• 31 May 2020
  • 04: 48 PM
Latest News arrow

''രാത്രിയില്‍ ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ ആ പിഞ്ചുകുട്ടികള്‍ മരിക്കില്ലായിരുന്നു''

ബിഹാറിലെ മുസാഫര്‍പൂരില്‍ പിഞ്ചുകുട്ടികള്‍ മരിച്ചുവീണുകൊണ്ടിരിക്കുന്ന വേദനാജനകമായ കാഴ്ചയാണ് ഓരോ ദിവസവും നമ്മുടെ മുമ്പില്‍ തെളിയുന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിക്കുന്നതെന്ന് പറയുമ്പോഴും ഒരു മാസത്തിനുള്ളില്‍ മുസാഫര്‍പൂരില്‍ മാത്രം നാനൂറിലേറെ കുട്ടികള്‍ക്ക് എങ്ങിനെ മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്. ഇതുവരെ 112 ഓളം കുട്ടികള്‍ മരിച്ചെന്നും 300ലധികം കുട്ടികള്‍ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിന് മുമ്പും ബിഹാറില്‍ മസ്തിഷ്‌കജ്വരം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2012 മുതല്‍ 2014 വരെയും 2016 മുതല്‍ 2018 വരെയുമായിരുന്നു അത്. അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രം എന്ന ശാസ്ത്രീയ നാമത്തിലാണ് മസ്തിഷ്‌കജ്വരം അറിയപ്പെടുന്നത്. എന്നാല്‍ കുട്ടികളിലെ രോഗം എന്‍സഫലൈറ്റിസ് അല്ല മറിച്ച് ഹൈപ്പോഗ്ലൈസീമിയ എന്‍സഫലോപ്പതിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൈപ്പോഗ്ലൈസീമിയയും എന്‍സെഫലോപ്പതിയും ചേര്‍ന്നുള്ള അവസ്ഥയാണിത്. അതിനെക്കുറിച്ച് മനസ്സിലാക്കാം...

എന്താണ് എന്‍സഫലോപ്പതി?

വൈറസ് ബാധമൂലം ഉണ്ടാകുന്ന രോഗമാണ് എന്‍സഫലൈറ്റിസെങ്കില്‍ എന്‍സഫലോപ്പതിയാകട്ടെ ബയോകെമിക്കല്‍ രോഗമാണ്. ഇത് എന്‍സഫലൈറ്റിസിനെപ്പോലെ തലച്ചോറിനെ നേരിട്ട് ബാധിക്കില്ല. വിദഗ്ധ ചികിത്സയില്ലാതെ തന്നെ സുഖപ്പെടുത്താവുന്നതുമാണ്. 

എന്താണ് ഹൈപ്പോഗ്ലൈസീമിയ? 

രോഗം ബാധിച്ച കുട്ടികളുടെയെല്ലാം രക്ത സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ അവരുടെയെല്ലാം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വളരെ താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയാണിത്. സാധാരണ പ്രമേഹമുള്ള കുട്ടികളില്‍ ഇന്‍സുലിന്‍ അമിതമായി കുത്തിവെയ്ക്കുമ്പോഴാണ് ഈ അവസ്ഥ കാണുക. പഞ്ചാസര കഴിപ്പിച്ചോ ഗ്ലൂക്കോസ് കുത്തിവെച്ചോ വളരെ എളുപ്പത്തില്‍ തന്നെ ഹൈപ്പോഗ്ലൈസീമിയ മാറ്റാന്‍ സാധിക്കും.  

അതായത് എന്‍സഫലോപ്പതിയും ഹൈപ്പോഗ്ലൈസീമിയും സ്വന്തം നിലയില്‍ എളുപ്പത്തില്‍ ഭേദമാക്കാവുന്ന രണ്ട് രോഗങ്ങളാണ്. അപ്പോള്‍ ബാലമരണങ്ങള്‍ക്ക് കാരണമായ ഹൈപ്പോഗ്ലൈസീമിയ എന്‍സഫലോപ്പതി എന്ന അവസ്ഥ ഏത് തരത്തിലുള്ളതാണ്?... അതിന് മുസാഫര്‍പൂരിലെ ലിച്ചിത്തോട്ടങ്ങളിലേക്ക് കടന്നുചെല്ലണം.

രോഗം വന്ന വഴി

റംമ്പൂട്ടാനോട് സാമ്യമുള്ള പഴമാണ് ലിച്ചി. ഏപ്രില്‍, മെയ്, ജൂണ്‍ കാലങ്ങളിലാണ് ലിച്ചിയുടെ വിളവെടുപ്പ്. മുസാഫര്‍പൂരില്‍ നിരവധി ലിച്ചിത്തോട്ടങ്ങളുണ്ട്. ഈ തോട്ടങ്ങളുടെ സമീപത്ത് താമസിക്കുന്ന കുട്ടികളാണ് ഹൈപ്പോഗ്ലൈസീമിക് എന്‍സെഫലോപ്പതി രോഗം പിടിപെട്ട് മരിച്ചത്. ഒരു ദിവസം പുലര്‍ച്ചെ നാലിനും 7നുമിടയില്‍ കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അസ്വാഭാവികമായി പെരുമാറുകയും ബോധംകെടുകയും ചെയ്തു. തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങിലും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കും കുട്ടികളെ എത്തിച്ചെങ്കിലും രോഗം അതിവേഗം മൂര്‍ജ്ജിക്കുകയും ആദ്യം കോമയിലായ കുട്ടികള്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. 

ഹൈപ്പോഗ്ലൈസീമിയ എന്‍സഫലോപ്പതിയാണെന്ന് വാദിക്കുന്ന ഡോക്ടര്‍മാര്‍, ജമൈക്കന്‍ ഛര്‍ദ്ദി രോഗവുമായി ഇതിന് സാമ്യമുണ്ടെന്നും പറയുന്നു. പാകമാകാത്ത അക്കിപ്പഴങ്ങള്‍ കഴിച്ചതുമൂലമാണ് ജെമൈക്കയില്‍ ഈ രോഗം ഉണ്ടായത്. ഈ പഴങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ മെത്തലീന്‍ സൈക്ലോപ്രൊപ്പൈല്‍ അലനീന്‍ എന്ന രാസഘടകത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഗ്ലൂക്കോസിന്റെ ഉല്‍പ്പാദനം തടയാന്‍ കഴിയുന്ന രാസഘടകമാണിത്. ലിച്ചിപ്പഴവും അക്കിപ്പഴത്തില്‍ കുടുംബത്തില്‍പ്പെട്ടതാണ്. പരിശോധനയില്‍ ലിച്ചിപ്പഴത്തില്‍ മെത്തലീന്‍ സൈക്ലോപ്രൊപ്പൈല്‍ ഗ്ലൈസീന്‍ എന്ന രാസഘടകത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഇതിനും ഗ്ലൂക്കോസിന്റെ ഉല്‍പ്പാദനം തടയാന്‍ സാധിക്കും.

എങ്ങിനെയാണ് ലിച്ചിപ്പഴത്തിലെ ഈ രാസഘടകം കുട്ടികളില്‍ ഹൈപ്പോഗ്ലൈസീമിയ എന്‍സെഫലോപ്പതി ഉണ്ടാക്കിയത്?  

രണ്ട് മുതല്‍ പത്ത് വയസ്സുവരെ പ്രായമുള്ള, പോഷാകാഹാരക്കുറവുള്ള കുട്ടികളെയാണ് രോഗം ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമായിരുന്നു. അതെങ്ങിനെ സംഭവിച്ചുവെന്ന് നോക്കാം...

പുലര്‍ച്ചെ നാല് മണിയ്ക്കാണ് ലിച്ചിയുടെ വിളവെടുപ്പ്. അതിനാല്‍ നാല് മണിയ്ക്ക് മുമ്പേ എഴുന്നേല്‍ക്കേണ്ടതുകൊണ്ട് കുട്ടികളും മാതാപിതാക്കളുമെല്ലാം നേരത്തെ കിടന്നുറങ്ങും. പലപ്പോഴും അത്താഴം കഴിക്കാതെയാണ് ഈ കുട്ടികള്‍ കിടന്നുറങ്ങുക.  പകല്‍ മുഴുവന്‍ ലിച്ചിത്തോട്ടങ്ങളില്‍ കളിച്ചുനടക്കുന്ന കുട്ടികള്‍ ലിച്ചിപ്പഴങ്ങള്‍ കഴിക്കും. വൈകിട്ട് അത്താഴം കഴിക്കാന്‍ സാധിക്കാതെ കിടന്നുറങ്ങുന്ന ഇവരുടെ കരളില്‍ ഗ്ലൈക്കോജന്റെ അളവ് കുറവായിരിക്കും. അതിനാല്‍ കുറഞ്ഞ അളവിലുള്ള ഗ്ലൈക്കോജനില്‍ നിന്നും ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കില്ല. ഗ്ലൂക്കോസില്‍ നിന്നും ഊര്‍ജം കണ്ടെത്തുന്ന തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. 

കരളില്‍ ഗ്ലൈക്കോജന്‍ കുറവാണെന്ന് കാണുന്ന പക്ഷം ഗ്ലൂക്കോജെനസിസ് എന്ന പ്രവര്‍ത്തനം തുടങ്ങും. ഗ്ലൂക്കോജെനസിസ് എന്ന പ്രവര്‍ത്തനത്തെ ഇങ്ങിനെ വിശദീകരിക്കാം... നമ്മുടെ ശരീരത്തുള്ള കൊഴുപ്പ് വിഘടിച്ച് ഫാറ്റി ആസിഡും ഗ്ലിസറോളുമായി മാറുന്നു. ഈ ഗ്ലിസറോള്‍ പിന്നീട് ഗ്ലൂക്കോസായും മാറുന്നു. ഈ രീതിയില്‍ രക്തത്തിലേക്ക് ഗ്ലൂക്കോസ് എത്തുകയും തലച്ചോറിന് ആവശ്യമായ ഊര്‍ജം ലഭിക്കുകയും ചെയ്യും. 

