• 28 May 2020
  • 07: 34 PM
Latest News arrow

'വൈറസ്': ഒരു ഇതിഹാസത്തിന്റെ പകര്‍ന്നാട്ടം

പ്രളയമാകട്ടെ, എത്ര കൊടിയ വൈറസാകട്ടെ മലയാളികളുടെ ഐക്യത്തിന്റെയും ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന്റെയും മുമ്പില്‍ മൂക്കും കുത്തി വീഴുന്ന കാഴ്ച കുറച്ചു കാലങ്ങളായി നമ്മെ ആവേശം കൊള്ളിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് നാം തുരത്തിയോടിച്ച നിപ്പ വൈറസ് വീണ്ടും തലപൊക്കിയപ്പോള്‍ ആരുടെയും ജീവനെടുക്കാന്‍ സാധിക്കാതെ ആ വൈറസ് ചമ്മിപ്പോകുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ഭീകരരൂപം പൂണ്ടെത്തിയ ആ മഹാവിപത്തിന് ഉറഞ്ഞ് തുള്ളാന്‍ ഇടം നല്‍കാതെ വരിഞ്ഞുകെട്ടി നാം. ആ സംഭവമാണ് 'വൈറസ്' എന്ന സിനിമ കാണിച്ചു തരുന്നത്. ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍ ഡയറക്ടര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ വരെയുള്ളവരുടെ അശ്രാന്ത പരിശ്രമത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായി നിപ്പയുടെ മേല്‍ നേടിയ വിജയത്തിന്റെ വീരഗാഥയാണ് 'വൈറസ്' പാടുന്നത്.

നിപ്പ ആക്രമണമുണ്ടായ സമയത്ത് അതിനെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പത്രമാധ്യമങ്ങളിലൂടെ നാം അറിയുന്നുണ്ടായിരുന്നെങ്കിലും അതിന് ചുക്കാന്‍ പിടിച്ചവരുടെ സമര്‍പ്പണത്തെയും മനോഭാവത്തെയും തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. അതിനാല്‍ ജനങ്ങളെല്ലാം പേടിച്ച് വിറച്ച് പുറത്തിറങ്ങാന്‍ പോലും മടിച്ചിരുന്ന സമയത്ത്, നിപ്പ ബാധിച്ചവരുടെ വീടും പരിസരവും സമൂഹ ബഹിഷ്‌കരണം നേരിടേണ്ടി വന്ന സമയത്ത്, സ്വന്തം ജീവന്‍ പോലും പണയം വെച്ച് നാടിനെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ആളുകളുണ്ട്. 'വൈറസ്' കാണിച്ചു തരുന്നത് അവരെയാണ്. അതും ഒരാളുടെപോലും ത്യാഗത്തെ ഒട്ടും കുറച്ചുകാണാതെ. 'വൈറസ്' എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും അതാണ്. ഈ സിനിമയില്‍ നായകനോ നായികയോ ഇല്ല. എല്ലാവരും നായകനാണ്, നായികയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഒരു പോലെ, ഒരേ പ്രധാന്യത്തോടെ അണിനിരക്കുന്നു. യഥാര്‍ത്ഥത്തില്‍ നിപ്പയോട് പോരാടിയവരോടുള്ള ആദരവാണ് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ്.

ആദ്യമവസാനം എന്തെന്ന് ഏവര്‍ക്കുമറിയാവുന്ന ഒരു കഥ. നിപ്പ വന്നതും പോയതുമെല്ലാം അറിയാത്തവരുണ്ടാകില്ല. അപ്പോള്‍ പിന്നെ ആ കഥ പറയണമെങ്കില്‍ വന്നതിനും പോയതിനുമിടയില്‍ എന്ത് നടന്നുവെന്ന് പറയണം. അതും ജനങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ഒരു വീക്ഷണ കോണില്‍ പറയണം. 'വൈറസ്' എന്ന സിനിമ അക്കാര്യത്തില്‍ പൂര്‍ണമായും വിജയിച്ചു. തുടക്കത്തിനും ഒടുക്കത്തിനുമിടയില്‍ എന്ത് സംഭവിച്ചു, നിപ്പയെ എങ്ങിനെയാണ് തുരത്തിയോടിച്ചത്... 'വൈറസ്' എന്ന സിനിമ പറയുന്നത് ആ കഥയാണ്, അല്ല ചരിത്രമാണ്.

