• 22 Sep 2019
  • 11: 43 AM
Latest News arrow

ആന്റണിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ വല്ല രഹസ്യ അജണ്ടയുമുണ്ടോ?

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിക്ക് എതിരെ ആരംഭിച്ച സൈബര്‍ ആക്രമണം ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉണ്ടായ കനത്ത പരാജയത്തെക്കാള്‍  വലിയ വാര്‍ത്തയും ചര്‍ച്ചയുമായി മാറിയിരിക്കയാണ്. എന്താവും സൈബര്‍ ഗുണ്ടകള്‍ക്ക് ആന്റണിയോട് ഇത്രയും കഠിനമായ ഒരു വിരോധത്തിന് കാരണം?  തെരഞ്ഞെടുപ്പില്‍  കനത്ത തോല്‍വിക്കുളള കാരണം,  ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബിജെപി ഇതരപാര്‍ട്ടികളുമായി യോജിപ്പുണ്ടാക്കാത്തതിനാലാണെന്നും അതിന് ഉത്തരവാദി ആന്റണിയാണെന്നുമാണ് സൈബര്‍ ആക്രണകാരികളുടെ വിലയിരുത്തല്‍.

എന്നാല്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം, ദേശീയതലത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്നതിലും മോദിയുടെ തെറ്റായ  നടപടികളെ തുറന്നു കാട്ടുന്നതിലും  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും തനിക്ക് പൂര്‍ണ്ണ പിന്‍തുണയും സഹകരണവുമുണ്ടായിട്ടില്ലെന്നതാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും  നേതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും തുറന്നു പറഞ്ഞിട്ടുണ്ട്. അത് പക്ഷെ എകെ ആന്റണിയെക്കുറിച്ചാവാന്‍ തരമില്ല. രാഹുലിനോ സഹോദരിക്കോ ആന്റണിയോട്  തെല്ലും അസംതൃപ്തി തോന്നാന്‍ ഇടയില്ല. 

മത്സരരംഗത്ത് മക്കള്‍ക്ക് വേണ്ടി ടിക്കറ്റിന് വാശിപിടിക്കുകയും പ്രചാരണ രംഗത്ത് മക്കള്‍ക്ക് വേണ്ടി സമയം വിനിയോഗിക്കുകയും ചെയ്ത ചില  നേതാക്കളെപ്പറ്റി രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. അവരില്‍ രണ്ടുപേര്‍ ആറ് മാസം മുമ്പ് നടന്ന സംസ്ഥാന നിമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍നേട്ടത്തില്‍ മുഖ്യമന്ത്രി കസാല വാശിപിടിച്ച് കരസ്ഥമാക്കിയവരാണെന്നതും പരസ്യമാണ്. എന്നാല്‍ ഈ വന്‍ മുഖങ്ങളുടെ പട്ടികയിലൊന്നും ആന്റണി ഉള്‍പ്പെടുന്നില്ല.

