• 13 Jul 2020
  • 12: 58 PM
Latest News arrow

21-ാം നൂറ്റാണ്ട് കൂടുതല്‍ ഭയാനകമെന്ന് കെ. ജയകുമാര്‍; ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി ഏറുന്നു

ഇരുപത്തൊന്നാം നൂറ്റാണ്ട് മുന്‍ കാലങ്ങളേക്കാള്‍ സംഘര്‍ഷഭരിതവും ഭയാനകവുമാവുമെന്ന്  മുന്‍ ചീഫ് സെക്രട്ടറിയും കവിയും സാഹിത്യകാരനുമായ കെ. ജയകുമാര്‍ വിലയിരുത്തുന്നു. ഭാരതവും ഈ ഭീതിയില്‍ നിന്നും ഭീഷണിയില്‍ നിന്നും ഒഴിവല്ലെന്ന് 'മഹാത്മജി 21ാം നൂറ്റാണ്ടില്‍' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള തന്റെ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് അദ്ദേഹം കോഴിക്കോട്ട് ഓര്‍മ്മിപ്പിച്ചു.

 രാജ്യം ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും നമ്മള്‍ ഗാന്ധിജിയെ മറന്നതും ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍നിന്ന് അകന്നതുമാണെന്ന് ജയകുമാര്‍  കരുതുന്നു. സാങ്കേതിക വിദ്യയിലുള്ള കുതിച്ചുചാട്ടം മാത്രമല്ല നാടിന്റെ ഉല്‍ക്കര്‍ഷത്തിന് ആധാരം.
 സമൂഹത്തില്‍ അടിമുടി സ്വാര്‍ത്ഥതയും സാമ്പത്തിക ത്വരയുമാണ്. തനിക്ക് പണം വേണം, അതും തനിക്ക് മാത്രം വേണം ചിന്തയാണ് സര്‍വ്വരിലും. സ്‌നേഹം, ക്ഷമ, കാരുണ്യം, സമസൃഷ്ടി സ്‌നേഹം, പരസ്പരവിശ്വാസം, വിശാല വീക്ഷണം, സാമൂഹ്യ പ്രതിബദ്ധത, പരിസ്ഥിതി പരിപാലനം, പ്രകൃതി  സംരക്ഷണം ഇവയെല്ലാം വാചകങ്ങളില്‍ ഒതുങ്ങിപോയിരിക്കുന്നു.  ഇവയൊക്കെ ഒരു പരിധിവരേയെങ്കിലും തിരിച്ചുകൊണ്ടുവരാന്‍ ഗാന്ധിജിയിലേക്ക് മടങ്ങുകയാണ് അനിവാര്യം.
 വ്യാപകമായ ഹിംസയും ചൂഷണവും അഴിമതിയും തഴച്ചുവളരുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും പരസ്പരവിശ്വാസവും നഷ്ടപ്പെട്ടു. യുദ്ധ കൊതിയാണ് പല രാജ്യങ്ങള്‍ക്കും. അതിന് കാരണക്കാര്‍ ആയുധവ്യാപാരികളും അവരുടെ ഇടനിലക്കാരുമാണ്. യുദ്ധമുണ്ടായാലേ ആയുധങ്ങള്‍ വിറ്റഴിയൂ. വില്‍പ്പന നടന്നാലേ ലാഭമുണ്ടാവൂ എന്ന് ഇവര്‍ക്കറിയാം.
 സ്വയം പര്യാപ്തത, തൊഴിലധിഷ്ടിത വിദ്യാഭ്യാസം, ഉല്‍പ്പാദന ക്ഷമത, കഠിനാദ്ധ്വാനം, ഇവയെല്ലാം ഗാന്ധിജി വിഭാവനം ചെയ്ത സ്വപ്‌നങ്ങളായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസമാവട്ടെ തൊഴില്‍ രഹിതരെ വളര്‍ത്തുന്ന വിദ്യാഭ്യാസമാണ്. ആയിരക്കണക്കിന് എഞ്ചിനീയറിംഗ് ബിരുദദാരികളാണ് രാജ്യത്ത് തൊഴില്‍ രഹിതരായിട്ടുള്ളത്. ഇതര പ്രൊഫഷണല്‍ കോഴ്‌സുകളുടെ സ്ഥിതിയും ഭിന്നമല്ല. സാങ്കേതികവിദ്യയുടെ അവിസ്മരണീയമായ നേട്ടവും സ്വാധീനവും ഉപയോഗപ്പെടുത്തേണ്ട എന്നല്ല. മറിച്ച് അത് മാത്രമാണ് ഭാവിയുടെ ലക്ഷ്യമെന്ന് കണക്ക് കൂട്ടുന്നത് ശരിയല്ല.  രാജ്യത്തെ മനുഷ്യരുടെയും മണ്ണിന്റെയും മനസറിഞ്ഞുവേണം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. ഇവിടെയാണ് ഗാന്ധിയുടെ  കാഴ്ചപ്പാടും നിലപാടുകളും പരിഗണിക്കപ്പെടേണ്ടത്.
 ഗാന്ധിജി ഇല്ലാതായാല്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളും ഇല്ലാതാവുമെന്നാണ് പലരും കരുതിയിരുന്നത്. പക്ഷെ മഹാത്മജി മണ്‍മറഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി ഇന്നും പ്രസക്തമായി വരുന്നുണ്ടെന്ന് ജയകുമാര്‍ ചൂണ്ടിക്കാട്ടി. ആ വസ്തുത ഉള്‍ക്കൊണ്ടാണ് താന്‍ കേരളത്തില്‍ ഗാന്ധിജി 21ാ നൂറ്റാണ്ടില്‍ എന്ന ഒരു പ്രഭാഷണ യജ്ഞത്തിന് മുന്നിട്ടിറങ്ങുന്നതെന്ന് അദ്ദേഹം കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്റില്‍ നടന്ന യോഗത്തില്‍ വിശദീകരിച്ചു.

 

Editors Choice