ത്രില്ലര്‍ മോഡില്‍ ഒരുക്കിയ കരുത്തുറ്റ തിരക്കഥയാണ് വൈറസിന്റെ നട്ടെല്ല്. യാഥാര്‍ത്ഥ്യത്തിന്റെ തീവ്രതയും പോാരട്ടത്തിന്റെ ചൂടും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളും തിരക്കഥയില്‍ കൃത്യമായി രേഖപ്പെടുത്തുന്നു. പുറത്ത് നിന്ന് കാണുന്ന ഒരാളുടെ കണ്ണിലൂടെയല്ല, മറിച്ച് ഓരോ കഥാപാത്രത്തിന്റെയും വൈകാരികതയിലൂടെ സഞ്ചരിച്ചാണ് ചിത്രം കഥ പറയുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ബാബുരാജ് എന്ന ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം, ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറുടെ കഥാപാത്രം, ആബിദ് എന്ന ഡോക്ടര്‍ (ശ്രീനാഥ് ഭാസി), നഴ്‌സ് അഖില (റീമ കല്ലിങ്കല്‍) അവരുടെ ഭാര്‍ത്താവ് സന്ദീപ് (ഷറഫുദ്ദീന്‍), മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന ഡോക്ടര്‍ സുരേഷ് രാജന്‍ (കുഞ്ചാക്കോ ബോബന്‍), കോഴിക്കോട് ജില്ലാ കളക്ടര്‍ (ടൊവിനോ തോമസ്), ഡോ. അനു (പാര്‍വ്വതി തിരുവോത്ത്), നിപ്പ രോഗികളായ വിഷ്ണു (ആസിഫ് അലി), റസാഖ് (ഇന്ദ്രന്‍സ്), ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. റഹീം (റഹ്മാന്‍), എന്നിങ്ങിനെ സൗബിന്‍ സാഹിര്‍ അവതരിപ്പിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ വരെ വികാര വിചാരങ്ങള്‍ക്ക് അത്രമാത്രം പ്രാധാന്യം നല്‍കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു... തിരക്കഥ. 'സുഡാനി ഫ്രം നൈജീരിയ'യുടെ തിരക്കഥയില്‍ പങ്കാളിയായിട്ടുള്ള മുഹ്‌സിന്‍ പാരാരിയും സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സക്കറിയ (സക്കറിയ മുഹമ്മദ്) എന്ന രോഗിയെ ഇന്‍ഡക്‌സ് ആക്കി വെച്ച് അയാളില്‍ നിന്നും മറ്റുള്ളവരിലേക്ക് എങ്ങിനെ രോഗം പടര്‍ന്നെന്നും ഇനി ആര്‍ക്കൊക്കെ രോഗം പടരാം എന്ന കാര്യവുമാണ് ഈ സിനിമ അന്വേഷിക്കുന്നത്. ആ അന്വേഷണ വഴികളില്‍ തെളിയുന്ന സത്യം സംസാരിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജിനോടാണ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത അര്‍ത്ഥപൂര്‍ണമായ രംഗങ്ങളിലൂടെ, കണ്ണുള്ളവന്‍ കാണട്ടെ എന്ന മട്ടിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനെ സിനിമ അവതരിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജ് പിജി സ്റ്റുഡന്റായ ഡോ ആബിദിന്റെയും കൂട്ടുകാരന്റെയും ഹോസ്റ്റല്‍ മുറി, ക്വാഷ്വാലിറ്റിയിലെ തിക്കും തിരക്കിനിടയില്‍ നടത്തുന്ന ചികിത്സ, ശുചിത്വമോ സുരക്ഷയോ ഇല്ലാത്ത സാഹചര്യത്തിലേക്ക് വാഹനാപകടത്തില്‍ തലയും മുഖവും പൊട്ടിപ്പൊളിഞ്ഞ രോഗിയെ കൊണ്ടുവരുന്നത്, ആര്‍ക്കും കയറിയിറങ്ങാവുന്ന സിടി സ്‌കാന്‍ റൂം, സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന രോഗി മറ്റു രോഗികളുടെ മേലും കൂട്ടിരിപ്പുകാരുടെ മേലും ഛര്‍ദ്ദിക്കുന്നത്, ആംബുലന്‍സില്‍ വീണ ഛര്‍ദ്ദില്‍ കഴുകി വൃത്തിയാക്കാതെയിരിക്കുന്നത്, മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വേസ്റ്റിന്റെ കൂമ്പാരം, തുടങ്ങിയ കാര്യങ്ങളെല്ലാം അധിക ശ്രദ്ധ കൊടുക്കാതെ വളരെ സാധാരണ സംഗതിയാണെന്ന മട്ടിലാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നത്. പക്ഷേ, ഇവയെല്ലാം പ്രേക്ഷകന്റെ അധിക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. നിപ്പ പടര്‍ന്ന് പിടിച്ച സമയത്ത് ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിക്കുകയും അതിന് ശേഷം കൈയ്യൊഴിയപ്പെടുകയും ചെയ്ത കരാര്‍ ജീവനക്കാര്‍ ആശുപത്രിയ്ക്ക് മുമ്പില്‍ സമരം ചെയ്തത് പത്രമാധ്യമങ്ങളിലൂടെ ഏവരും കണ്ടതാണ്. ഇതും ചിത്രത്തില്‍ പരോക്ഷമായും ശക്തമായും പ്രതിപാദിക്കുന്നുണ്ട്. 

