• 22 Sep 2019
  • 11: 24 AM
Latest News arrow

കാസ്റ്റിംഗ് കോളുകളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

ചലച്ചിത്ര-സീരിയൽ മേഖലയുമായി ബന്ധപ്പെട്ട് 'മിറ്റൂ' വിവാദം ഉയർന്നു വന്നപ്പോൾ അതിനോടൊപ്പം കേട്ട പദമായിരുന്നു 'കാസ്റ്റിംഗ് കൗച്ച്' (Casting couch) എന്നത്.  ചലച്ചിത്ര പ്രവർത്തകരും സംവിധായകരും അഭിനയത്വരയുള്ള യുവതീയുവാക്കളെ പടത്തിൽ അഭിനയിപ്പിക്കാമെന്ന ഉറപ്പിൽ  'കാര്യസാദ്ധ്യ'ത്തിന് പ്രേരിപ്പിക്കുന്നതിനെ സൂചിപ്പിക്കാനായിരുന്നു ആ പദം ഉപയോഗിച്ചിരുന്നത്. 'മിറ്റൂ'വിലൂടെ പുറത്തുവന്നത് ഈ മേഖലയിൽ നിലനിൽക്കുന്ന ദുഷ്പ്രവണതകളുടെ ഒരു തുമ്പ് മാത്രമായിരുന്നു. വെള്ളിവെളിച്ചം കണ്ട് പറന്നുവന്ന എത്രയെത്ര ഈയാംപാറ്റകൾ ആരോരുമറിയാതെ കരിഞ്ഞുതീർന്നിട്ടുണ്ടാകാം! പുറത്തുപറയാതെ കരഞ്ഞുതീർത്ത എത്രയെത്ര സംഭവങ്ങളുണ്ടാവാം!

സമൂഹമാദ്ധ്യമങ്ങൾ ആധിപത്യം പുലർത്തുന്ന ആധുനികകാലത്ത് കാസ്റ്റിംഗ് കൗച്ചിന് പുറമെ മറ്റൊരു പ്രവണതയും  ഉടലെടുത്തിട്ടുണ്ട്. 'കാസ്റ്റിംഗ് കോൾ' (Casting call) എന്ന പേരിൽ, പുതിയ സിനിമ-സീരിയലുകൾ /ടാലന്റ് -റിയാലിറ്റിഷോകൾ തുടങ്ങിയവയിൽ അഭിനയിക്കാൻ താൽപര്യമുള്ളവരെ ക്ഷണിക്കുന്ന പരിപാടിയാണിത്. കാസ്റ്റിംഗ് കൗച്ചിന്റെ മറ്റൊരു രൂപമാണെകിലും ഇതിൽ പണം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 'ഞങ്ങൾ പുതുതായി ആരംഭിക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്' എന്ന് പറഞ്ഞു പത്രത്തിൽ പരസ്യം കൊടുക്കുകയായിരുന്നു പഴയ പരിപാടിയെങ്കിൽ, മനോഹരമായി ഡിസൈൻ ചെയ്ത് 'casting call' എന്ന തലക്കെട്ടോടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അഭിനയമോഹികളെ ആകർഷിക്കുകയാണ് പുതിയതന്ത്രം.

