22 ഇന്ത്യന്‍ ആയമാര്‍ നാട്ടില്‍ പോകാന്‍ വഴി തേടുന്നു

റിയാദ്: ഇന്ത്യന്‍ എംബസിക്കുകീഴിലുള്ള അഭയകേന്ദ്രത്തില്‍ നാലു മലയാളികള്‍ അടക്കം 22 ഇന്ത്യന്‍ വനിതാ വീട്ടുജോലിക്കാര്‍ നാട്ടില്‍ പോകാന്‍ വഴി തേടുന്നു. സ്വദേശികളുടെ വീടുകളില്‍ ആയമാരായ ജോലി ചെയ്ത ഇവര്‍ ശമ്പളകുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ഇറങ്ങിപ്പോന്നവരാണ്. ശമ്പളകുടിശ്ശിക ലഭിക്കാത്താതിനാല്‍ ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് കഴിയാത്ത അവസ്ഥയാണ്.
മലപ്പുറം സ്വദേശിനി ഖദീജ, എറണാകുളം സ്വദേശിനി ഹൈറുന്നിസ, കൊല്ലം സ്വദേശിനി ഷംസുമ്മ, കൊച്ചി സ്വദേശിനി ഹാജറ എന്നിവരാണ് അഭയകേന്ദ്രത്തിലെ മലയാളികള്‍. എല്ലാവര്‍ക്കും മൂന്നുമുതല്‍ ആറുവര്‍ഷംവരെയുള്ള ശമ്പളം കുടിശ്ശികയായുണ്ട്. ഹൈറുന്നിസ കടുത്ത പീഡനത്തില്‍നിന്നു രക്ഷപ്പെട്ടാണ് ഇവിടെയെത്തിയത്. ഷംസുമ്മക്ക് 10 ദിവസത്തിനകം ശമ്പളകുടിശ്ശിക നല്‍കാമെന്ന് ഒരു മാസം മുമ്പ് സ്‌പോണ്‍സര്‍ പൊലീസിനും അഭയ കേന്ദ്രം അധികൃതര്‍ക്കും ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇവരുടെ വസ്ത്രങ്ങളടക്കം പല സാധനങ്ങളും ഇപ്പോഴും സ്‌പോണ്‍സറുടെ വീട്ടിലാണ്. അത് എത്തിച്ചുകൊടുത്തതുമില്ല.
തമിഴ്‌നാട്, ഹൈദരാബാദ്, യുപി എന്നിവടങ്ങളില്‍നിന്നുമുള്ളവരാണ് മറ്റുള്ളവര്‍. നാട്ടില്‍പോകണമെന്ന ആഗ്രഹത്തിലാണ് എല്ലാവരും. എത്യോപ്യക്കാരും കെനിയക്കാരുമൊക്കെ ദിവസവും കയറി പോകുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആരുമില്ലെന്ന അവസ്ഥയിലാണെന്ന് ഇന്ത്യന്‍ ആയമാര്‍ പറയുന്നു. എന്നാല്‍, മടക്കയാത്രക്ക് ടിക്കറ്റ് നല്‍കാന്‍ എംബസി തയാറാണെങ്കിലും ശമ്പളകുടിശ്ശിക ഈടാക്കല്‍ ഉള്‍പ്പെടെയുളള മറ്റ് നടപടികള്‍ വൈകുന്നതാണ് തടസമാകുന്നത്.
ആയമാരില്‍ പലരും അസുഖബാധിതരുമാണ്. ഇവരുടെ കാര്യത്തില്‍ അടിയന്തരഇടപെടല്‍ വേണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴില്‍കരാര്‍ ഇല്ലാത്തവരാണ് അഭയം തേടിയെത്തുന്ന ആയമാരില്‍ ഭൂരിഭാഗവുമെന്ന് എംബസി വ്യക്തമാക്കുന്നു. സ്‌പോണ്‍സര്‍മാര്‍ ഹാജരാകാത്തതുകാരണം ഇവരുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ എംബസിക്ക് സാധിക്കുന്നില്ല. സൗദി അധികൃതരും ശ്രമിക്കുന്നുണ്ട്. ചിലരുടെ കാര്യത്തില്‍ വിസയ്ക്ക് ചെലവായ പണം സ്‌പോണ്‍സര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ജോലി ചെയ്തിരുന്ന സമയത്ത് വീടുകളില്‍ വരുത്തിയ നഷ്ടം വേറെയും. ഇതു പ്രശ്‌നം സങ്കീര്‍ണമാക്കുകയാണെന്ന് എംബസി അധികൃതര്‍ പറയുന്നു.