നിപ്പയെ നേരിടാന്‍ 'ചാക്കിനുള്ളില്‍' (വെള്ള സുരക്ഷാ വസ്ത്രം) കയറുകയും നിപ്പ തിന്ന ശവങ്ങള്‍ മറവു ചെയ്യാന്‍ അസാമാന്യ ധീരതയോടെ രംഗത്ത് വരുകയും ചെയ്യുന്ന ഡോ. ബാബുരാജ് (ഇന്ദ്രജിത്ത്) എന്ന കഥാപാത്രത്തിന്റെ മനോഭാവും സംസാരവുമാണ് ചിത്രത്തില്‍ ഏറ്റവും കയ്യടി നേടുന്നത്. ജില്ലാ കളക്ടര്‍ (ടൊവിനോ) ആംബുലന്‍സ് ഡ്രൈവര്‍മാരോട് സംസാരിക്കുന്ന സമയത്ത് കോഴിക്കോട്ടെ ജനങ്ങളുടെ സേവന മനോഭാവത്തെ അത്ഭുതമായി പ്രകീര്‍ത്തിയ്ക്കുന്നതും കയ്യടി വാങ്ങിയ രംഗമാണ്. നിപ്പയോട് മല്ലിടുന്ന ഉണ്ണിക്കൃഷ്ണനെ അവതരിപ്പിച്ച സൗബിന്‍ സാഹിര്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചു. വിജനമായ ആശുപത്രി വരാന്തയില്‍ ഒരു സ്‌ട്രെച്ചറില്‍ കിടന്നുറങ്ങുന്ന മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ സുരേഷ് രാജന്‍ (കുഞ്ചാക്കോ ബോബന്‍), നിപ്പ ബാധിച്ച് മരിച്ചവരുടെ വീടുകളിലേക്ക് കയറിച്ചെല്ലാനും അവിടെ നിന്ന് ചായ കുടിയ്ക്കാനും രോഗിയുടെ അടുത്ത് സുരക്ഷാ വസ്ത്രമില്ലാതെ സംസാരിക്കാനും വരെ തയ്യാറായ ഡോ. അനു (പാര്‍വ്വതി), ഒരു ജോലിയായിട്ട് മാത്രമല്ല തന്റെ ജോലിയെ കാണുന്നതെന്ന് പറയുന്ന അറ്റന്‍ഡര്‍ (ജോജു), ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ശക്തമായ നേതൃത്വം, കേന്ദ്രത്തില്‍ നിന്ന് വന്നവര്‍ വര്‍ഗീയത പുരണ്ട തീവ്രവാദ ആക്രമണം നിപ്പയുടെ മേല്‍ സംശയിക്കുന്നതിനെയും മതപരമായ വിഷയങ്ങളെയും സമനില കൈവിടാതെ കേരളത്തിലെ ഉന്നതതല സംഘം ഒറ്റക്കെട്ടായ് നേരിടുന്നത്, എന്നിങ്ങിനെ എഴുന്നേറ്റ് നിന്ന് ആദരിക്കാനും കയ്യടിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിരവധി കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ഉള്‍പ്പെടുത്തിയാണ് 'വൈറസ്' തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ നിപ്പയുടെ ഉറവിടത്തെക്കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യത്തെയും വളരെ ബുദ്ധിപൂര്‍വ്വം തന്നെ സിനിമ നേരിട്ടു.

