• 22 Sep 2019
  • 11: 43 AM
Latest News arrow

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ് തുടങ്ങി; കര്‍ശന സുരക്ഷ

മുഖാവരണം ധരിച്ചവരെ പരിശോധിക്കാന്‍ പ്രത്യേക സജ്ജീകരണം

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീപോളിങ് തുടങ്ങി. കള്ളവോട്ട് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയ, കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ നാല് ബൂത്തുകളിലും കണ്ണൂരിലെ മൂന്ന് ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറരയോടെ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ വലിയ നിര കാണപ്പെട്ടു. 

കര്‍ശന സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ണൂര്‍ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയും കാസര്‍കോട് കളക്ടര്‍ ഡോ. ഡി സജിത് ബാബുവും അറിയിച്ചു. വെബ്കാസ്റ്റിങ്ങിന് പുറമേ വീഡിയോ കവറേജും ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാകും പ്രിസൈഡിങ് ഓഫീസര്‍മാര്‍. വില്ലേജ് ഓഫീസര്‍ റാങ്കിലുള്ളവരെ സെക്ടര്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തി. ഏപ്രില്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒരു ഉദ്യോഗസ്ഥനെ അധികമായി ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്.

ധര്‍മ്മടത്ത് റീപോളിങ് നടക്കുന്ന കുന്നിരിക്ക യുപി സ്‌കൂള്‍ വളപ്പില്‍ മധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വോട്ടെടുപ്പ് തുടങ്ങിയതിനാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാകില്ലെന്ന് പെീലാസ് അറിയിച്ചു. 

റീപോളിങിന് മുഖം മറച്ചെത്തുന്ന വോട്ടര്‍മാരുടെ മുഖാവരണം നീക്കി പരിശോധിക്കും. ഇതിനായി ഒരു ഉദ്യോഗസ്ഥയെയും പ്രത്യേക സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്.