• 22 Sep 2019
  • 11: 24 AM
Latest News arrow

അവസാനഘട്ട തിരഞ്ഞെടുപ്പ് ഞായറാഴ്ച; ഇന്ത്യ ആര് ഭരിക്കും എന്നറിയാന്‍ ഇനി നാല് ദിനങ്ങൾ

ന്യൂദല്‍ഹി: ഒരു മാസത്തോളം നീണ്ട 17ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാമാങ്കത്തിന് നാളെ (ഞായറാഴ്ച) തിരശ്ശീല വീഴും. പൊതുതിരഞ്ഞെടുപ്പിലെ ഏഴാമത്തെ ഘട്ടത്തില്‍ രാജ്യത്തെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 

ബിഹാറില്‍ 8 മണ്ഡലങ്ങൾ , ജാര്‍ഖണ്ഡില്‍ 3 , പഞ്ചാബിലെ മുഴുവന്‍ 13 മണ്ഡലങ്ങള്‍, പശ്ചിമബംഗാളില്‍ 9 , ഹിമാചല്‍ പ്രദേശ് 4, മധ്യപ്രദേശ് 8, ഉത്തര്‍പ്രദേശ് 13 , കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡില്‍ 1 എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളും  ഒരു കേന്ദ്രഭരണപ്രദേശവുമാണ് ബൂത്തിലേക്ക് പോവുക. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഞായറാഴ്ച ജനവിധി തേടുന്നു. മോദിയെക്കൂടാതെ , ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍, കേന്ദ്രമന്ത്രിമാരായ മനോജ് സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് തുടങ്ങിയവരും ഏഴാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളാണ്.

ഏപ്രില്‍ 11നാണ്  ഒന്നാംഘട്ടവോട്ടെടുപ്പ് തുടങ്ങിയത്. മെയ് 23നാണ് ഫലം പ്രഖ്യാപിക്കുന്നത്. 

ഇത്തവണ പൊതുതെരഞ്ഞെടുപ്പിന് പുതുമകളേറെയുണ്ടായിരുന്നു. കർക്കശവും സുതാര്യവുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകൾ. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി  മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. വോട്ടര്‍ സ്ലിപ്പിന്റെ പ്രസക്തി എടുത്തുകളയുകയും ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിർബന്ധമാക്കുകയും ചെയ്തു.  വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും നല്‍കി.

സ്ഥാനാര്‍ത്ഥികള്‍ 5 വര്‍ഷത്തെ ആദായനികുതി വിവരങ്ങള്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കുകയും ചെയ്യേണ്ടിയിരുന്നു. മുൻപിത്  അവസാന ഒരു വർഷത്തേത് മാത്രമായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ വിദേശനിക്ഷേപത്തിന്റെയും ബാധ്യതകളുടെയും വിവരങ്ങള്‍ കൂടി 'ഫോം 26'ല്‍ ഉള്‍പ്പെടുത്തേണ്ടി വന്നു. കൂടാതെ, തങ്ങളുടെ ക്രിമിനല്‍പശ്ചാത്തലം ടി.വി.യിലും പത്രങ്ങളിലും കുറഞ്ഞത് മൂന്നുതവണയെങ്കിലും പരസ്യപ്പെടുത്തി. പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളുടെ ക്ലിപ്പിങ്ങുകള്‍ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കണം എന്ന നിബന്ധനയും  വന്നു. 

ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പ്രചാരണം നടത്തണം. സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഏതെല്ലാമെന്ന് അറിയിക്കണം. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍ പ്രീ-സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനുപുറമെ, സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് ബാലറ്റ് പേപ്പര്‍ സംവിധാനം, പെരുമാറ്റച്ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ സിവിജില്‍ മൊബൈല്‍ ആപ്പ് എന്നിവയും ഉണ്ടായിരുന്നു. ഭിന്നശേഷിസൗഹൃദം കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
 
കേരളത്തില്‍ നടന്ന വോട്ടെടുപ്പിലെ കള്ളവോട്ട് വീഡിയോ സഹിതം പുറത്തു വന്നു എന്ന പ്രത്യേകതയും  ഈ തിരഞ്ഞെടുപ്പിനുണ്ട്. പോസ്റ്റല്‍ വോട്ടിലെ ക്രമക്കേടും പുറത്ത് വന്നു. പോലീസ് സംവിധാനാം വരെ ജനാധിപത്യത്തെ കബളിപ്പിക്കാന്‍ ശ്രമം നടത്തിയെന്നത് ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തി. വോട്ടിങ് യന്ത്രതത്തകരാറിനാലും  കള്ളവോട്ട് നടന്നതിനാലും സംസ്ഥാനത്ത് റീപോളിങ് ആവശ്യമായി വന്നു.

മെയ് 23-ന് പുറത്ത് വരുന്ന തിരഞ്ഞെടുപ്പ് ഫലത്തിനായി ആവശത്തോടെയാണ് വോട്ടര്‍മാരും പാര്‍ട്ടികളും കാത്തിരിക്കുന്നത്. ബിജെപി ഭരണത്തില്‍ തുടരുമെന്ന് പ്രതീക്ഷിക്കുമ്പോൾ പ്രതിപക്ഷസ്ഥാനം പോലും ലഭിക്കാതെ കഴിഞ്ഞ 5 വർഷം ലോക്‌സഭയിലിരിക്കേണ്ടി വന്ന അവസ്ഥയിൽ നിന്നും അധികാരം പിടിച്ചെടുക്കാനാകുമെന്നാണ് കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നത്.