• 20 Oct 2019
  • 04: 59 PM
Latest News arrow

താര രാജാവിന് 59-ാം പിറന്നാള്‍: മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം

പേരിനൊപ്പം ഏട്ടന്‍ ചേര്‍ത്ത് മലയാളികള്‍ നേഞ്ചോട് ചേര്‍ത്ത അഭിനയ വിസ്മയം മോഹന്‍ലാലിന് ഇന്ന് 59-ാം പിറന്നാള്‍. താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

"പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍" എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. "നന്ദി.. നന്ദി ലൂസിഫറിന് നന്ദി. നന്ദി ഖുറേഷി അബ്രഹാം. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകള്‍ ചേട്ടാ" എന്ന് പൃഥ്വിരാജ് ഫേസ് ബുക്കില്‍ കുറിച്ചു.

നിവിന്‍ പോളി, ഉണ്ണിമുകുന്ദന്‍. പീറ്റര്‍ ഹെയ്ന്‍, സിദ്ദീഖ് തുടങ്ങി ഒട്ടനവധി സിനിമാ താരങ്ങളാണ് ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒപ്പം ആരാധക ലക്ഷങ്ങളും.

പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹന്‍ ലാലിന്റെ ജനനം. ഫാസില്‍ സംവിധാനം ചെയ്ത  'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ആദ്യമായി എത്തുന്നത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്. 

നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍... അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയത്.