• 18 Sep 2019
  • 11: 20 AM
Latest News arrow

ഇന്ത്യന്‍ ഫുട്ബോൾ ടീമിനെ തന്ത്രങ്ങൾ പഠിപ്പിക്കാൻ ക്രൊയേഷ്യൻ കോച്ച്

ന്യൂദൽഹി: ഇനി ഇന്ത്യന്‍ ഫുട്ബോൾ ടീമിനെ ക്രൊയേഷ്യൻ കോച്ച് തന്ത്രങ്ങൾ പഠിപ്പിക്കും. ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി നിയമിക്കാൻ  ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. കോണ്‍സ്റ്റന്‍റൈന്‍ രാജിവെച്ചതിന് ശേഷം പരിശീലകനില്ലാതെ അനാഥമായ അവസ്ഥയിലായിരുന്നു ഇന്ത്യന്‍ ടീം. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങള്‍ക്കും  മണിക്കൂറുകൾ നീണ്ട ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ടെക്‌നിക്കല്‍ കമ്മിറ്റി ഇഗോറിന്‍റെ പേര് പ്രഖ്യാപിച്ചത്.

ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുംഗ്, ഹകാന്‍ എറിക്‌സന്‍ എന്നിവരെയും പരിഗണിച്ചിരുന്നുവെങ്കിലും നറുക്ക് വീണത് ഇഗോറിനായിരുന്നു. മെയ് 20-ന് ആരംഭിക്കുന്ന കിംഗ്‌സ് കപ്പിന് മുന്‍പ് ഇഗോര്‍ സ്റ്റിമാക്ക് ചുമതലയേല്‍ക്കുമെന്നാണ് സൂചന.

1998-ലെ  ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു പ്രതിരോധനിരയിൽ കളിച്ച  ഇഗോര്‍. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പരിചയമുണ്ട്. 2012-2013 കാലത്ത് ക്രൊയേഷ്യയുടെ പരിശീലകനുമായിരുന്നു.  ഇക്കാലത്താണ് ക്രൊയേഷ്യ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തിയത്. വിവിധ ക്ലബുകളുടെ പരിശീലകനുമായിരുന്നു.