• 22 Sep 2019
  • 11: 41 AM
Latest News arrow

രോഹിത് തിവാരിയുടെ കൊലപാതകം: ഭാര്യ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകനായ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ ശുക്ല തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 16-നാണ് തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്ന നിലയില്‍ തിവാരിയെ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത അപൂര്‍വയെ മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയായിരുന്നു.

40 വയസ്സുകാരനായ രോഹിത് തിവാരി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. എന്നാല്‍ പോലീസ് മരണത്തില്‍ അസ്വാഭാവികത കണ്ടെത്തുകയും കൂടുതല്‍ അന്വേഷണം നടത്തുകയുമായിരുന്നു.

ഏപ്രില്‍ 12-ന് വോട്ട് ചെയ്യാനായി ഉത്തരാഖണ്ഡിലേക്ക് പോയ രോഹിത് ഏപ്രില്‍ 1-5ന് തിരിച്ചെത്തി. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. അടുത്തദിവസം രോഹിതിന്റെ അമ്മ ഉജ്വല തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലേക്ക് വിളിച്ച രോഹിത് തനിക്ക് സുഖമില്ലെന്നും മൂക്കില്‍ നിന്നും രക്തം വരുന്നെന്നും ഫോണ്‍ ചെയ്തു പറഞ്ഞു. തുടര്‍ന്ന് അമ്മ ആബുലന്‍സുമായി രോഹിതിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഈ സമയത്ത് രോഹിത്തിനൊപ്പം വീട്ടില്‍ ഭാര്യ അപൂര്‍വ്വയും കസിന്‍ സിദ്ധാര്‍ത്ഥും ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ആശുപത്രിയിലെത്തിച്ച രോഹിത് മരിക്കുകയും ചെയ്തു.

തന്റെ അച്ഛന്‍ എന്‍ഡി തിവാരിയാണെന്ന് തെളിയിക്കാന്‍ രോഹിത് നടത്തിയ നിയമപോരാട്ടങ്ങള്‍ ദേശീയശ്രദ്ധ നേടിയിരുന്നു. ആറ് വര്‍ഷത്തോളം നിയമപോരാട്ടം നടത്തിയാണ് രോഹിത് പിതാവിനെക്കൊണ്ട്  പിതൃത്വം അംഗീകരിപ്പിച്ചത്. പിതൃത്വം ആദ്യം നിഷേധിച്ച എന്‍ഡി തിവാരിക്കെതിരെ രോഹിത് 2007-ല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ തിവാരി തന്നെയാണ് അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് മകനെ സ്വീകരിക്കുകയും രോഹിതിന്റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു. 2018-ല്‍ എന്‍ഡി തിവാരി അന്തരിച്ചു.