• 07 Dec 2021
  • 02: 37 AM
Latest News arrow

അഷിതയ്ക്ക് വിട

തൃശ്ശൂർ: മലയാളത്തിലെ എഴുത്തുകാരികളിൽ പ്രബലയായിരുന്ന അഷിത അന്തരിച്ചു. 63 വയസായിരുന്നു. രാത്രി ഒരു മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.

തൃശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5നായിരുന്നു അഷിതയുടെ ജനനം. മുംബൈ, ദില്ലി എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മഹാരാജാസ് കോളജിൽ നിന്നും അഷിത  ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവർത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചു. വിവർത്തന സാഹിത്യത്തിൽ ഏറെ സംഭാവനകൾ നൽകി. 

'വിസ്മയചിത്രങ്ങൾ', 'അപൂർണവിരാമങ്ങൾ', 'നിലാവിന്‍റെ നാട്ടിൽ', 'ഒരു സ്തീയും പറയാത്തത്', 'അഷിതയുടെ കഥകൾ', 'പദവിന്യാസങ്ങൾ', 'മീര പാടുന്നു', 'വിഷ്ണു സഹസ്രനാമം-ലളിത വ്യാഖ്യാനം', 'രാമായണം കുട്ടികൾക്ക്', 'മഴമേഘങ്ങൾ', 'തഥാഗത','ശിവേന സഹനർത്തനം' തുടങ്ങിയവയാണ് പ്രധാനകൃതികൾ. റഷ്യൻ നാടോടിക്കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അലക്സാണ്ട‍ർ പുഷ്കിന്‍റെ കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയായിരുന്നു.

2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം 'അഷിതയുടെ കഥകള്‍' എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്കാരം, ലളിതാംബിക അന്തർജനം സ്മാരക സാഹിത്യ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങളും അഷിതയ്ക്ക് ലഭിച്ചു. 

ഈയിടെ ജീവിതത്തിലുണ്ടായ തിരിച്ചടികളെക്കുറിച്ചുള്ള തുറന്നു പറച്ചിലിലൂടെ അഷിതയുടെ വാക്കുകൾ സമൂഹം വീണ്ടും ചർച്ച ചെയ്തിരുന്നു. മലയാളത്തിലെ സ്ത്രീപക്ഷ രചനകളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ അഷിതയ്ക്ക് കഴിഞ്ഞു.