• 07 Dec 2021
  • 01: 41 AM
Latest News arrow

മനു എസ് പിള്ളയുടെ ' ദി ഐവറി ത്രോണ്‍' ചലച്ചിത്രമാകുന്നു

യുവ ഇംഗ്ലീഷ്-മലയാളം എഴുത്തുകാരൻ മനു എസ് പിള്ളയുടെ 2015-ല്‍ പുറത്തിറങ്ങിയ 'ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍' എന്ന പുസ്തകത്തിന് ചലച്ചിത്രഭാഷ്യം വരുന്നു. റാണി സേതുലക്ഷ്മി ഭായിയുടെ ജീവിതത്തിലൂടെ തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രം പറയുന്ന നോവലാണ് 'ദി ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍'. വാസ്‌കോ ഡ ഗാമ 1498-ല്‍  ഇന്ത്യയില്‍ എത്തുന്ന കാലം മുതലാണ് നോവൽ തുടങ്ങുന്നത്. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് നോവൽ പ്രസിദ്ധീകരിച്ചത്. സേതുലക്ഷ്മി ഭായിയുടെ കഥ പറയുന്ന നോവല്‍ ദൃശ്യാവിഷ്‌കാരമാക്കാനുള്ള അധികാരം 'ബാഹുബലി'യുടെ നിര്‍മ്മാതാക്കളായ 'ആര്‍ക്കോ മീഡിയ' സ്വന്തമാക്കിയെന്നാണ് സൂചന.  

സാഹിത്യഅക്കാദമി  യുവ അവാര്‍ഡ്, ടാറ്റ ലിറ്ററേച്ചര്‍ ലൈവ് ബെസ്റ്റ് ഡെബ്യൂ അവാർഡ്  തുടങ്ങിയവ  ഈ  നോവലിന് ലഭിച്ചിട്ടുണ്ട്. 2018-ൽ 'റബൽ സുൽത്താൻസ്: ദ ഡക്കാൻ ഫ്രം ഖിൽജി ടു ശിവജി' എന്ന നോവലും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ  ലണ്ടൻ കിങ്‌സ് കോളജിൽ ഗവേഷക വിദ്യാർത്ഥിയാണ്  മനു.എസ്.പിള്ള.  ഇദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകം ഈ വർഷം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്.