• 19 Sep 2020
  • 06: 55 PM
Latest News arrow

"സ്‌നേഹമില്ലായ്മയാണ് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ദാരിദ്ര്യം"

മാതാ അമൃതാനന്ദമയി

സ്‌നേഹമില്ലായ്മയാണ് ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ദാരിദ്ര്യമെന്ന് മാതാ അമൃതാനന്ദമയി. പരസ്പരം സ്‌നേഹിച്ചു വളരാനുളള അന്തരീക്ഷം ഇന്ന് പല വീടുകളിലും നഷ്ടമായതാണ് ഇതിന് കാരണമെന്ന്  അമ്മ മാതൃവാണിയിലൂടെ നല്‍കിയ സന്ദേശത്തില്‍ പറയുന്നു
 അച്ഛനമ്മമാരുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടാണ് കുഞ്ഞുങ്ങള്‍ സ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍  ഉള്‍ക്കൊള്ളേണ്ടത്. എന്നാല്‍ ഇന്ന് പല കുടുംബങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ സ്‌നേഹവിശ്വാസങ്ങളില്ലാതെ പരസ്പരം മത്സരിച്ച് ജീവിക്കുന്നതായാണ് കാണുന്നത്.  അമ്മ ഒരു കഥ പറയുന്നു- അതിങ്ങിനെ:
 ഒരു വീട്ടില്‍ ഒരാള്‍ക്ക്  ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഒരു ദൂരയാത്ര പോകണം. പിറ്റേന്ന് കാലത്ത് അഞ്ചു മണിക്ക് ഉണരണം. എങ്കിലേ ഒമ്പത് മണിക്കുള്ള വിമാനത്തില്‍ പോകാനാവൂ. ഓഫീസില്‍ നിന്നും വളരെ വൈകി വീട്ടിലെത്തിയപ്പോള്‍ ക്ഷീണം കാരണം നേരത്തെ ഉറങ്ങാന്‍ തീരുമാനിച്ചു. അതിരാവിലെ വിളിച്ചുണര്‍ത്താന്‍ ഭാര്യയോട് പറയണമെന്നുണ്ട്. പക്ഷെ കുറച്ചു നാളായി പിണക്കം കാരണം ഭാര്യയോട് മിണ്ടാറില്ല. അതുകൊണ്ട്  ' എന്നെ  നാളെ പുലര്‍ച്ചെ അഞ്ചു  മണിക്ക് വിളിച്ചുണര്‍ത്തണം'  എന്നൊരു കുറിപ്പ് എഴുതി ജോലിക്കാരി മുഖേന ഭാര്യയ്ക്ക് കൊടുത്തയച്ചു. ഉറങ്ങാന്‍ കിടന്ന ഇയാള്‍ പിറ്റെ ദിവസം എഴുന്നേറ്റപ്പോള്‍ നേരം ഒമ്പത് മണിയായി. യാത്രമുടങ്ങി. ദേഷ്യവും നിരാശയും മൂലം രോഷാകുലനായ ആദ്ദേഹം ഭാര്യയോട് കയര്‍ത്തു.
 നീ എന്താണ് എന്നെ വിളിച്ചുണര്‍ത്താതിരുന്നത്?
കേട്ടപ്പോള്‍ ഭാര്യയ്ക്കും ദേഷ്യംവന്നു. അവള്‍ തിരിച്ചു ചോദിച്ചു. ' എന്നോട് എന്തിനാണ് ദേഷ്യപ്പെടുന്നത്? നീങ്ങള്‍ പറഞ്ഞത് പോലെ ഞാന്‍ ചെയ്തിട്ടുണ്ടല്ലോ. കിടന്ന കട്ടിലിന്റെ തലപ്പത്ത് ചെന്നു നോക്കൂ...'
  കുപിതനായ ഭര്‍ത്താവ് കട്ടിലില്‍ ചെന്നു നോക്കി. ' അഞ്ചു മണിയായി എഴുന്നേല്‍ക്കൂ' എന്ന് എഴുതിയ ഒരു കുറിപ്പ്!
 ഇങ്ങിനെയൊന്ന് എഴുതി വച്ചാല്‍ ഉറങ്ങുന്ന ഒരാള്‍ എങ്ങിനെയാണ് ഉണരുക?  അയാള്‍ ഭാര്യയോട് ചോദിച്ചു
നിങ്ങളും ഇന്നലെ ഒരു കുറിപ്പല്ലേ തന്നുവിട്ടത്, എന്നോട് നേരിട്ടു പറഞ്ഞു കൂടായിരുന്നോ? ഭാര്യയുടെ ചോദ്യത്തിന് മുമ്പില്‍  അയാള്‍ക്ക് ഉത്തരം മുട്ടി.
ഭര്‍ത്താവ് മിണ്ടിയില്ലെങ്കിലും അദ്ദേഹത്തിന് അത്യാവശ്യമായി എവിടെയോ പോകേണ്ടതല്ലേ എന്ന് കരുതി ഭാര്യയ്ക്ക് വിളിച്ചുണര്‍ത്താമായിരുന്നു. അത് ചെയ്തില്ല.
വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് ഭര്‍ത്താവിന് തലേ ദിവസം ഭാര്യയോട്  കാലത്ത് അഞ്ചു മണിക്ക് വിളിച്ചുണര്‍ത്തണേ എന്ന് പറയാമായിരുന്നു. എന്നാല്‍ ഇരുകൂട്ടരും ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറായില്ല.
ഒരു തെറ്റിനെ മറ്റൊരു ശരികൊണ്ട് തിരുത്താനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് അമ്മ ഉപദേശിക്കുന്നു. മറിച്ച് തെറ്റിനെ തെറ്റുകൊണ്ട് നേരിടാന്‍ ശ്രമിച്ചാല്‍ കുടുംബജീവിതം തെറ്റുകളുടെ കൂമ്പാരമായി തീരും അശ്രദ്ധകൊണ്ടും അഹങ്കാരം കൊണ്ടും ഉച്ചരിക്കുന്ന ഒറ്റവാക്ക് മൂലം എത്ര കുടുംബ ബന്ധങ്ങളാണ് ഇന്ന് അകന്നു പോകുന്നത്. ദുര്‍ബ്ബലതകളും തെറ്റുകുറ്റങ്ങളും ഇല്ലാത്തവരായി ഈ ലോകത്തില്‍ ഇന്ന് ആരുമില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള പരിമിതികളും കുറവുകളും നല്ലവണ്ണം മനസിലാക്കണം. അതറിഞ്ഞു അന്യോന്യം സഹിച്ചും ക്ഷമിച്ചും വിട്ടു വീഴ്ചയ്ക്ക് സന്നദ്ധരാവണം. എങ്കില്‍ മാത്രമേ കുടുംബജീവിതം വിജയിക്കുകയുള്ളൂ എന്ന് ഓര്‍ക്കണം
ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യയ്ക്കും തലകുനിക്കാന്‍ തയ്യാറില്ലാത്ത ഒരു കാലമാണിത്. ആ അന്തരീക്ഷത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ മുമ്പിലും തല കുനിക്കാന്‍ തയ്യാറായെന്ന് വരില്ല. അത് കൊണ്ട് പരസ്പരം അറിഞ്ഞു സ്‌നേഹിക്കുവാന്‍ അച്ഛനമ്മാര്‍ തയ്യാറാവണം എങ്കില്‍  അവരുടെ കുഞ്ഞുങ്ങള്‍ക്കും അതൊരു നല്ല മാതൃകയാവുമെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു.