• 18 Sep 2019
  • 10: 46 AM
Latest News arrow

ഗിരീഷ് കര്‍ണാട് അന്തരിച്ചു

പത്മഭൂഷൺ, ജ്ഞാനപീഠം പുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്

മുംബൈ: പ്രശസ്ത കന്നഡ നാടകകൃത്തും ജ്ഞാനപീഠ ജേതാവും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസ്സായ അദ്ദേഹം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സിലായിരുന്നു.

ഇന്ത്യയിലെ നാടകപ്രവര്‍ത്തകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ഗിരീഷ് കര്‍ണാട്. 'നാഗമണ്ഡല', 'തുഗ്ലക്', 'യയാതി', 'ഹയവദന' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകങ്ങള്‍. 

1938-ല്‍ മുംബൈയിലെ കര്‍ണാടില്‍ കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ചരിത്ര വിഷയങ്ങള്‍ പ്രമേയമാക്കി നാടകങ്ങള്‍ രചിച്ച ഗിരീഷ് കര്‍ണാട് അവയില്‍ പുതിയ കാലഘട്ടത്തിന് യോജിക്കുന്ന മേഖലകള്‍ കണ്ടെത്തി. ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലിക പ്രശ്‌നങ്ങളെ അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹം കന്നഡയില്‍ എഴുതിയ ആദ്യത്തെ നാടകം 'യയാതി'യും 'ഹയവദന'യും രാജ്യാന്തര ശ്രദ്ധ നേടി. 'തുഗ്ലക്കാ'ണ് കര്‍ണാടിന്റെ മാസ്റ്റര്‍പീസ് എന്ന് അറിയപ്പെടുന്ന കൃതി. നെഹ്‌റു യുഗത്തെ പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത നാടകമായിരുന്നു ഇത്. 1974-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും 1998-ല്‍ ജ്ഞാനപീഠ പുരസ്‌കാരവും ഗിരീഷ് കര്‍ണാടിനെ തേടിയെത്തി.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍ബ്രൈറ്റ് സ്‌കോളറുമായിരുന്നു. സിനിമാ അഭിനയരംഗത്തും സംവിധാന രംഗത്തും ഗിരീഷ് കര്‍ണാട് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എട്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ 'സംസ്‌കാര' (1970) എന്ന കന്നഡ ചലച്ചിത്രം ഇതിലുൾപ്പെടുന്നു.