ഫെയ്‌സ്ബുക്ക് , വാട്സാപ്പ്, ട്വിറ്റർ തുടങ്ങിയവയിലൂടെയാണ് ഈ 'കാസ്റ്റിംഗ് കോൾ' പ്രചാരണം ഇപ്പോൾ നടക്കുന്നത്. ഇത് കാണുന്ന അഭിനയമോഹികൾ അതിൽ പറയുന്ന നമ്പറുകളിലോ ഇ-മെയ്‌ലുകളിലോ ബന്ധപ്പെടുന്നു. അവരോട് കാര്യങ്ങൾ തിരക്കിയ ശേഷം കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയാണ് അടുത്തപടി. ഫ്ലാറ്റിലോ ഹോട്ടൽ റൂമിലോ നടക്കുന്ന കൂടിക്കാഴ്ച പലപ്പോഴും 'ഓഡിഷൻ' എന്നറിയപ്പെടുന്ന 'അഭിനയിച്ചു ഫലിപ്പിക്കൽ' എന്ന പ്രക്രിയയിലേക്ക് നീളും. ഇതിനു ശേഷമാണ്  പുതുമുഖത്തെ വീഴ്ത്താനുള്ള അടവ് പുറത്തെടുക്കുക. ഈ സിനിമ അല്ലെങ്കിൽ  സീരിയൽ ഒരു കൂട്ടായ സംരംഭമാണെന്നും താങ്കൾക്ക് ഇതിൽ എത്ര നിക്ഷേപിക്കാമെന്നും ചോദിക്കും. അന്തംവിട്ടുനിൽക്കുന്ന പുതുമുഖത്തോട് ഒരു ഒന്നൊന്നരലക്ഷമെങ്കിലും നിർമ്മാണച്ചിലവിലേക്ക് തന്നുകൂടെ എന്ന് ചോദിയ്ക്കും. ഡയലോഗുകളൊക്കെയുള്ള ഒരു റോളും വാഗ്ദാനം ചെയ്യും. അതായത് അഭിനേതാവിന്റെ കയ്യിൽ നിന്നും കാശുവാങ്ങി അഭിനയിപ്പിക്കുക എന്ന തന്ത്രം. വീട്ടിൽ അത്യാവശ്യം കാശുള്ളവരാണെങ്കിൽ എപ്പോഴോ ഓക്കേ പറഞ്ഞിട്ടുണ്ടാവും. അല്ലാത്തവർ 'ശ്രമിച്ചു നോക്കാം ' എന്ന് പറഞ്ഞു നിരാശരായി മടങ്ങും.  മറ്റു ചിലർ എങ്ങനെയും പണമുണ്ടാക്കാൻ തീരുമാനിക്കും. പെൺകുട്ടികളോടാണെങ്കിൽ അഭിനയിപ്പിക്കാൻ കാശു മാത്രമല്ല,  'വിട്ടുവീഴ്ച'കളും  ചോദിക്കാറുണ്ട്. റോള് വേണമെങ്കിൽ  'കോംപ്രമൈസ്' ചെയ്യണം എന്ന് പറയുന്നത് മറ്റൊരു രീതി.

ആവശ്യപ്പെട്ട പണം കൊടുത്തുകഴിഞ്ഞെന്നിരിക്കട്ടെ. ചിലപ്പോൾ ഒരനക്കവും ഉണ്ടാവില്ല. 'കാസ്റ്റിംഗ് കോളി'ൽ ഉള്ള നമ്പറിൽ വിളിച്ചാൽ പ്രതികരണവും ഉണ്ടാവില്ല. മറ്റു ചിലപ്പോൾ പൂജയോ ഗാനങ്ങളുടെ റെക്കോർഡിങ്ങോ നടന്നേക്കാം. അവിടെ തീരും ആ സിനിമയുടെ ഭാവി. ചിലർ അതുവരെയുള്ള കാര്യങ്ങളെല്ലാം കാണിച്ച് ഒരു പ്രൊഡ്യൂസറേയും വീഴ്ത്തി ചിത്രീകരണം ആരംഭിക്കും. ഇങ്ങനെയുള്ളവയിൽ ചിലതു പാതി വഴിക്ക് നിൽക്കുന്നതുണ്ട്; അരിഷ്ടിച്ച് തീർക്കുന്നവരുമുണ്ട്. അത് കഴിഞ്ഞാലും തിയേറ്ററിലെത്തി നാലാൾ കാണണമെങ്കിൽ വിതരണം, പബ്ലിസിറ്റി തുടങ്ങിയ കടമ്പകൾ. പിന്നെ തിയേറ്റർ, ചാനലുകളുടെ സംപ്രേഷണാവകാശം .....ഇങ്ങനെ നിരവധി കാര്യങ്ങൾ. 'കാസ്റ്റിംഗ് കോളി'ലൂടെ അഭിനേതാക്കളിൽ നിന്നും കാശുപിരിച്ച് ചലച്ചിത്രം തുടങ്ങിയ ശേഷം  എത്രപേർക്ക് ഈ കടമ്പകൾ കടക്കാനാവും!

