ടിക് ടോകിനെയും സ്നാപ് ചാറ്റിനെയും മാതൃകയാക്കി ഇന്‍സ്റ്റഗ്രാം

സാന്‍ഫ്രാന്‍സിസ്കോ: ടിക് ടോക്കിനെയും സ്നാപ്പ്ചാറ്റിനെയും മാതൃകയാക്കി പുതിയ മാറ്റങ്ങളുമായി ഇന്‍സ്റ്റഗ്രാം. തങ്ങളുടെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി
ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി കൊണ്ടുവരും.
ഐജിടിവിയില്‍ വീഡിയോകള്‍ ഫോര്‍ യു, ഫോളോയിങ്, കണ്ടിന്യൂ വാച്ചിങ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളാക്കി ക്രമീകരിച്ചിരുന്ന രീതി മാറ്റി. പകരം അല്‍ഗൊരിതം അടിസ്ഥാനമാക്കി ഉപയോക്താക്കള്‍ക്ക് അനുയോജ്യമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി കൊണ്ടുവന്നു. ടിക് ടോക്കിലെ ഫോര്‍ യു എന്ന വിഭാഗത്തില്‍ അല്‍ഗൊരിതം അടിസ്ഥാനമാക്കി പ്രദര്‍ശിപ്പിക്കുന്ന വീഡിയോകളാണുള്ളത്. ഈ മാതൃകയാണ് ഇന്‍സ്റ്റഗ്രാം അനുകരിച്ചത്.
അതേസമയം വീഡിയോകളുടെ പട്ടിക ക്രമീകരിച്ചതിന്റെ രൂപകല്പനയിലും മാറ്റം വന്നു. മുകളില്‍ നിന്നും താഴേക്ക് നീക്കുമ്പോള്‍ പുതിയ വീഡിയോകള്‍ വരുംവിധം ഇന്‍ഫിനിറ്റി ഗ്രിഡ് മാതൃകയിലാണ് വീഡിയോ ക്രമീകരിച്ചിരിക്കുന്നത്. ഇത് സ്നാപ്ചാറ്റില്‍ നിന്നും പകര്‍ത്തിയ മാതൃകയാണ്. നേരത്തെ തിരശ്ചീനമായി ആയി സ്ക്രോള്‍ ചെയ്യുന്ന രീതിയായിരുന്നു ഐജിടിവിയില്‍ ഉണ്ടായിരുന്നത്.
2018 ലാണ് ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പങ്കുവെക്കുന്നതിനായി ഇന്‍സ്റ്റഗ്രാം ഐജിടിവി അധവാ ഇന്‍സ്റ്റഗ്രാം ടിവി തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം ആപ്പിനുള്ളില്‍ നിന്നും ഐജിടിവിയിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടെങ്കിലും ഐജിടിവിക്ക് പ്രത്യേകം ആപ്ലിക്കേഷനുണ്ട്.