• 20 Oct 2019
  • 04: 47 PM
Latest News arrow

"കോണ്‍ഗ്രസ് ഇപ്പോള്‍ മറയത്താണ്, പുറത്തേക്ക് വരാനാവും"- കെ.പി ഉണ്ണികൃഷ്ണന്‍

നെഹറുവിയന്‍ കാഴ്ചപ്പാടിലേക്കും ശൈലിയിലേക്കുമുള്ള തിരിച്ചുപോക്കാണ് കോണ്‍ഗ്രസിന് തിരിച്ചുവരാനുള്ള പോംവഴിയെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണന്‍.

കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായിട്ടില്ല. തല്‍ക്കാലം മറവിലാണ്. വീഴ്ചകള്‍ വിലയിരുത്തിയും അടിമുടി പുനഃസംഘടന വഴിയും ജനപ്രീതി ആര്‍ജിക്കാവുന്ന പദ്ധതികളിലൂടെയും, നിശ്ചദാര്‍ഢ്യത്തോടെ നീങ്ങിയാല്‍  വീഴ്ചയില്‍ നിന്നും കരകയറാനാവും. കോണ്‍ഗ്രസ് ഇപ്പോള്‍ മറവിലാണ്. മറ നീക്കി പുറത്ത് വരാന്‍ നെഹറുവിന്റെ വീക്ഷണത്തില്‍  പ്രവര്‍ത്തിച്ചാല്‍  മതിയാവുമെന്ന് പണ്ഡിറ്റ്ജിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് 'കേരളാ പോസ്റ്റി'ന് (http://www.thekeralapost.com) അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ ജാതിരാഷ്ട്രീയം കടന്നു വരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായെന്ന് ദീര്‍ഘകാലം പത്ര പ്രവര്‍ത്തകനായിരുന്ന, രാഷ്ട്രീയത്തിന്റെ അകവും പുറവും അറിയാവുന്ന ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികളിലും  ഈ പ്രവണത കടന്നു കയറിയട്ടുണ്ട്. കോണ്‍ഗ്രസിന് ഈ ജാതിരാഷ്ട്രീയ വളര്‍ച്ച തടയാനോ നിയന്ത്രിക്കാനോ വേണ്ട പരിപാടികളോ സംഘടനാശേഷിയോ കുറഞ്ഞുവന്നുവെന്നതാണ് വാസ്തവം. അത് കാണാതിരുന്നിട്ട് കാര്യമില്ല. പണ്ഡിറ്റ്ജി  ജാതിരാഷ്ട്രീയത്തിന്റെയും  വര്‍ഗീയ ശക്തികളുടേയും കടന്നുവരവ്  തടയാന്‍ ശ്രദ്ധിച്ചിരുന്നു. എവിടെയെങ്കിലും അത്തരമൊരു സൂചന കണ്ടാല്‍ എതിര്‍ക്കുമായിരുന്നു. ഇന്നിപ്പോള്‍ എല്ലായിടത്തും സമവായത്തിനുള്ള ശ്രമമാണ്. നെഹറുവിന്റെ നയവും നിലപാടുകളും പിന്‍തുടരാന്‍ കോണ്‍ഗ്രസിനും സാധിച്ചില്ല. നെഹറു കണ്ടെത്താന്‍ ശ്രമിച്ച ഇന്ത്യയും  ഇന്നുള്ളവര്‍ മനസിലാക്കിയ ഇന്ത്യയും രണ്ടും രണ്ടാണ്. ഹൈന്ദവ വര്‍ഗീയ ശക്തികളുടെ മുന്നേറ്റത്തെ തടയേണ്ടത് മതേതരത്വത്തിനും ജനാധിപത്യത്തിനും അനിവാര്യമാണ്. അതിനുളള ശക്തിയും പിന്‍ബലവും കോണ്‍ഗ്രസിനേയുള്ളൂ എന്ന് ഓര്‍ക്കണം. ജനാധിപത്യകക്ഷിയെന്ന നിലക്കുളള ഉത്തരവാദിത്തം മനസിലാക്കി നെഹറുവിയന്‍ വീക്ഷണത്തിലേക്ക് തിരിച്ചുവരണം. എങ്കില്‍ മാത്രമേ ആര്‍എസ്എസിന്റെയും ബിജെപിയുടേയും വര്‍ഗീയ ഫാസിസ്റ്റ് നീക്കങ്ങളെ നേരിടാനാവൂ.

രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം  ഒഴിയാന്‍ സന്നദ്ധനായെന്ന് വാര്‍ത്ത കണ്ടു. പക്ഷെ ആ സ്ഥാനം  ആരാണ് ഏറ്റെടുക്കുക?  പാര്‍ട്ടിയുടെ ഓജസും തേജസും വീണ്ടെടുക്കാന്‍ ദേശീയ തലത്തില്‍ സ്വീകാര്യനായ ആരുണ്ടെന്ന ചോദ്യം സ്വാഭാവികമായും ജനങ്ങളില്‍ ഉയരും.

ഇടതു പക്ഷത്തിന്റെ തകര്‍ച്ചയ്ക്കുള്ള കാരണം അവര്‍, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സൂക്ഷ്മമായി പരിശോധിച്ചു പഠിക്കണം. അവരുടെ പഴയകാല മുദ്രാവാക്യങ്ങളും, സംഘടനാശൈലിയും പ്രവൃത്തികളും രാജ്യത്തിന്റെ ഇന്നത്തെ ബഹുമുഖമായ താല്‍പ്പര്യങ്ങള്‍ക്കും ലക്ഷ്യത്തിനും നിരക്കുന്നതല്ലെന്നതാണ് ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവരേയും ചേര്‍ത്ത്‌നിര്‍ത്തിയ വികസനമാണ് അടുത്ത ലക്ഷ്യമെന്ന് ഭരണത്തില്‍ രണ്ടാമൂഴത്തിന് തയ്യാറെടുക്കുന്ന നരേന്ദ്ര മോദി പ്രതികരിച്ചതായി കണ്ടു.   അത് പക്ഷെ, വിജയലഹരിയിലുള്ള  ഒരു വെറും വാക്കോ കഴിഞ്ഞകാലത്ത് സംഭവിച്ച വീഴ്ചകളെ മറച്ചുവെക്കാനുള്ള  ഉള്‍വിളിയോ അല്ലെന്ന് കാലം  വിലയിരുത്തട്ടെ. എന്തായാലും രാജ്യത്തെ മതന്യൂനപക്ഷ - പിന്നോക്ക വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന  ഭീതിയും ആശങ്കയും കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ലെന്ന് ഉണ്ണികൃഷ്ണന്‍  സൂചിപ്പിച്ചു.