ഇത്തരം കാസ്റ്റിംഗ് കോളിലെ ചതിക്കുഴികൾ മനസ്സിലാക്കാതെയാണ് പലരും പലപ്പോഴും ഓഡിഷനുകളിൽ പങ്കെടുക്കുന്നത്. എല്ലാവരെയും കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്. എന്നാൽ ഡിജിറ്റൽ സാങ്കേതികത ഏതു സാധാരണക്കാരനും കയ്യെത്തിപ്പിടിക്കുവാൻ കഴിയുന്ന വർത്തമാനകാലത്ത് നിറയെ ചതിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ആർക്കും സംവിധായകനാവാം എന്ന അവസ്ഥ സംജാതമായതോടെ ഒരു മിനിറ്റുള്ള ഹ്രസ്വ സിനിമകൾ മുതൽ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർസിനിമകൾക്ക് വരെ കാസ്റ്റിംഗ് കോൾ പ്രവാഹമാണ്. ഇത്തരത്തിൽ ഒരു കാസ്റ്റിംഗ് കോൾ വാട്സാപ്പിൽ കണ്ട് ഓഡിഷന് പോയ ഒരു യുവാവിനോട് ഒരു റോളിന് ചോദിച്ചത് ഒരു ലക്ഷം രൂപയാണ്. ഇത്തരം ദുരനുഭവങ്ങൾ നിരവധിപേർ ഇപ്പോൾ തുറന്നു പറയുന്നുണ്ട്.

രജിസ്‌ട്രേഷൻ ഫീസ് ആവശ്യപ്പെടുക, ഓഡിഷൻ നടത്താതെ തിരഞ്ഞെടുത്തതായി പറയുക, പ്രൊഫഷണൽ അല്ലാത്ത രീതിയിൽ ഇടപെടുക, കോംപ്രമൈസ് ചെയ്യണമെന്നോ ഗ്ലാമറസായി അഭിനയിക്കേണ്ടി വരുമെന്നോ ഉള്ള മുന്നറിയിപ്പ്, പെട്ടെന്ന് ചില കാര്യങ്ങൾക്കു ഫീസ് എന്ന രീതിയിൽ പണം ആവശ്യപ്പെടൽ തുടങ്ങിയ പരാതികളൊക്കെ പല കാസ്റ്റിംഗ് കോളുകളുമായും ബന്ധപ്പെട്ട് ഉയർന്നു വരുന്നുണ്ട്.

കാസ്റ്റിംഗ് കോളിന്റെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം മാത്രം പ്രതികരിക്കുകയാണ് കുരുക്കുകളിൽ ചെന്ന് ചാടാതിരിക്കാനുള്ള  പോംവഴി. കാണുമ്പോൾ തന്നെ പ്രതികരിക്കുന്നതിന് പകരം ആരാണ്, എന്താണ് എന്നൊക്കെ മനസ്സിലാക്കി മുന്നോട്ടു പോവുകയാവും നല്ലത്. ആദ്യം തന്നെ ആരെങ്കിലും ഇങ്ങോട്ട് പണം ഓഫർ ചെയ്യുകയോ അല്ലെങ്കിൽ അങ്ങോട്ട് പണം ആവശ്യപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും സൂക്ഷിക്കുക.

നിങ്ങൾ കഴിവുള്ള ഒരു അഭിനേതാവാണെങ്കിൽ ആ കഴിവും മികവും തന്നെ ധാരാളം .