• 18 Sep 2019
  • 11: 20 AM
Latest News arrow

മതനിന്ദ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കുറ്റവിമുക്തയായ വനിത പാക്കിസ്ഥാൻ വിട്ടു

ഇസ്ലാമാബാദ്: ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് പാക്കിസ്ഥാൻ സുപ്രീം കോടതി കുറ്റവിമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യന്‍ യുവതി പാക്കിസ്ഥാൻ വിട്ടു. കാനഡയാണ് ആസിയാ ബീബിക്ക് അഭയം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ജീവന് ഭീഷണിയുള്ളതിനാല്‍ എല്ലാ കാര്യങ്ങളും വളരെ രഹസ്യമായിട്ടായിരുന്നു പാക്കിസ്ഥാൻ സര്‍ക്കാര്‍ കൈകാര്യം ചെയ്തിരുന്നത്.  പാക്കിസ്ഥാന്റെ വിദേശകാര്യ വകുപ്പാണ് ഔദ്യോഗികമായി ഇക്കാര്യം ലോകത്തെ അറിയിച്ചത്.

ഒന്‍പത് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ശേഷം ആണ് ആസിയാ ബീബി മോചിതയായത്.

അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചുവെന്നായിരുന്നു ആസിയ ബീബിക്കെതിരായ കേസ്. ഇതേ തുടര്‍ന്ന് പാക്കിസ്ഥാനിലെ മതനിന്ദാ നിയമ പ്രകാരം ഇവരെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2010-ലായിരുന്നു സംഭവം. തുടര്‍ന്ന് വധശിക്ഷയ്‌ക്കെതിരെ ലോക വ്യാപകമായി പ്രതിഷേധമുണ്ടായിരുന്നു.

കഴിഞ്ഞവര്‍ഷം പാക്കിസ്ഥാൻ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി ഇവരെ വെറുതെ വിട്ടു. ഇതിനെതിരെ വലിയ കലാപമാണ് പാക്കിസ്ഥാനില്‍ ഉണ്ടായത്. ആദ്യം ഉത്തരവിനെ സ്വാഗതം ചെയ്ത പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, പിന്നീട് നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയും ചെയ്തു.

സ്വതന്ത്രയായെങ്കിലും ഇവര്‍ക്കെതിരെ വിവിധ ഗ്രൂപ്പുകള്‍ വധ ഭീഷണി ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ രഹസ്യമായ സ്ഥലത്ത് കനത്ത സുരക്ഷയിലാണ്  ഇവരെ പാര്‍പ്പിച്ചിരുന്നത്.