ഗംഭീരമായ തിരക്കഥയ്ക്ക്, പ്രേക്ഷകനില്‍ ഊര്‍ജവും ആവേശവും നിറയ്ക്കാന്‍ പാകത്തിന് ജീവന്‍ കൊടുത്ത സംവിധായകന്‍ ആഷിഖ് അുബുവിന്റെ മികവിനും കയ്യടി. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്ന രീതിയും പ്രശംസനീയമാണ്. പല രംഗങ്ങളും വര്‍ത്തമാന കാലത്തിനും ഭൂതകാലത്തിനുമിടയില്‍ വന്നുപോയുമിരിക്കുകയാണ്. ഇത്തരം കയറിയിറങ്ങലുകളാണ് ചിത്രത്തിന്റെ ഭൂരിഭാഗവും. എവിടെയും എളുപ്പത്തില്‍ പാളിപ്പോകാവുന്ന അവസ്ഥ. പക്ഷേ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും എഡിറ്റ് ചെയ്ത് ആ അപകടത്തെ വിജയകരമായി മറികടന്നിട്ടുണ്ട്. ചിത്രത്തില്‍ പാട്ടുകള്‍ക്ക് സ്ഥാനം നല്‍കിയിട്ടില്ല. രാജീവ് രവിയുടെയും ഷൈജു ഖാലിദിന്റെയും ഛായാഗ്രഹണ മികവും ചിത്രത്തിന് പൂര്‍ണത നല്‍കി. കളക്ടറുടെ ചിന്തകളെ ആവിഷ്‌കരിച്ച രംഗത്തിലെ കളര്‍ ടോണ്‍ എടുത്ത് പറയേണ്ടതാണ്.

നിപ്പയെ കേരളം പ്രത്യേകിച്ച് കോഴിക്കോട് നേരിട്ടത് ഒരു ഇതിഹാസമാണ്. അനേകം വ്യക്തികള്‍, സ്വയം മറന്നും സ്വന്തം ജീവന്‍ പണയം വെച്ചും രചിച്ച പോരാട്ടത്തിന്റെ ഇതിഹാസം. ആ ഇതിഹാസത്തെ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയപ്പോള്‍ അണുവിട പിഴച്ചിട്ടില്ലെന്ന് ആഷിഖ് അബുവിനും കൂട്ടര്‍ക്കും ആശ്വസിക്കാം. 

 

 

 

 

 

Editors Choice