• 26 Jun 2019
  • 05: 39 PM
Latest News arrow

ബംഗാള്‍ നവോത്ഥാന നായകന്റെ പ്രതിമ തകര്‍ത്ത സംഭവം: പ്രൊഫൈല്‍ ഫോട്ടോ മാറ്റി തൃണമൂല്‍ നേതാക്കള്‍

കൊല്‍ക്കത്ത: ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങളുടെ ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്.  ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ ഫോട്ടോയാണ് നേതാക്കള്‍  പ്രൊഫൈല്‍ ചിത്രം ആക്കിയിട്ടുള്ളത്.

ചൊവ്വാഴ്ചയാണ് കൊല്‍ക്കത്തയില്‍ നടന്ന അമിത് ഷായുടെ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പേരിലുള്ള കോളേജിലെ അദ്ദേഹത്തിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് മമതയും മറ്റു നേതാക്കളും പ്രൊഫൈല്‍ ചിത്രം മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സംസ്ഥാനത്തിന്റ പുറത്ത് നിന്നും കൊണ്ടുവരുന്ന പ്രവര്‍ത്തകരാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ബിജെപി റോഡ് ഷോക്കിടെ ആക്രമം ഉണ്ടായതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് തിരിച്ചടിച്ച അമിത്ഷാ , റോഡ് ഷോയില്‍ എല്ലാ ആളുകളും പങ്കെടുത്തതാണ് തൃണമൂലിന്റെ പ്രകോപനത്തിന് കാരണമെന്നും പറഞ്ഞു.

അതേസമയം ബംഗാളിലെ ആക്രമ സംഭവങ്ങളെ തുടര്‍ന്ന് ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷനെ കണ്ട് പരാതി ഉന്നയിച്ചത്. അക്രമത്തിനു പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും മമതാ ബാനര്‍ജിയെ പ്രചാരണം നടത്തുന്നതില്‍നിന്നു വിലക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു.