• 31 May 2020
  • 04: 02 PM
Latest News arrow

കുട്ടിമാമ: വെടി പൊട്ടിയില്ല

യുദ്ധമേഖലയില്‍ ധീരതയോടെ സേവനം അനുഷ്ഠിച്ചതിന് ശേഷം വിരമിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന പട്ടാളക്കാര്‍ പലപ്പോഴും നാട്ടുകാര്‍ക്ക് വിടലിന്റെ ആശാന്‍മാരാണ്. അത്യാധുനിക ആയുധങ്ങള്‍ കയ്യിലേന്തി സ്വജീവന്‍ പണയം വെച്ച് തീവ്രവാദികളുമായും ശത്രുരാജ്യത്തെ സൈനികരുമായും പോരാടുന്ന പട്ടാളക്കാരുടെ ജീവിതത്തിന്റെ സാഹസികതയും മഹത്വവും മറ്റൊരു ജോലിക്കുമുണ്ടാകില്ല എന്നതുകൊണ്ട് തന്നെ തള്ളല്‍ വീരന്‍മാര്‍ക്ക് കണക്കറ്റം ശോഭിക്കുകയും ചെയ്യാം. ഇത്തരത്തില്‍ നാട്ടുകാരെ തള്ളിമറിച്ചിടുന്ന ശേഖരന്‍കുട്ടി എന്ന പട്ടാളക്കാരന്റെ കഥയാണ് കുട്ടിമാമ പറയുന്നത്.

ഹരീഷ് കണാരന്റെ തള്ളലുകള്‍ കേട്ട് കുത്തിമറിഞ്ഞ് ചിരിച്ചവരാണ് മലയാളികള്‍. ആ അനുഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകണം മാനാഫ് ചിത്രത്തിന് കഥയും തിരക്കഥയും രചിച്ചത്. എന്നാല്‍ ജാലിയന്‍ കണാരന്‍ ചിരിയുടെ ഓലപ്പടക്കം കൊളുത്തിയപ്പോള്‍ കുട്ടിമാമയ്ക്ക് ഒരു ബീഡിപ്പടക്കം പോലും പൊട്ടിയ്ക്കാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. ഇതിന് കാരണം തിരക്കഥയിലെ പോരായ്മകളാണ്. 

ശക്തമായ കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലില്ല. രംഗങ്ങള്‍ക്കോ ആവശ്യമായ പഞ്ചും നല്‍കിയിട്ടില്ല. ഒരു കഥ, സിനിമയ്ക്ക് ആവശ്യമായ ചേരുവകള്‍ ഉള്‍ച്ചേര്‍ത്ത് എഴുതി ഫലിപ്പിക്കുക എന്ന ആദ്യ ഘട്ടത്തില്‍ തന്നെ കുട്ടിമാമ പാളിയതോടെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യ രംഗങ്ങളില്‍ തന്നെ ഈ പിഴവ് ദൃശ്യമായിരുന്നു. ഒരു പട്ടാളക്കാരന്റെ വിടലുകള്‍ എന്ന് എഴുതിക്കാണിച്ചതിന് ശേഷം ആ രംഗങ്ങള്‍ കാണിക്കുന്നതും ഇപ്പോഴത്തെ അവസ്ഥ എന്ന് എഴുതിക്കാണിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട രംഗങ്ങള്‍ കാണിക്കുന്നതുമെല്ലാം ഒരു കോമഡി സ്‌കിറ്റ് പോലെയാണ് അനുഭവപ്പെട്ടത്. കുട്ടിമാമ, തള്ളല്‍ പ്രസംഗം നടത്തുമ്പോള്‍ അത് കേള്‍ക്കുന്നയാളുകളുടെ മുഖത്തെ ഭാവങ്ങളും പ്രതികരണങ്ങളുമെല്ലാം വളരെ കൃത്രിമത്വം നിറഞ്ഞതായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ കോശി സാറിന്റെയടുത്ത് കുട്ടിമാമ 'തള്ളി'ക്കയറുമ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായ പ്രതികരണവും  കുട്ടിമാമയില്‍ നിന്ന് രക്ഷപ്പെടാന്‍ കാട്ടിക്കൂട്ടുന്ന ചെയ്തികളും അസഹനീയമായിരുന്നു എന്ന് പറയാതെ വയ്യ. ചായക്കടയിലേക്ക് കുട്ടിമാമ കയറിവരുമ്പോള്‍ അവിടെ നിന്നും ആളുകള്‍ പരക്കം പായുന്നതും കുട്ടിമാമയുടെ തള്ള് സഹിക്കാന്‍ വയ്യാതെ കോശി സാര്‍ നാടുവിടുന്നതുമെല്ലാം കോമഡി സ്‌കിറ്റിലെ രംഗങ്ങള്‍ പോലെയാണ് തോന്നിയത്. ഇത്തരത്തില്‍ തമാശയ്ക്കായി ചെയ്ത പല കാര്യങ്ങളും ക്ലിക്കാകാതെ പോവുകയായിരുന്നു.

