• 19 Jul 2019
  • 07: 26 AM
Latest News arrow

വൃക്കകളെ സംരക്ഷിക്കാം; രോഗലക്ഷണങ്ങൾ അറിയാം

മാര്‍ച്ച് 14 ലോക കിഡ്‌നി ദിനം

മാര്‍ച്ച് 14 ലോക കിഡ്‌നി ദിനം. മനുഷ്യശരീരത്തിലെ അതിപ്രധാനമായ ശുദ്ധീകരണ ക്രിയകള്‍ ചെയ്യാനായി ദിവസംതോറും പ്രവര്‍ത്തിക്കുന്ന അവയവമാണ് കിഡ്‌നി അഥവാ വൃക്ക. വിഷവസ്തുക്കളുമായി ഏറ്റുമുട്ടലുകള്‍ നടത്തേണ്ടിവരുന്ന ഈ അരിപ്പക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ള അവയങ്ങളേക്കാള്‍ കൂടുതലാണ്. 

ദിവസംതോറും രണ്ട് ലിറ്റര്‍ ദ്രാവക വസ്തുക്കളും വെള്ളവും ശുദ്ധീകരിക്കാനായി 190 ലിറ്റര്‍ രക്തം കിഡ്‌നിക്ക് ശുദ്ധീകരിക്കേണ്ടിവരുന്നു. പയര്‍ ആകൃതിയിലുള്ള ഈ അവയവം വളരെ പ്രധാനമായ രക്തം ശുദ്ധീകരിക്കുന്നതിനു പുറമെ ശരീരത്തിലെ ജലാംശത്തെ കൃത്യമായ അളവിൽ നിർത്തുകയും രക്തത്തിലെ ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കാനാവശ്യമായ ഹോര്‍മോണുകളുണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കല്‍, ക്രോണിക് കിഡ്‌നി രോഗം, അസിഡോസിസ്, കിഡ്‌നിയിലെ കല്ലുകള്‍, യൂറിനെറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, നെഫ്രോടിക് സിന്‍ഡ്രോം എന്നിവ വിവിധ തരം കിഡ്‌നി രോഗങ്ങളാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ദുരിതം പിടിച്ച രോഗങ്ങളില്‍ 1.5 ശതമാനവും, 2.5 ശതമാനം മരണങ്ങളുടെ കാരണവും കിഡ്‌നി രോഗങ്ങളാണ്. ഇത് 12ാമത്തെ ഏറ്റവും വലിയ മരണകാരണമാണ്. വലിയ ദുരിതം, ഇത്തരം രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ് എന്നതാണ്. രോഗം അതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയില്‍ എത്തിയാല്‍ മാത്രമേ ഇവ രോഗിക്ക് പൂര്‍ണതോതില്‍ മനസ്സിലാകാറുള്ളൂ. അതുകൊണ്ട് കിഡ്‌നി രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതും ഉടൻ വൈദ്യസഹായം തേടേണ്ടതും അത്യാവശ്യമാണ്.

അമേരിക്കന്‍ കിഡ്‌നി ഫണ്ടിന്റെ  മുന്നറിയിപ്പ് പ്രകാരമുള്ള ചില പ്രധാനപ്പെട്ട കിഡ്‌നി രോഗലക്ഷണങ്ങള്‍:

*ചൊറിച്ചില്‍
*മസിലുകളുടെ വലിവ്
*മനംപുരട്ടലും ഛര്‍ദ്ദിയും
*വിശപ്പില്ലായ്മ
*കാല്‍പ്പാദത്തിലും കണങ്കാലിലുമുള്ള തടിപ്പ്
*വളരെക്കൂടുതല്‍ മൂത്രം അല്ലെങ്കില്‍ കുറഞ്ഞ മൂത്രം ഉണ്ടാകുന്നത്.
*ശ്വാസ തടസ്സം
*ഉറക്കമില്ലായ്മ

കിഡ്‌നികളുടെ പ്രവർത്തനം  പെട്ടെന്ന്  നിന്നു പോകുകയാണെങ്കില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കാണാം
*വയറുവേദന
*പുറം വേദന
*വയറിളക്കം
*പനി
*മൂക്കില്‍ നിന്ന് രക്തം വരല്‍
*ഛര്‍ദ്ദി

ഇത്തരം രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാല്‍  പരിശോധനക്ക് വിധേയമാക്കുന്നത് നല്ലതാണ്.