• 29 Nov 2021
  • 08: 50 PM
Latest News arrow

തിരഞ്ഞെടുപ്പ് കാലത്തെ വായനയ്ക്ക് 'ദി വെര്‍ഡിക്റ്റ്- ഡീകോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ്'

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ശ്രദ്ധേയമാവുകയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകൻ പ്രണോയ് റോയി , ഡൊറാബ് സൊപ്പാരിവാലയുമായി ചേര്‍ന്ന് എഴുതിയ  'ദി വെര്‍ഡിക്റ്റ്- ഡീകോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ്' എന്ന പുസ്തകം.ഒട്ടേറെ പൊതുതിരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്തുള്ള പരിചയമുണ്ട് പ്രണോയ് റോയിയ്ക്ക്. രാജ്യാന്തരപ്രശസ്തി നേടിയ സ്ഥിതിവിവരക്കണക്ക് വിദഗ്ദ്ധനും നിലവില്‍ എന്‍.ഡി.ടി.വി.യുടെ എഡിറ്റോറിയല്‍ അഡൈ്വസറുമാണ് ഡൊറാബ് സൊപ്പാരിവാല.

ചില കയ്‌പേറിയ സത്യങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട്  'ദി വെര്‍ഡിക്റ്റ്- ഡീകോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ്'. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് കോടി ഒരു ലക്ഷം വനിതകള്‍ വോട്ടർ പട്ടികയിലില്ല എന്നതാണ് അതിലൊരു പ്രധാന നിരീക്ഷണം. കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും വോട്ടവകാശം നിഷേധിച്ചാലുള്ള സംഖ്യ വരും ഈ രണ്ട് കോടി ഒരു ലക്ഷം എന്ന് ഉദാഹരണമായി പറയാം. വനിതകളുടെ തിരഞ്ഞെടുപ്പിലെ ഈ ദുർബല പ്രകടനത്തിനുള്ള കാരണം സെന്‍സസ് ചരിത്രത്തിലൂടെ അന്വേഷിക്കുകയാണ് പ്രണോയ് റോയി.

1962-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുരുഷ വോട്ടർമാരേക്കാൾ 15 ശതമാനം പുറകിലുണ്ടായിരുന്ന വനിതാ വോട്ടർമാരുടെ ശതമാനം 2014-ല്‍ 1.5 ശതമാനം മാത്രമായി. 2019-ല്‍ വനിതാ വോട്ടർമാരുടെ എണ്ണം മൊത്തം പുരുഷവോട്ടർമാരെ മറികടക്കാനും സാദ്ധ്യതയുണ്ട്.  എന്നിട്ടും  രാഷ്ട്രം സ്ഥാപിതമായതുമുതല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്ന രാജ്യത്ത് വളരെയധികം വനിതകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും പുറത്തായതിന്റെ കാരണം സാമൂഹികപരമായ പിന്നോക്കാവസ്ഥയാണെന്നും പുസ്തകം പറയുന്നു. വോട്ടർ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തതിന്റെ കാരണം സ്ത്രീകളുടെ വിവാഹപ്രായം പുറത്തറിയുമോയെന്ന ഭയം മുതല്‍ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിലെ എതിര്‍പ്പ് വരെയാണെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും 38,000 സ്ത്രീകള്‍ വീതം വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും പുറത്താകുന്നു. അതേസമയം, ഏകദേശം 38,000 വോട്ടിന്റെ പിന്‍ബലത്തിലാണ് ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടാവുന്നത്.  അതിനാൽ ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും  പ്രണോയ് റോയിയും ഡൊറാബ് സൊപ്പാരിവാലയും 304 പേജുള്ള ഈ പുസ്തകത്തിൽ വിലയിരുത്തുന്നു. 

1952-ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് മുതലുള്ള സ്ഥിതിവിവരക്കണക്കുകള്‍ വിശകലനം ചെയ്തും ഓരോ സംസ്ഥാനത്തുനിന്നുള്ള ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുമാണ്  'ദി വെര്‍ഡിക്റ്റ്- ഡീകോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ്' എന്ന പുസ്തകം എഴുതിയിട്ടുള്ളത്. അതിനാൽ  രാഷ്ട്രീയം ഇഷ്ടപ്പെടുന്നവർക്ക് ഇന്ത്യന്‍ ജനാധിപത്യചരിത്രത്തിന്റെ റഫറന്‍സായിഉപയോഗിക്കാൻ 'ദി വെര്‍ഡിക്റ്റ്- ഡീകോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ്' എന്ന പുസ്തകത്തിന് കഴിഞ്ഞേക്കും.

പെന്‍ഗ്വിന്‍ ബുക്‌സാണ്  'ദി വെര്‍ഡിക്റ്റ്- ഡീകോഡിംഗ് ഇന്ത്യാസ് ഇലക്ഷന്‍സ്' പ്രസിദ്ധീകരിച്ചത്.വില   599 രൂപ.