ദുര്‍ഗ കൃഷ്ണയുടെ കഥാപാത്രമായ അഞ്ജലി ബുള്ളറ്റ് ഓടിക്കുന്ന രംഗങ്ങള്‍ കണ്ടപ്പോള്‍ പ്രേക്ഷകരോട് 'തള്ളിയ' പോലെ തോന്നി. ബുള്ളറ്റ് ഓടിക്കാന്‍ അറിയാത്ത അഞ്ജലി തനിക്ക് അറിയാമെന്ന മട്ടില്‍ ബുള്ളറ്റ് ഓടിക്കുകയാണ്. സ്വാഭാവികമായും ഓടിച്ച് തുടങ്ങി നിമിഷങ്ങള്‍ക്കകം എവിടെയെങ്കിലും മറിഞ്ഞു വീഴേണ്ടതാണ്. പക്ഷേ ഇവിടെ അഞ്ജലി 'അയ്യോ രക്ഷിക്കണേ' എന്നും നിലവിളിച്ചുകൊണ്ട് ആദ്യം വളഞ്ഞുപുളഞ്ഞ റോഡിലൂടെയും പിന്നെ പറമ്പിലൂടെയും അതിന് ശേഷം പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെയുമെല്ലാം ഓടിച്ച് പോവുകയാണ്. അങ്ങിനെയൊരു പാറയുടെ മുകളിലെത്തിയപ്പോള്‍ ധ്യാനിന്റെ കഥാപാത്രം ഓടി ബുള്ളറ്റിന്റെ മുമ്പില്‍ വന്ന് ബുള്ളറ്റ് പിടിച്ചുനിര്‍ത്തുന്നു. കുട്ടിമാമയെന്ന കഥാപാത്രത്തിന് മാത്രമല്ല, കുട്ടിമാമയെ സൃഷ്ടിച്ചവര്‍ക്കും നന്നായി തള്ളാന്‍ പറ്റുമെന്ന് മനസ്സിലായി.

സ്വാഭാവികതയുടെ അഭാവമുള്ള ക്ലീഷേ കഥയാണ് സിനിമയുടെ ഏറ്റവും വലിയ പാളിച്ച. ആക്‌സിഡന്റിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെടുന്നത്, പിന്നീട് ഓര്‍മ്മ വരുന്നത്, പട്ടണത്തില്‍ താമസിക്കുന്നയാള്‍ നാട്ടില്‍ വന്ന് നാടിന്റെ ഭംഗി ആസ്വദിച്ച് അവിടെയുള്ള ഒരാളെ പ്രേമിക്കുന്നത്, പാവപ്പെട്ടവന്റെ വീടിന്റെ ആധാരം കൈവശപ്പെടുത്തി അവരെ വീട്ടില്‍ നിന്ന് ഇറക്കിവിടുന്ന തമിഴന്‍ മുതലാളി, എന്നിങ്ങിനെ ആവര്‍ത്തിച്ച് വിരസമായി തീര്‍ന്ന നിരവധി കഥാസന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്. 

കുട്ടിമാമയുടെ തള്ളലുകളെല്ലാം തള്ളല്ലെന്നും തള്ളല്ലാത്ത ആ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുന്നതുമാണ് സിനിമയുടെ രണ്ടാം ഭാഗം. എന്നാല്‍ ഒരു വെളിപ്പെടുത്തല്‍ നല്‍കുന്ന അമ്പരപ്പൊന്നും അനുഭവവേദ്യമായില്ല. അതിഭാവുകത്വമാണ് സിനിമയില്‍ ആകെ മുഴച്ചുനില്‍ക്കുന്നത്. സംഭാഷണങ്ങളില്‍ പോലും ഇത് പ്രകടമാണ്. അഞ്ജലിയും വല്യമ്മയും തമ്മിലുള്ള സംഭാഷണം, കുട്ടിമാമയുടെ സഹോദരിയുടെ മകളുടെ സംഭാഷണം എന്നിവയെല്ലാം ചില ഉദാഹരണങ്ങള്‍. 

യുവാവായ ശേഖരന്‍ കുട്ടിയും അഞ്ജലിയും തമ്മിലുള്ള പ്രണയം ചിത്രീകരിക്കുന്ന തോരാതെ എന്ന പാട്ടും യുവാവായ ശേഖരന്‍ കുട്ടി ചില പെണ്‍കുട്ടികളെ രക്ഷിക്കുന്നതും കുട്ടിമാമ വീടിനുള്ളിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതും തന്റെ തള്ളലിന്റെ ഭീകരത കുട്ടിമാമ തിരിച്ചറിയുന്നതുമായ രംഗങ്ങളാണ്‌ ചിത്രത്തില്‍ ആകെ രസം പകര്‍ന്നത്. 

വിരമിച്ച പട്ടാളക്കാരുടെ മീറ്റിങ്ങില്‍ വെച്ച് അവരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുന്നതും വണ്‍ റാങ്ക്, വണ്‍ പെന്‍ഷനെക്കുറിച്ച് ചര്‍ച്ച ചെയ്തതും നന്നായി. അതേസമയം കാര്‍ഗില്‍ യുദ്ധത്തിന്റെ അവതരണം കുറേ തീയും പുകയും വെടിയൊച്ചയും മാത്രമായിപ്പോയി. 

ചിത്രത്തിന്റെ സാങ്കേതിക വശങ്ങളില്‍ പോലും എടുത്തുപറയത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. അഭിനേതാക്കളില്‍ ശ്രീനിവാസന്‍, ധ്യാന്‍, മഞ്ജു സുനിച്ചന്‍, മീര വാസുദേവ്‌, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ തരക്കേടില്ലാത്ത പ്രകടനം നടത്തി. പ്രേംകുമാറിന്റെ കഥാപാത്രവും രംഗങ്ങളും അരോചകമായിരുന്നു. 

 

Editors Choice