• 22 Sep 2019
  • 12: 09 PM
Latest News arrow

സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ രണ്ട് മാസം ഗ്രാമങ്ങളുടെ തുടിപ്പ് കണ്ടറിയണം

മാതാ അമൃതാനന്ദമയി

നമ്മുടെ രാജ്യത്തെ സര്‍വ്വകലാശാലകള്‍ അവിടെയുള്ള കുട്ടികളെ രണ്ടു മാസക്കാലത്തേക്കെങ്കിലും ഗ്രാമങ്ങളിലേക്ക് അയക്കണമെന്ന് മാതാഅമൃതാന്ദമയി. ഈ യുവാക്കള്‍ ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ നേരിട്ടുമനസിലാക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. അതു വഴി പാവപ്പെട്ടവരെ സഹായിക്കാനും കാരുണ്യവും സഹാനുഭൂതിയും പകരാനും യുവതലമുറയെ പ്രേരിപ്പിക്കുമെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു.
 ഇന്നത്തെ സര്‍വ്വകലാശാലകള്‍ അവിടെ ജോലി ചെയ്യുന്ന ഗവേഷകരുടെ വളര്‍ച്ചയും സ്ഥാനക്കയറ്റവും തീരുമാനിക്കുന്നത് അവര്‍ എത്ര പേപ്പറുകള്‍ സമര്‍പ്പിച്ചു, എത്രഫണ്ട് കൊണ്ടുവന്നു, ബുദ്ധിപരമായി അവര്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചു എന്നതിനെ ആശ്രയിച്ചാണ്. അതിനോടൊപ്പം സമൂഹത്തില്‍ താഴെക്കിടയിലുള്ളവര്‍ക്ക് ഇവരുടെ ഗവേഷണങ്ങള്‍  എത്രമാത്രം ഉപകരിച്ചു, അവര്‍ക്കെന്തുമാത്രം സേവനം ചെയ്യാന്‍ സാധിച്ചു എന്നു കൂടി  പരിഗണിക്കണം. അങ്ങിനെയൊരു നിലപാട് സ്വര്‍ണ്ണത്തിന് സുഗന്ധം പോലെയാവുമെന്ന് അമ്മ സൂചിപ്പിച്ചു.
വിജ്ഞാനം ഒരു നദിപോലെയാണ്. നിരന്തരം ഒഴുകുക എന്നതാണ് അതിന്റെ സ്വഭാവം. എവിടെയെല്ലാം ഒഴുകി എത്താമോ  അതിനിടെയെല്ലാം ഒഴുകി എത്തി സംസ്‌ക്കാരത്തെ പുഷ്ടിപ്പെടുത്തുന്നു. എന്നാല്‍ അതേ വിജ്ഞാനം മൂല്യങ്ങളില്‍ നിന്നും വേര്‍പെട്ടാല്‍ ആസുരമായി തീരും. ലോകനാശത്തിന് തന്നെ കാരണമായി തീരും. മൂല്യങ്ങളും വിജ്ഞാനവും ഇഴുകിച്ചേരുമ്പോള്‍ മനുഷ്യനന്മയ്ക്കുള്ള  ശക്തമായ ഘടകമായി തീരും. ചെറിയ ശരിയില്‍ നിന്നും വലിയ ശരിയിലേക്കുള്ള പ്രയാണമാണ് ഭൗതിക വിജ്ഞാനത്തിന്റെ മാര്‍ഗം. എന്നാല്‍ ആത്യന്തികമായ ജീവിതസാഫല്യമാണ് ആദ്ധ്യാത്മികതയുടെ ലക്ഷ്യം. കാണപ്പെടുന്ന പ്രപഞ്ചവും കാണുന്ന വ്യക്തിയും അടിസ്ഥാനപരമായി ഒരേ സത്തയാണ്. ആ അറിവിന്റെ സീമയിലേക്ക് ഭൗതിക ശാസ്ത്രം ഇന്ന് എത്തി  നോക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആദ്ധ്യാത്മികതയും ഭൗതിക വിജ്ഞാനവും പരസ്പരം കൈകോര്‍ക്കുന്ന ഒരു കാലഘട്ടത്തിന്റെ പടിവാതിലിലാണ് ഇന്ന് മനുഷ്യരാശി വന്നു നില്‍ക്കുന്നതെന്ന് അമ്മ അഭിപ്രായപ്പെട്ടു.
 ഇന്ന് ലോകത്തില്‍  മനുഷ്യരാശി രണ്ടു തരത്തിലുള്ള ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ആഹാരം വസ്ത്രം പാര്‍പ്പിടം  ഇവ കിട്ടാതെ ദാരിദ്ര്യം  അനുഭവിക്കുന്നവരാണ് ആദ്യത്തേത്. രണ്ടാമത്തേത് സ്‌നേഹവും കാരുണ്യവും ലഭിക്കാതെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍. ഇതില്‍ രണ്ടമേത്തതാണ് പ്രഥമ പരിഗണന അര്‍ഹിക്കുന്നത്. കാരണം മനസില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടെങ്കില്‍ ആഹാരവും വസ്ത്രവും കിടപ്പാടവുമില്ലാതെ കഷ്ടപ്പെടുന്നവരെ നിറഞ്ഞ മനസോടെ സ്‌നേഹിക്കാനും സേവിക്കാനും സഹായിക്കാനും സാധിക്കുമെന്ന് അമൃതാന്ദമയി സൂചിപ്പിച്ചു.

( മാതൃവാണിയോട് കടപ്പാട്)