• 22 Sep 2019
  • 11: 26 AM
Latest News arrow

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത: വിയോജിപ്പ് പരസ്യമാക്കിയതിനെതിരെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍

മോദിക്കും അമിത്ഷാക്കും ക്ളീൻ ചിറ്റ് നൽകിയതിനെതിരെ കമ്മീഷനംഗം അശോക് ലവാസ

ന്യൂഡല്‍ഹി: മോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതിലെ വിയോജിപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ പരസ്യമാക്കിയതിനെ കുറ്റപ്പെടുത്തി ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ സുനില്‍ അറോറ. തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസ പെരുമാറ്റച്ചട്ടലംഘന കേസുകള്‍ പരിഗണിക്കുന്ന സമിതിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. കൂടാതെ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ക്ക് അയച്ച കത്ത് പുറത്ത് വരികയും ചെയ്തു.

എന്നാല്‍ ഇത് ഒഴിവാക്കാമായിരുന്ന വിവാദമായിരുന്നെന്നും ഒരു വിഷയത്തില്‍ ഏകാഭിപ്രായമുണ്ടാകണമെന്നില്ലെന്നും സുനില്‍ അറോറ പറഞ്ഞു. പദവിയില്‍ ഇരിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസം പരസ്യപ്പെടുത്താറില്ലെന്നും ലവാസയെ കുറ്റപ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. വ്യത്യസ്ത അഭിപ്രായം യോഗത്തിനുള്ളില്‍ പറഞ്ഞാലും അത് പരസ്യമാക്കാറില്ലെന്നും വിരമിച്ച ശേഷം പുസ്തകം എഴുതുമ്പോഴോ മറ്റോ  അഭിപ്രായം പറയലാണ് പതിവെന്നുമായിരുന്നു സുനില്‍ അറോറയുടെ വിശദീകരണം. മുമ്പും സമിതി അംഗങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും സുനില്‍ അറോറ പറഞ്ഞു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഇലക്ഷന്‍ കമ്മീഷണര്‍മാരായ സുശില്‍ ചന്ദ്ര, അശോക് ലവാസ എന്നിവര്‍ അടങ്ങിയതാണ് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. ഇവരുടെ തീരുമാനങ്ങള്‍ തമ്മില്‍ യോജിപ്പില്ലാതെ വരുമ്പോള്‍ ഭൂരിപക്ഷ തീരുമാനം നോക്കിയാണ് തീരുമാനം എടുക്കുന്നത്. മോദിക്കും അമിത്ഷാക്കുമെതിരെയുള്ള ഏതാനും പെരുമാറ്റച്ചട്ടലംഘന ആരോപണങ്ങളില്‍ കമ്മീഷന്‍ എടുത്ത തീരുമാനത്തോട് ലവാസ വിയോജിച്ചിരുന്നു.

മോദിക്കും അമിത്ഷാക്കുമെതിരെയുള്ള പെരുമാറ്റച്ചട്ട ലംഘന ആരോപണത്തില്‍ 2:1 എന്ന ഭൂരിപക്ഷത്തിലാണ് കമ്മീഷന്‍ തീരുമാനമെടുത്തത്. തീരുമാനത്തില്‍ വിയോജനം രേഖപ്പെടുത്തിയ അശോക് ലവാസ, തന്റെ തീരുമാനം റിക്കോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലാത്തതിനാല്‍ മെയ് നാലാം തിയ്യതി മുതല്‍ കമ്മീഷന്റെ പെരുമാറ്റച്ചട്ടലംഘന പരാതികള്‍ പരിഗണിക്കുന്ന യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അശോക് ലവാസ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തന്റെ തീരുമാനം അറിയിച്ച് കത്ത് അയക്കുകയും ചെയ്തു.

മോദിക്കും അമിത്ഷാക്കുമെതിരെയുള്ള പരാതിയില്‍ ഏകദേശം ഒരുമാസത്തോളം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തിരുന്നില്ല. മെയ് മൂന്നിന്  സുപ്രീംകോടതിയുടെ ഇടപെടലിന് ശേഷമാണ് കമ്മീഷന്‍ ഇവ പരിഗണിച്ചിരുന്നത്.വിദ്വേഷ പ്രസംഗം നടത്തിയതിനും സായുധ സേനയെ പ്രചരണത്തിനായി ഉപയോഗിച്ചു എന്നതിനും ആയിരുന്നു മോദിയും അമിത്ഷായ്ക്കുമെതിരെ  തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പരാതി ഉയര്‍ന്നത്.

'രാഹുല്‍ ഗാന്ധി ഭൂരിപക്ഷം ന്യൂനപക്ഷമായ വയനാട് മത്സരിക്കാനായി തിരഞ്ഞെടുത്തു' എന്ന് പറഞ്ഞതായിരുന്നു മോദിക്കെതിരെയുള്ള ആദ്യത്തെ പരാതി. ഏപ്രില്‍ ഒമ്പതിന് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രചാരണ യോഗത്തില്‍ ബാലക്കോട്ട് ആക്രമണത്തെ നേട്ടമായി ഉയര്‍ത്തിക്കാട്ടി എന്നതാണ് രണ്ടാമത്തെ പരാതി. മൂന്നാമത്തേതായി 'തീവ്രവാദികള്‍ ബാലക്കോട്ട് ആക്രമണത്തിനു ശേഷം ഭയപ്പാടിലാണ്' എന്ന കര്‍ണാടകയിലെ പ്രസംഗവുമാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന്റെ മുന്നിലെത്തിയത്. ഈ മൂന്ന് പരാതിയിലും മോദിക്കനുകൂലമായ നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തെ പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തിയ അമിത്ഷായുടെ പ്രസംഗത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. എന്നാല്‍ ഈ നാലു കേസുകളിലും കമ്മീഷന്‍ അംഗം അശോക് ലവാസ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.