി. താമരാക്ഷന് 43,051 വോട്ടുകളാണ് ലഭിച്ചത്. സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ എ ആയ എ.എം ആരിഫ് ആണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി.വേണുഗോപാൽ മാറിനിൽക്കുന്ന ഈ തിരഞ്ഞെടുപ്പിൽ  ഷാനിമോൾ ഉസ്‍മാൻ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നു. 

16.മാവേലിക്കര.
സംവരണ മണ്ഡലമായ മാവേലിക്കരയെ 2009 ലും 20014 ലും കോൺഗ്രസ്സിലെ കൊടിക്കുന്നിൽ സുരേഷ് ആണ് പ്രതിനിധീകരിക്കുന്നത്. 2009 ൽ സി.പി ഐയി ലെ ആർ എസ് അനിലിനെ 48,048 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ കൊടിക്കുന്നിൽ സുരേഷ് 2014 ൽ 32,737 വോട്ടുകൾക്ക് സി.പി.ഐയിലെ ചെങ്ങറ സുരേന്ദ്രനെ പരാജയപ്പെടുത്തി. 2014 ൽ ഇവിടെ ബി.ജെ.പി 79,74 3 വോട്ടുകൾ നേടി. സി.പി.ഐയിലെ ചിറ്റയം ഗോപകുമാറാണ് ഇത്തവണ ഇവിടെ ഇടതുമുന്നണി സ്ഥാനാർത്ഥി. കൊടിക്കുന്നിൽ സുരേഷ് തന്നെയാണ് ഇത്തവണയും കോൺഗ്രസ്സ് സ്ഥാനാർത്ഥി .

17.പത്തനംതിട്ട.
2009-ൽ സി.പി.എമ്മിലെ കെ. അനന്തഗോപനെ കോൺഗ്രസ്സിലെ ആന്റോ ആൻറണി 1,11,206 വോട്ടുകൾക്ക് തോൽപ്പിച്ച മണ്ഡലം. 2014-ൽ ഇടതു സ്വതത്രനായ ഫിലിപ്പോസ് തോമസ് ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും വീണ്ടും ആന്റോ ആന്റണി തന്നെ ജയിച്ചു. എന്നാൽ ഭൂരിപക്ഷം 56,191 ആയി കുറഞ്ഞു. 2014 ൽഇവിടെ ബി.ജെ.പി യിലെ എം.ടി രമേശും ശക്തമായ സാന്നിദ്ധ്യമായിരുന്നു. 1,38,954 വോട്ടുകൾ രമേശ് നേടി. ഇത്തവണ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ എ ആയ വീണാ ജോർജ്ജ്  ഇടത്‌മുന്നണിയെ പ്രതിനിധീകരിക്കുന്നു. മൂന്നാം അങ്കത്തിനിറങ്ങുന്ന ആന്റോ ആന്റണി യു.ഡി.എഫിനെയും പ്രതിനിധീകരിക്കുന്നു. 

 18.കൊല്ലം.
2009-ൽ സി.പി.എമ്മിലെ പി രാജേന്ദ്രനെ 17,601 വോട്ടുകൾക്ക് കോൺഗ്രസ്സിലെ എൻ. പീതാംബരക്കുറുപ്പ് പരാജയപ്പെടുത്തി. 2014-ൽ സി.പി.എമ്മിന്റെ പ്രമുഖ നേതാവായ എം.എ ബേബിയെ ആർ.എസ്.പി യിലെ എൻ.കെ.പ്രേമചന്ദ്രൻ 37,649 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ഇക്കുറി കെ.എൻ ബാലഗോപാലനുള്ളത്. 2014 ൽ ഇവിടെ ബി.ജെ.പി ക്കു 58,671 വോട്ടുകളാണ് ലഭിച്ചത്. എൻ.കെ പ്രേമചന്ദ്രൻ തന്നെയാണ് ഇത്തവണയും ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി .

19.ആറ്റിങ്ങല്‍.
2009-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ പ്രൊഫ. ജി. ബാലചന്ദ്രനെ 18,901 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ എ.സമ്പത്ത് 2014 ലെ തെരഞ്ഞെടുപ്പായപ്പോഴേക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തന്നെ  അഡ്വ. ബിന്ദു കൃഷ്ണയെ തോൽപ്പിച്ചത് ഭൂരിപക്ഷം 69,378 വോട്ടുകളായി ഉയർത്തിയാണ്. ബി.ജെ.പി യ്ക്ക് കഴിഞ്ഞ തവണ 90,528 വോട്ടുകളാണ് ലഭിച്ചത്. പുതിയ വോട്ടർമാർ പ്രധാന ഘടകമാണെങ്കിലും മണ്ഡലം നിലനിർത്തുമെന്ന ആത്മവിശ്വാസത്തോടെയാണ് എ സമ്പത്ത് മൂന്നാം വട്ടവും ഇടതുമുന്നണിക്കുവേണ്ടി ജനവിധി തേടുന്നത്. അടൂർ പ്രകാശ് ആണ് കോൺഗ്രസ്സിനുവേണ്ടി മണ്ഡലം പിടിക്കാൻ ഇറങ്ങുന്നത്. 
 
20.തിരുവനന്തപുരം. 
2009 ലും 2014 ലും  കോൺഗ്രസ്സിലെ ശശി തരൂർ വിജയിച്ച മണ്ഡലം. 2009-ൽ സി.പി ഐ യിലെ പി രാമചന്ദ്രൻ നായരെ ശശി തരൂർ തോൽപ്പിച്ചത് 99,998 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. എന്നാൽ 2014 ൽ ചിത്രം മാറി. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ ഇടതുപക്ഷ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയിലെ ഓ. രാജഗോപാൽ എത്തി. ശശി തരൂരിന്റെ ഭൂരിപക്ഷം 15,470 ആയി കുറഞ്ഞു. ഓ. രാജഗോപാൽ ഇവിടെ 2,82,336 വോട്ടുകൾ നേടി. ഇത്തവണയും ശക്തമായ ത്രികോണമത്സരത്തിനാണ് അരങ്ങൊരുങ്ങിയിട്ടുള്ളത്. സിറ്റിംഗ് എം.പി ശശി തരൂർ മൂന്നാമൂഴം ലക്‌ഷ്യം വെക്കുമ്പോൾ ബി.ജെ.പി, മിസോറാം ഗവർണ്ണർ ആയിരുന്ന കുമ്മനം രാജശേഖരനെ സ്ഥാനം രാജി വെപ്പിച്ച്  കൊണ്ടുവന്ന് മത്സരിപ്പിക്കുകയാണ്. ഒപ്പം കഴിഞ്ഞ തവണത്തെ ഇടത് സ്ഥാനാർത്ഥിയെച്ചൊല്ലി പാർട്ടിനടപടി നേരിട്ട സി.പി.ഐയിലെ സി. ദിവാകരനും ഇടതുമുന്നണിക്കുവേണ്ടി ഇറങ്ങുന്നു. 

Editors Choice