• 26 Jun 2019
  • 06: 16 PM
Latest News arrow

രാജ്യം കൊടുംചൂടിലേക്ക്

2020ഓടെ ഇന്ത്യയില്‍ ചൂട് കൂടുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി (ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 

വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ക്രമാതീതമായി ചൂട് കൂടുമെന്നും ഇതിന്റെ ഫലമായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണമെന്നാണ്  പഠനത്തില്‍ വ്യക്തമാക്കുന്നത്. 
1961-2005 കാലയളവില്‍ 58 ഉഷ്ണതരംഗങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ 2020-2064 കാലയളവില്‍ ഇത് 138 ആയി ഉയരുമെന്നാണ് സൂചന. മണ്ണിന്റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും ഉഷ്ണതരംഗത്തിന്റെ തീവ്രത കൂടുന്നതിന് കാരണമാകും. 2020 മുതല്‍ 2064  വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 
ഉഷ്ണതരംഗത്തിന്റെ ആവൃത്തിയും വ്യാപ്തിയും വരും വര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്നും എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി പസഫിക് സമുദ്രത്തിലുണ്ടാകുന്ന ചൂട് മൂലം ഇന്ത്യയില്‍ തീവ്രമായ ഉഷ്ണതരംഗം ഉണ്ടാകുമെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. 1961-2005 കാലഘട്ടത്തില്‍ വടക്ക് പടിഞ്ഞാറന്‍ മേഖലകളിലും തെക്ക്കിഴക്കന്‍ മേഖലകളിലും 5 മുതല്‍ 7 ദിവസം വരെ നീണ്ടുനിന്ന ഉഷ്ണതരംഗം ഉണ്ടായിട്ടുണ്ട്. 2020ല്‍ സംഭവിക്കുന്ന ഉഷ്ണതരംഗം 12 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുമെന്നാണ് കണ്ടെത്തല്‍.
എന്താണ് എല്‍നിനോ
മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ് എല്‍ നിനോ രൂപപ്പെടുക. ക്രിസ്മസ് കാലത്തെത്തുന്ന ഈ പ്രതിഭാസത്തിന് ഉണ്ണിയേശുവിനെ സൂചിപ്പിക്കുന്ന 'ശിശു' എന്ന അര്‍ത്ഥമാണ് സ്പാനിഷ് ഭാഷയില്‍ എല്‍ നിനോ എന്ന പേരിനുള്ളത്.
15 മാസത്തോളം ദുരിതം വിതക്കാന്‍ എല്‍ നിനോക്കാവും. ലോകത്തെ വിവിധ പ്രദേശങ്ങളില്‍ വരള്‍ച്ച ഉണ്ടാകാന്‍ ഇത് കാരണമാകും. ദക്ഷിണേന്ത്യയില്‍ മണ്‍സൂണ്‍ ദുര്‍ബലപ്പെടാനും ഇത് കാരണമാകുന്നു. യൂറോപ്പില്‍ ചൂടുകൂടിയ ശരത്കാലത്തിനും, കൂടുതല്‍ ശൈത്യമേറിയ തണുപ്പുകാലത്തിനുമാണ് എല്‍നിനോ കാരണമാകുക. കനത്ത മഴയും ചുഴലിക്കാറ്റും വിതയ്ക്കുന്ന ദുരിതങ്ങള്‍ക്ക് പുറമേ, ലോകത്തിന്റെ പല ഭാഗങ്ങളിലും വന്‍തോതിലുള്ള വിളനാശത്തിനും കൃഷിയുടെ താളംതെറ്റലിനും എല്‍നിനോ വഴിവെയ്ക്കും. ഇത് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് ലോക തലത്തിലും തിരിച്ചടിയുണ്ടാക്കും. രണ്ടു വര്‍ഷത്തിലൊരിക്കലാണ് സാധാരണ എല്‍നിനോയുടെ വരവ്. ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഓസ്‌ട്രേലിയ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചക്കിടയാക്കും. തെക്കേ അമേരിക്ക, കിഴക്കന്‍ ശാന്തസമുദ്ര തീരത്തുള്ള രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കത്തിനും എല്‍നിനോ കാരണമാകും.
യൂറോപ്പ് ഭൂഖണ്ഡത്തോളം വലിപ്പമുള്ള പസഫിക് സമുദ്രഭാഗത്തുണ്ടാകുന്ന എല്‍നിനോ പ്രതിഭാസത്തിന് ആഗോള കാലാവസ്ഥയെ ആകെ തകിടം മറിക്കാനാകും. പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹങ്ങളുടെ ഗതിമാറ്റമാണ് എല്‍ നിനോ പ്രതിഭാസത്തിനു കാരണമാകുന്നത്. സാധാരണനിലയില്‍ ഭൂമിയുടെ ഭ്രമണത്തിന്റെ ഫലമായി കിഴക്കു നിന്നും പടിഞ്ഞാറേക്കാണ് കാറ്റു വീശുക. എന്നാല്‍ എല്‍ നിനോ കാലത്ത് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന വാണിജ്യവാതങ്ങള്‍ ദുര്‍ബലമാകും.  ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍ നിനോ പ്രത്യക്ഷപ്പെട്ടു. രേഖപ്പെടുത്തിയതില്‍വച്ച് വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത് 1997-98 കാലഘട്ടത്തിലാണ്. ഇതിനേക്കാള്‍ രൂക്ഷമായിരിക്കും വരാനിരിക്കുന്ന എല്‍ നിനോയെന്നാണ് കരുതപ്പെടുന്നത്.