• 29 Nov 2021
  • 07: 32 PM
Latest News arrow

'ദ ഗ്രേറ്റ് ഡിസപ്പോയിന്റ്മെന്റ്': അഞ്ചു വര്‍ഷത്തെ മോദിണോമിക്‌സിനെ പ്രതിപാദിക്കുന്ന പുസ്തകം

 മോദിഭരണകാലത്ത് രാജ്യത്തെ സാമ്പത്തിക രംഗത്തെ വിശേിപ്പിച്ചിരുന്നത് മോദിണോമിക്‌സ് എന്നാണ്. മോദിണോമിക്സ് രാജ്യത്തെ സാമ്പത്തിക രംഗത്തെ അടിമുടി പരിഷ്കരിച്ചുവെന്നാണ് മോദിയും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും അവകാശപ്പെടുന്നത്. നോട്ട് നിരോധനം മുതല്‍ ജി എസ് ടി വരെയുള്ള പരിഷ്കാരങ്ങളിലും രണ്ടഭിപ്രായം ശക്തമാണ്. മോദിയുടെ സാമ്പത്തിക നയങ്ങളായ മോദിണോമിക്സിനെ കൃത്യമായി വിലയിരുത്താന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് പറയുന്നവരും കുറവല്ല. അതിനിടയിലാണ് അഞ്ച് വര്‍ഷക്കാലത്തെ മോദി ഭരണം രാജ്യത്തെ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് വിശകലനം ചെയ്യുന്ന പുസ്തകം എത്തുന്നത്. സാമ്പത്തിക രാഷ്ട്രീയ വിദഗ്ദനായ സല്‍മാന്‍ അനീസ് സോസാണ് പുസ്തക രചയിതാവ്. മോദിണോമിക്‌സിനെ 'ദ ഗ്രേറ്റ് ഡിസപ്പോയ്ന്റ്‌മെന്റ്' എന്നാണ് ഒറ്റവാക്കില്‍ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പേരും മറ്റൊന്നല്ല. 

ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തിക വ്യവസ്ഥയെ മോദിണോമിക്‌സ് എങ്ങനെ ബാധിച്ചുവെന്നാണ് പുസ്തകം വിശദീകരിക്കുന്നത്. 'ദ ഗ്രേറ്റ് ഡിസപ്പോയ്ന്റ്‌മെന്റ്' എന്ന തലക്കെട്ടുകൊണ്ട് തന്നെ മോദിക്കാലത്ത് സാമ്പത്തിക രംഗത്തുണ്ടായ മാറ്റത്തെ എഴുത്തുകാരന്‍ എങ്ങനെയാണ് വിലയിരുത്തുന്നു എന്നത് വ്യക്തമാണ്. മോദിയുടെ സാമ്പത്തിക പരിഷ്കരണങ്ങളെ വളരെ സൂഷ്മമായി പുസ്തകം പരിശോധിക്കുന്നു. രൂപയുടെ മൂല്യം കൂപ്പുകുത്തിയതും ജിഡിപിയിലുണ്ടായ വ്യതിയാനങ്ങളുമെല്ലാം എന്തുകൊണ്ടാണെന്ന് സല്‍മാന്‍ അനീസ് സോസ് വരച്ചുകാണിക്കുന്നു. അന്താരാഷ്ട്ര രംഗത്ത് തന്നെ സാമ്പത്തിക മേഖലയിലെ വിദഗദ്‌നായി പരിഗണിക്കുന്ന സല്‍മാന്‍ അനീസ് ലോകബാങ്കിന്റെ വിവിധ ടീമുകളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചുവരികയാണ്.  പെന്‍ഗ്വിന്‍ ബുക്‌സാണ് 'ദ ഗ്രേറ്റ് ഡിസപ്പോയ്ന്റ്‌മെന്റ്' പ്രസിദ്ധീകരിച്ചിരിക്കുന്നത്.