ബഹിരാകാശത്തെ രഹസ്യ ദൗത്യത്തിനായി പുറപ്പെട്ട ചൈനയുടെ റോക്കറ്റ് തകര്‍ന്നു വീണു

ബെയ്ജിംഗ്: ചൈനയുടെ അതീവരഹസ്യ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ലോങ് മാര്‍ച്ച് 4സി റോക്കറ്റും സാറ്റലൈറ്റുമാണ് ഭൂമിയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തന്നെ തകര്‍ന്നത്. ഈ വര്‍ഷം ചൈനയുടെ രണ്ടാമത്തെ റോക്കറ്റാണ് തകര്‍ന്നുവീഴുന്നത്. നേരത്തെ മാര്‍ച്ചില്‍ ചൈനീസ് ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വണ്‍സ്പേസിന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.
വിക്ഷേപണത്തിന് മുന്‍പ് മേഖലയിലൂടെ വിമാനങ്ങള്‍ പറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മുന്‍കരുതലുകളെല്ലാം എടുത്തിരുന്നു. എന്നാല്‍ പതിവുപോലെ ഔദ്യോഗികമായി അറിയിപ്പൊന്നും ചൈന നടത്തിയിരുന്നില്ല. ഉത്തര ഷാന്‍സി പ്രവിശ്യയിലെ ടായുവാന്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. കുതിച്ചുയര്‍ന്ന റോക്കറ്റ് മിനിറ്റുകള്‍ക്കകം തന്നെ നിശ്ചിത പാതയില്‍ നിന്നുമാറുകയും തകര്‍ന്നുവീഴുകയുമായിരുന്നു.