• 22 Sep 2019
  • 12: 05 PM
Latest News arrow

റീപോളിങ്ങിന്റെയും വോട്ടെണ്ണലിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ടീക്കാറാം മീണ; വിവിപാറ്റുകൾ എണ്ണിക്കഴിഞ്ഞ ശേഷം മാത്രം അന്തിമഫലപ്രഖ്യാപനം

ഒരു സമ്മര്‍ദവുമില്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും കോടിയേരിക്കു മറുപടിയായി മീണ

തിരുവനന്തപുരം: ഞായറാഴ്ച കണ്ണൂരിലും കാസര്‍കോട്ടും നടക്കുന്ന റീപോളിങിന്റെയും 23-ന് നടക്കുന്ന വോട്ടെണ്ണലിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഞായറാഴ്ച നടക്കുന്ന റീപോളിങിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കും. പര്‍ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. ഇതിനായി പോളിങ് നടക്കുന്ന ബൂത്തുകളില്‍ വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

23-ന് വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങും. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൗണ്ടിംഗ് ടേബിളുകള്‍ അനുവദിക്കും. 23-ന് രാവിലെ എട്ട് മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കും. ആദ്യം എണ്ണുന്നത്  പോസ്റ്റല്‍ വോട്ടുകളായിരിക്കും. കൂടാതെ വിവിപാറ്റ് രസീതുകള്‍ എണ്ണിത്തീര്‍ന്ന ശേഷമേ അന്തിമ ഫലം പ്രഖ്യാപിക്കുകയുള്ളൂ. ഏത് മെഷീനുകളിലെ വിവിപാറ്റ് എണ്ണണമെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും. വോട്ടിങ് മെഷീനിലെയും വിവിപാറ്റിലെയും വോട്ടുകളുടെ എണ്ണത്തില്‍ വ്യത്യാസം വന്നാല്‍ വിവിപാറ്റിലെ എണ്ണം പരിഗണിക്കും. ഔദ്യോഗിക ക്യാമറകള്‍ ബൂത്തുകളില്‍ സ്ഥാപിക്കും.

ഒരു സമ്മര്‍ദവുമില്ലാതെയാണ് താൻ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും തന്നെ വിമർശിച്ച സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ള മറുപടിയായി ടീക്കാറാം മീണ പറഞ്ഞു. പോസ്റ്റല്‍ വോട്ട് തിരിമറി സംബന്ധിച്ച  പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും  മീണ വ്യക്തമാക്കി.