• 07 Dec 2021
  • 02: 03 AM
Latest News arrow

അശീതി നിറവിൽ കവി വിഷ്ണുനാരായണൻ നമ്പൂതിരി

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ 80-ാം പിറന്നാള്‍ദിനം, സ്‌നേഹിതരും ശിഷ്യരുമൊക്കെച്ചേര്‍ന്ന് തലസ്ഥാനത്ത് ആഘോഷിച്ചത് കവിയ്ക്കുള്ള ആദരം കൂടിയായി. ഒരു ദിവസം  മുഴുവന്‍ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകള്‍ ചൊല്ലിയും പുസ്തകപ്രകാശനം നടത്തിയുമൊക്കെയായിരുന്നു ഭാരത് ഭവനിൽ നടന്ന അശീതി ( എൺപതാം പിറന്നാൾ) ആഘോഷങ്ങള്‍. സുഹൃത്ത് സുഗതകുമാരി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് സമ്മാനവുമായെത്തി. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും സ്നേഹിതരേയും ശിഷ്യരേയും കാണാനും ആശംസകളേറ്റുവാങ്ങാനും വിഷ്ണുനാരായണൻ നമ്പൂതിരി വീൽച്ചെയറിൽ പത്നി സാവിത്രിക്കൊപ്പം എത്തി. ആശംസകളുമായി എത്തിയവരുടെയൊക്കെ കൈപിടിച്ച് അദ്ദേഹം നന്ദിയും സ്‌നേഹവും അറിയിച്ചു.

ആശംസാ സമ്മേളനം ഡോ.കെ. ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗായിക ഭാവനാ രാധാകൃഷ്ണന്‍ കവിയുടെ 'ശ്രീ ബദരീശ സുപ്രഭാതം' ആലപിച്ചു. വി. മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ, കെ.വി. രാമകൃഷ്ണന്‍, ആനന്ദ് കാവാലം, ശ്രീദേവി നായര്‍ തുടങ്ങിയവര്‍ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് പദ്മദാസിന്റെ നേതൃത്വത്തില്‍ ആര്യാംബിക, അനഘ, ഗായത്രി സചീന്ദ്രന്‍, സുമേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകള്‍ ആലപിച്ചു.

'അശീതി പ്രണാമം' പരിപാടിയില്‍ 'മലയാളം പള്ളിക്കൂട'ത്തിന്റെ നേതൃത്വത്തില്‍ 80 മണ്‍ചിരാതുകള്‍ തെളിയിച്ചുകൊണ്ട് കവിയെ വേദിയിലേക്ക് ആനയിച്ചു. കവി മധുസൂദനന്‍ നായര്‍ നിറപുത്തരി നല്‍കി ആശംസകളർപ്പിച്ചു. സുഗതകുമാരി, എ.ഡി.ജി.പി. ബി. സന്ധ്യ തുടങ്ങിയവര്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.  തുടര്‍ന്ന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും സംഘവും 'ചിത്രകേതു വിജയം' കഥകളിയും അവതരിപ്പിച്ചു. കവിയുടെ ഇളയമകള്‍ അപര്‍ണയും ഈ കഥകളിയിൽ വേഷമിട്ടു.

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മൂത്തമകള്‍ അദിതി എഴുതിയ 'വൈകിയോ ഞാന്‍', വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മുത്തശ്ശൻ ശീരവള്ളി വി. നാരായണന്‍ നമ്പൂതിരിയുടെ 'ചിത്രകേതു വിജയം' ആട്ടക്കഥ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും  പിറന്നാളാഘോഷവേദിയില്‍ നടന്നു. 'വൈകിയോ ഞാന്‍' പ്രഭാവര്‍മയില്‍നിന്ന് പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി.  ഡോ. ശ്രീദേവി നായര്‍ പുസ്തക പരിചയം നടത്തി. 'ചിത്രകേതു വിജയം' കെ.എന്‍. നമ്പൂതിരിക്ക് നല്‍കി കവി മധുസൂദനന്‍ നായർ  പ്രകാശിപ്പിച്ചു. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി പുസ്തകം പരിചയപ്പെടുത്തി.ഡോ. ജോര്‍ജ് ഓണക്കൂര്‍, ശ്രീദേവി കക്കാട്, പി. നാരായണക്കുറുപ്പ് തുടങ്ങിയവരും പങ്കെടുത്തു.