എന്നാല്‍ ലിച്ചിപ്പഴം കഴിച്ച്, അത്താഴം കഴിക്കാന്‍ സാധിക്കാതെ കിടന്നുറങ്ങുന്ന കുട്ടികളുടെ, കരളില്‍ നിന്നുള്ള ഗ്ലൂക്കോസിന്റെ ലഭ്യത കുറയുകയും, കൊഴുപ്പില്‍ നിന്നും ഗ്ലൂക്കോസ് ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയ തുടങ്ങുകയും ചെയ്യുമ്പോള്‍, ലിച്ചിപ്പഴത്തിലെ രാസഘടകം ഈ പ്രക്രിയയെ തടയുകയും ഗ്ലൂക്കോസിന്റെ ഉല്‍പ്പാദനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ് ഇല്ലാതെ വരുന്നതോടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും. ഈ അവസ്ഥയാണ് മുമ്പ് പറഞ്ഞ ഹൈപ്പോഗ്ലൈസീമിക് എന്‍സഫലോപ്പതി.

എങ്ങിനെ ഈ രോഗത്തെ തടയാം...

ലിച്ചിപ്പഴം തിന്നരുതെന്ന് പറയുന്നത് പ്രാവര്‍ത്തികമല്ല. കാരണം ലിച്ചിപ്പഴം കഴിച്ച ആരോഗ്യമുള്ള കുട്ടികള്‍ക്കോ, മുതിര്‍ന്നവര്‍ക്കോ രോഗം പിടിപെട്ടിട്ടില്ല. മറിച്ച് മതിയായ ഭക്ഷണം കിട്ടാത്ത, പോഷക ഗുണമുള്ള ഭക്ഷണം കഴിക്കാന്‍ നിവര്‍ത്തിയില്ലാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കാണ് രോഗം പിടിപെട്ടത്. അവര്‍ക്ക് പക്ഷേ ഈ ലിച്ചിപ്പഴം അമൃതേത്തായിരുന്നു.   അതിനാല്‍ ലിച്ചിപ്പഴം തിന്നുന്നത് നിര്‍ത്തൂ എന്ന് പറഞ്ഞ് അവിടുത്തെ കുട്ടികളുടെ വയറ് കാലിയാക്കാന്‍ ശ്രമിക്കരുത്. അവരുടെ ഒട്ടിയ വയറിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് 'എത്ര വിക്കറ്റായി' എന്ന് ചോദിച്ച് കടലും കൊറിച്ച് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരും തുനിയരുത്. പോഷണ്‍ അഭിയാനും ഉച്ചഭക്ഷണ പദ്ധതിയും ഐസിഡിഎസും (ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം) പൊതുവിതരണ സമ്പ്രദായവും ദേശീയ പോഷകാഹാര മിഷനുമടക്കം നിരവധി പദ്ധതികള്‍ മെനഞ്ഞുണ്ടാക്കിയ സര്‍ക്കാരുകളോട് ഒട്ടിയവയറുമായി ജീവനറ്റ് കിടക്കുന്ന ആ കുഞ്ഞ് ശരീരങ്ങള്‍ക്ക് ചോദിക്കാന്‍ നിരവധി ചോദ്യങ്ങളുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ഈ രോഗം കുട്ടികളില്‍ പിടിമുറുക്കിയപ്പോള്‍ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഗ്ലൂക്കോമീറ്ററുകള്‍ എത്തിക്കണമെന്നും  രോഗലക്ഷണങ്ങളോടെ വരുന്ന കുട്ടികളുടെ ഗ്ലൂക്കോസ് പരിശോധിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.  10 ശതമാനം വരെ ഗ്ലൂക്കോസ് കുട്ടികളിലേക്ക് നേരിട്ട് കുത്തി വെയ്ക്കാനും ഡോക്ടര്‍മാരോട് നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ക്കെല്ലാം വെള്ളത്തില്‍ വരച്ച വരയുടെ അവസ്ഥയായിരുന്നു. 

ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ മുസാഫര്‍പൂരിലെ ലിച്ചിത്തോട്ടങ്ങളില്‍ കുട്ടികളുടെ കളിചിരികളുടെ അലയടിയടികള്‍ ഇപ്പോഴും മുഴങ്ങിക്കേട്ടേനെ.

 

 

കടപ്പാട്: ദ ഹിന്ദു

 

Editors Choice