• 20 May 2019
  • 12: 29 AM
Latest News arrow

കുടിച്ച് കൂത്താടി ലോകം; മദ്യ ഉപഭോഗം വർദ്ധിക്കുന്നു

മദ്യം വ്യക്തികളുടെ ജീവിതത്തെ മാത്രമല്ല, അത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതം ദുരിത പൂര്‍ണമാക്കുകായും ചെയ്യും. മദ്യം 200-ലധികം രോഗങ്ങള്‍ക്ക് കാരണമാകുന്ന വസ്തുവാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. ഇതിന്റെ വര്‍ദ്ധിച്ച ഉപഭോഗം മനുഷ്യന്റെ ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. ലോകത്തെ കുടിയന്‍മാരെക്കുറിച്ചുള്ള കണക്കുകൾ  ഈയിടെ ഒരു സർവേയിലൂടെ പുറത്ത് വിട്ടു.

1990-ല്‍ ലോകത്തെ ആല്‍ക്കഹോള്‍ ഉപഭോഗം 20,999 ദശലക്ഷം ലിറ്റര്‍ ആണെങ്കില്‍ 2017ല്‍ അത് 35,676 ദശലക്ഷം ലിറ്റര്‍ ആയി വര്‍ദ്ധിച്ചു. 70 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. ഇത്രയും വലിയ വര്‍ദ്ധനയുണ്ടായതിന് കാരണം ചില രാജ്യങ്ങളിലെ ഉയര്‍ന്ന മദ്യപാനം ആണ്. അഭിമാനിക്കാന്‍ കഴിയില്ലെങ്കിലും ഇതിലും നല്ലൊരു പങ്ക് നമ്മുടെ ഇന്ത്യയും വഹിച്ചിട്ടുണ്ട്.

ജര്‍മ്മനിയിലെ ഡ്രസ്ഡൻ സർവ്വകലാശാലയുടെ സര്‍വെ അനുസരിച്ച് 2010-നും 2017-നും ഇടയില്‍ ഇന്ത്യയില്‍ മദ്യപാനത്തില്‍ 38 ശതമാനത്തിന്റെ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതായത് ഒരു വര്‍ഷം 4.3 ലിറ്റര്‍ കുടിച്ചിരുന്ന ഇന്ത്യക്കാരന്‍ ഇപ്പോള്‍ 5.9 ലിറ്റര്‍ ആണ് കുടിക്കുന്നത്. ഇതേസമയം അമേരിക്കയിലെ കുടിയന്‍ 9.3 ലിറ്ററില്‍ നിന്ന് 9.8 ലിറ്റര്‍ ആക്കിയും ചൈനയില്‍ 7.1 ലിറ്ററില്‍ നിന്ന് 7.4 ലിറ്റര്‍ ആക്കിയും തങ്ങളുടെ പങ്ക് ചേര്‍ത്തു.

കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ വികസ്വരവും അവികസിതവുമായ രാജ്യങ്ങളിലാണ്  മദ്യ ഉപഭോഗം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് എന്ന് ഈ ഡാറ്റയില്‍ നിന്നും മനസ്സിലാക്കാൻ കഴിയും. എന്നാല്‍ കൂടുതല്‍ ആളോഹരി വരുമാനമുള്ള രാജ്യങ്ങളില്‍ മദ്യ ഉപഭോഗം സന്തുലിതാവസ്ഥയിലാണ്.

2030-ഓടെ ലോകത്തെ പകുതിയോളം ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരായി മാറുമെന്നാണ് സര്‍വെ പറയുന്നത്.  കൂടാതെ 23 ശതമാനത്തോളം യുവജനങ്ങൾ ഒരു മാസത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിക്കും എന്നുമാണ്. അതായത് ലോകത്തെ മൊത്തം ജനസംഖ്യയില്‍ 73 ശതമാനം പേര്‍.

ചൈന, ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ വര്‍ധിച്ച ഉപഭോഗമാണ്. ലോകത്ത് മദ്യ ഉപഭോഗത്തില്‍ വന്‍ വര്‍ധന ഉണ്ടാക്കാന്‍ കാരണം. നിലവില്‍ യൂറോപ്പാണ് ഏറ്റവും കൂടുതല്‍ മദ്യ ഉപഭോഗമുള്ള രാജ്യം എന്നാല്‍ വികസ്വര രാജ്യങ്ങളിലെ ഉപഭോഗത്തിലെ വര്‍ദ്ധന മൂലം 2030 മുതല്‍ ഈ അവസ്ഥയില്‍ മാറ്റം വരുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

2025-ഓടെ ലോകത്തെ മദ്യ ഉപഭോഗം 10 ശതമാനം കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ഇത് ഒരിക്കലും സാധ്യമല്ലാത്ത വിദൂരമായ സ്വപ്‌നം മാത്രമാണെന്ന്  കണക്കുകള്‍ പറയുന്നു.

ലോകത്തെ ഒരാളുടെ ആല്‍ക്കഹോള്‍ ഉപഭോഗം ഒരാള്‍ക്ക് 1990-ലെ 5.9 ലിറ്റര്‍ എന്ന അവസ്ഥയില്‍ നിന്ന് 2030-ലെത്തുമ്പോള്‍ 7.6 ലിറ്റര്‍ ആയി വര്‍ധിക്കും എന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.

ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളുകളുടെ എണ്ണം 1990-ല്‍ 46 ശതമാനം ആയിരുന്നെങ്കില്‍ 2017-ല്‍ അത് 43 ശതമാനമായി കുറയുകയും ചെയ്തു. കടുത്ത മദ്യപാന അടിമകളുടെ എണ്ണം18.5 ശതമാനമായിരുന്നത്  20 ശതമാനമായും കൂടി.

ഇത്തരം അപകടരമായ അവസ്ഥകള്‍ തരണം ചെയ്യാന്‍  ശ്രമിച്ചില്ലെങ്കില്‍ ഒരിക്കലും തിരിച്ചുവരാനാവാത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരു സമൂഹമായി ലോകജനത മാറുമെന്നാണ് സർവ്വേയുടെ കണ്ടെത്തൽ.