• 26 Jun 2019
  • 06: 11 PM
Latest News arrow

എക്‌സിറ്റ് പോള്‍: കേരളത്തില്‍ യുഡിഎഫ് മുന്നില്‍; കേന്ദ്രത്തില്‍ വീണ്ടും മോദി ഭരണം

17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ യുഡിഎഫ് ശക്തമായ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. യുഡിഎഫിന് 15 മുതല്‍ 16 വരെ സീറ്റും എല്‍ഡിഎഫിന് 3 മുതല്‍ 5 വരെ സീറ്റും എന്‍ഡിഎയ്ക്ക് ചിലപ്പോള്‍ ഒരു സീറ്റും ലഭിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെയുടെ പ്രവചനം.

അതേസമയം കേന്ദ്രത്തില്‍ മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 306 സീറ്റും യുപിഎയ്ക്ക് 132 സീറ്റും മറ്റു പാര്‍ട്ടികള്‍ക്ക് 104 സീറ്റുകളും ലഭിക്കും. റിപ്പബ്ലിക്-സി വോട്ടര്‍ സര്‍വ്വേയിലും എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. 287 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. 

രാജ്യത്ത് ഏറെ അനുഭവസമ്പത്തുള്ള തെരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്ര യാദവ് നരേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. എക്‌സിറ്റ് പോളിന് മുമ്പ് ദി പ്രിന്റിലൂടെയാണ് യോഗേന്ദ്ര യാദവ് ഇങ്ങിനെ പ്രവചിക്കുന്നത്.  

എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടിയേക്കും. ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും യോഗേന്ദ്ര യാദവ് പറയുന്നു. ആറ് മാസം മുമ്പ് നടത്തിയ അവകലോകനത്തില്‍ ബിജെപിയ്ക്ക് 100 സീറ്റ് വരെ നഷ്ടപ്പെടുമെന്നാണ് കരുതിയത്. എന്നാല്‍ ബാലക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതെല്ലാം പാടേ മാറി ബിജെപി സഖ്യം ഭൂരിപക്ഷം നേടുന്ന അവസ്ഥയിലെത്തി. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടായെന്നും യോഗേന്ദ്ര യാദവ് പറയുന്നു.