അതേ അവസരത്തില്‍ മക്കള്‍ക്ക്  വേണ്ടി പോരാടിയ മുഖ്യമന്ത്രിമാരുടെ  സംസ്ഥാനത്ത് കോണ്‍ഗ്രസ് ലോകസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൈവരിച്ച വന്‍ നേട്ടം നിലനിര്‍ത്താന്‍ അവിടുത്തെ മുഖ്യമന്ത്രിമാര്‍ക്കോ മറ്റുള്ളവര്‍ക്കോ സാധിച്ചില്ലെന്ന് വ്യക്തം. ആ  പരാജയത്തിന്റെ പാപഭാരവും ആന്റണിയുടെ തലയില്‍ കെട്ടിവച്ചുകൂടല്ലൊ. മാത്രമല്ല  2004 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ചരിത്രവുമുണ്ട് ആന്റണിക്ക്.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള  ബിജെപി ഇതര കക്ഷികളുമായി നീക്ക് പോക്ക് ഉണ്ടാക്കേണ്ടത് പൂര്‍ണ്ണമായും ആന്റണിയുടെ ഉത്തരവാദിത്തമാണെന്ന മട്ടിലാണ് വിമര്‍ശനം. അതിന് പറയുന്നകാരണം, ഈ കക്ഷികളുമായി സംസാരിച്ച് സഹകരണം ഉറപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച ഉപസമിതിയുടെ ചെയര്‍മാന്‍ ആന്റണിയായിരുന്നുവെന്നതാണ്. ഈ ഉപസമിതിയില്‍ പ്രമുഖരായ നേതാക്കള്‍ വേറെയുമുണ്ട്. ഈ ഉപസമിതി ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ലെന്നും സമിതിയുടെ പ്രവര്‍ത്തനം കൊണ്ട് എന്ത് നേട്ടമുണ്ടായിട്ടുണ്ടെന്നും ദേശീയ തലത്തില്‍ചില മാധ്യമങ്ങളില്‍ വിമര്‍ശനവും ഉന്നയിച്ചു കണ്ടു. അത്  വിശദീകരിക്കേണ്ടത് ആന്റണിയോ ഉപസമിതിയിലെ മറ്റ് അംഗങ്ങളോ ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറുള്ള ചില കക്ഷികളുമായി തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും മറ്റും ചര്‍ച്ചനടത്തുകയും കൂട്ടായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസിന്നകത്ത് നില നിന്നു പോരുന്ന  ഗ്രൂപ്പ് കുന്നായ്മ ഇപ്പോഴത്തെ സൈബര്‍ ആക്രമണത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നവര്‍ ഇല്ലാതില്ല.  അതിനുള്ള  കാരണം മറ്റൊന്നല്ല. ഇപ്പോളത്തെ തോല്‍വിക്കുള്ള   ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷപദം ഒഴിയാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവുകയാണല്ലൊ. ഗാന്ധി കുടും ബത്തിന് പുറത്ത് നിന്ന് ഒരാള്‍  ആ ചുമതല ഏറ്റെടുക്കണമെന്ന് രാഹുല്‍ സൂചിപ്പിച്ചിട്ടുമുണ്ട്. ദേശീയ തലത്തില്‍ ഒരു മുതിര്‍ന്ന നേതാവ് ഈ സ്ഥാനത്ത് വരട്ടെയെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ രാഹുല്‍ അല്ലാതെ മറ്റൊരാള്‍ പാര്‍ട്ടിയെ നയിക്കാന്‍ ഇല്ലെന്ന വിശ്വാസത്തിലാണ് ആന്റണി ഉള്‍പ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രവര്‍ത്തകരും. എന്ത് സമ്മര്‍ദ്ദമുണ്ടായാലും തനിക്ക് സ്ഥാനം  തുടരാന്‍ തല്‍ക്കാലം വയ്യെന്ന് രാഹുല്‍ അടുപ്പമുള്ളരോട് സൂചിപ്പിച്ചിട്ടുണ്ടത്രെ. ഈ സാഹചര്യത്തില്‍ പുതിയൊരു പ്രസിഡന്റിനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമാവും. കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലെ മുതിര്‍ന്ന അംഗവും എല്ലാ സംസ്ഥാനങ്ങളിലും  അംഗീകാരമുള്ള ഒരാളെ കണ്ടെത്തേണ്ടിവരും. അത് ഒരു പക്ഷെ ആന്റണിയായിക്കൂടെന്നില്ല.

കോണ്‍ഗ്രസിന്റെ  ചരിത്രത്തില്‍ സ്വാതന്ത്യത്തിന് മുമ്പ് ഒറ്റപ്പാലത്തുകാരനായ ചേറ്റൂര്‍ ശങ്കരന്‍നായര്‍ അല്ലാതെ മറ്റൊരു മലയാളി ഇന്നേ വരേ പാര്‍ട്ടിയുടെ തലപ്പത്ത് വന്നിട്ടില്ല. അങ്ങിനെ സംഭവിക്കുന്നതില്‍ അസഹിഷ്ണുതയുള്ള വല്ല പ്രവര്‍ത്തകരും സൈബര്‍ ഗുണ്ടകളുടെ കൂട്ടത്തിലുണ്ടോ എന്ന്    ഊഹിക്കുന്നവരുണ്ട്.

ഏതായാലും ആന്റണിക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബന്നി ബഹനാന്റെ പ്രസ്താവന കണക്കിലെടുത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും  ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷെ  ആക്രമണത്തിന്റെ മുനയൊടിക്കാനെങ്കിലുമാവും.   വിമര്‍ശനത്തിന് പിന്നില്‍ വല്ല രഹസ്യ അജണ്ടയുമുണ്ടോ  എന്നും  അറിയാനാവും.