• 18 Sep 2019
  • 10: 48 AM
Latest News arrow

ജനാധിപത്യ കേരളം: സംസ്ഥാനത്ത് മുപ്പതുവർഷത്തിനിടയിലെ റെക്കോർഡ് പോളിംഗ്

77.68%; പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കിടയിലുള്ള ഏറ്റവും മികച്ച  പോളിംഗാണ് സംസ്ഥാനത്തുണ്ടായത്. 77.68%.  2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 3.74 ശതമാനം വോട്ടിന്റെ വര്‍ധനയുണ്ടായി. 74.04 ആയിരുന്നു 2014-ലെ പോളിംഗ്  ശതമാനം.എട്ട് മണ്ഡലങ്ങളില്‍ പോളിംഗ് 80% ത്തിന് മുകളില്‍ കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് 83.06%. കുറവ് തിരുവനന്തപുരത്ത് 73.37%. കഴിഞ്ഞ തവണ ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയിരുന്ന പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ പോളിംഗ്  ഗണ്യമായി കൂടി.

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം താഴെ. ബ്രാക്കറ്റില്‍ 2014-ലെ ശതമാനം:

തിരുവനന്തപുരം 73.37 (68.69), ആറ്റിങ്ങല്‍ 74.04 (68.71), കൊല്ലം 74.23 (72.09), പത്തനംതിട്ട 73.82 (66.02), മാവേലിക്കര 73.93 (71.36), ആലപ്പുഴ 79.59 (78.86), കോട്ടയം 75.22 (71.7), ഇടുക്കി 76.10 (70.76), എറണാകുളം 76.01 (73.58), ചാലക്കുടി 79.64 (76.92), തൃശ്ശൂര്‍ 77.19 (72.17), ആലത്തൂര്‍ 79.46 (76.41), പാലക്കാട് 77.23 (75.42), പൊന്നാനി 73.24 (73.84), മലപ്പുറം 75.12 (71.21), കോഴിക്കോട് 78.29 (79.81), വയനാട് 79.77 (73.29), വടകര 78.97 (81.24), കണ്ണൂര്‍ 83.06 (81.33), കാസര്‍കോട് 79.11 (78.49).

ശക്തമായ ത്രികോണ മത്സരങ്ങള്‍ നടന്ന മണ്ഡലങ്ങളില്‍ പോളിംഗ് കുത്തനെ കൂടി.

തിരുവനന്തപുരത്ത് 2014-ലെ 68.69ല്‍നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി വര്‍ധിച്ചു. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനം കവിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ ആയിരുന്നു 70 ശതമാനം കവിഞ്ഞിരുന്നത്.

അതേസമയം 177 സീറ്റുകളിലായി നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പില്‍ രാജ്യത്ത് 65.54% പോളിംഗ് രേഖപ്പെടുത്തി. കേരളത്തെക്കാള്‍ പോളിംഗ് നടന്നത് അസം (80.74%), ബംഗാള്‍(79.36%), ത്രിപുര(79.14%) എന്നീ സംസ്ഥാനങ്ങളിലാണ്. ഏറ്റവും കുറവ് ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍(12.86%).

മൂന്നാംഘട്ട വോട്ടെടുപ്പോടെ പകുതിയിലധികം സീറ്റുകളില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞു. 543-ല്‍ 303 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി നാലു ഘട്ടങ്ങളിലുള്ള തിരഞ്ഞെടുപ്പാണ് ബാക്കിയുള്ളത്.