• 20 May 2019
  • 12: 55 AM
Latest News arrow

നമോ ടിവിക്ക് വിലക്ക്; മുന്‍കൂര്‍ അനുവാദമില്ലാതെ രാഷ്ട്രീയ പരിപാടികള്‍ സംപ്രേഷണം ചെയ്യരുത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ 'പി.എം നരേന്ദ്ര മോദി' വിലക്കിയതിന് പിന്നാലെ ബി.ജെ.പിയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള 'നമോ' ടി.വിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ ഉളളടക്കമുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പ്രചാരണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. നമോ ടി വി ചാനല്‍ ഈ അനുമതി നേടിയിട്ടില്ല. ഇതാണ് ചാനലിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.

നമോ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. പരിപാടികളുടെ ഉള്ളടക്കങ്ങള്‍ പ്രാദേശിക മാധ്യമ ചട്ടങ്ങള്‍ അനുസരിക്കുന്നവയാണോയെന്നും പരിപാടികള്‍ക്ക് നിരീക്ഷക സമിതിയുടെ അനുമതി ലഭിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.

പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'പി.എം മോദി' എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വിലക്കേര്‍പ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും പ്രചാരണത്തിന് ഉപയോഗിക്കുന്ന നമോ ടിവിയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനും വിലക്കുണ്ട്.