• 22 Apr 2019
  • 12: 26 AM
Latest News arrow

പുതിയ ചിത്രവുമായി ജോഷി; 'പൊറിഞ്ചു മറിയം ജോസി'ൽ ജോജുവും നൈലയും ചെമ്പനും

ഒരിടവേളയ്ക്കുശേഷം മുതിർന്ന സംവിധായകന്‍ ജോഷി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്'. ജോസഫിനു ശേഷം ജോജു ജോര്‍ജ്ജ് നായകവേഷത്തില്‍ അഭിനയിക്കുന്ന ചിത്രവുമാണിത്. നൈല ഉഷയാണ് നായിക കഥാപാത്രം. ജോജു ജോര്‍ജ്ജിനും നൈലയ്ക്കും പുറമെ ചെമ്പന്‍ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍  കാട്ടാളൻ പൊറിഞ്ചുവായി ജോജുവും ആലപ്പാട്ട് മറിയമായി നൈലയും അഭിനയിക്കുന്നു. പുത്തന്‍പളളി ജോസ് എന്ന കഥാപാത്രമായിട്ടാണ് ചെമ്പന്‍ വിനോദ് അഭിനയിക്കുന്നത്.  ഒരു ത്രില്ലർ ചിത്രമാണിതെന്നാണ് റിപ്പോർട്ട്.

സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഡേവിഡ് കാച്ചപ്പിളളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഡേവിഡാണ് സിനിമ നിര്‍മ്മിക്കുന്നത്. അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ രചിച്ചിരിക്കുന്നു.

'ലൈല ഒ ലൈല' എന്ന സിനിമയാണ്  ജോഷി ഒടുവിൽ സംവിധാനം നിർവ്വഹിച്ച് പുറത്തിറങ്ങിയ സിനിമ. 1978-ൽ 'ടൈഗർ സലിം' എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമാലോകത്ത് നിലയുറപ്പിച്ച ജോഷി നാലു പതിറ്റാണ്ടുകൾക്കിടയിൽ 81 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ഉൾപ്പെടുന്നു. ഇവയിൽ പലതും മെഗാഹിറ്റുകളായിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് നടൻമാർ പലരും  ഇന്നത്തെ സൂപ്പർ താരങ്ങളായത്.