• 31 May 2020
  • 02: 54 PM
Latest News arrow

അബ്ദുല്ലക്കുട്ടി 'ഞാന്‍ എങ്ങിനെ താമരയായി' എന്നൊരു പുസ്തകം എഴുതട്ടെ

തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ നാടകമാണ് 'നിങ്ങള്‍ എന്നെ കമ്യുണിസ്റ്റാക്കി'. പിന്നീടിത് സിനിമയുമായിട്ടുണ്ട്. ഈ നാടകമോ സിനിമയോ കണ്ടിട്ടാവില്ല എ.പി. അബ്ദുല്ലക്കുട്ടി മാര്‍ക്‌സിസ്റ്റായത്.  രണ്ടു തവണ കണ്ണൂരില്‍ നിന്നും മാര്‍ക്‌സിസ്റ്റ്  പാര്‍ട്ടി ടിക്കറ്റില്‍ എംപിയായി. പാര്‍ട്ടിയില്‍ നിന്നും പുറത്തായതിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാംഗവുമായി. അപ്പോളാണ് കുട്ടിക്ക് ഒരു പുസ്തകമെഴുതാനുള്ള ആശയം ഉദിച്ചത്.  പുസ്തകത്തിന്റെ പേര് 'നിങ്ങള്‍ എന്നെ കോണ്‍ഗ്രസാക്കി'.

ബിജെപി ഭരണക്കാലത്ത് നരേന്ദ്രമോദിയെ സ്തുതിച്ചത് മൂലമാണ് സിപിഎം. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കോണ്‍ഗ്രസില്‍ പില്‍ക്കാലത്ത് തന്റെ പ്രതീക്ഷകളൊന്നും പൂവണിയുന്നില്ലെന്ന് കണ്ടപ്പോളാണ് കേന്ദ്രത്തില്‍ താമര പൂത്തുലഞ്ഞു പടര്‍ന്നു വിടര്‍ന്നു നില്‍ക്കുന്നത് കണ്ടത്. പിന്നെ താമസിച്ചില്ല, മോദിയെ സ്തുതിക്കാന്‍. സ്തുതിയെന്ന് പറഞ്ഞാലോ സംഘികളുടെ  നാവില്‍  നിന്നും പോലും കേള്‍ക്കാത്ത അഭിനന്ദനങ്ങളും മോദിഭരണത്തിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും.

കോണ്‍ഗ്രസിന് സഹിച്ചില്ല,  കക്ഷിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി പടിയടച്ചു. രാഷ്ട്രീയമല്ലാതെ മറ്റൊന്നും വശമില്ലാത്ത കുട്ടി നേരെ ബിജെപി നേതാക്കളെ സമീപിച്ചിരുന്നു. സോളാര്‍ വിവാദത്തില്‍ കുടുങ്ങി  സഖാക്കളുടെ പരിഹാസവും വിമര്‍ശനവും സഹിക്കാതെ കുടുംബസഹിതം മംഗലാപുരത്തേക്ക് താമസം മാറ്റിയ കുട്ടി ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കണ്ണുനട്ടിരുന്നുവത്രെ. പക്ഷെ മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞത് പോലെ കൊല്ലത്ത് നിന്നും അവിചാരിതമായി എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വന്നു മത്സരിച്ച് ലോകസഭയില്‍ എത്തുകയും ചെയ്തു.

പിന്നെ എന്തു വഴി?   കോണ്‍ഗ്രസില്‍ നിന്നും പുറത്തായി. പഴയ ലാവണമായ  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ അടുപ്പിക്കില്ല. പിന്നെ ഒറ്റ വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ, കാവിയുടെ വഴി. നേരെ ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രി മോദിജിയേയും  ബിജെപി അദ്ധ്യക്ഷന്‍ കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാജിയെയും കണ്ടു. മോദി അബ്ദുല്ലക്കുട്ടിയെ കണ്ടപ്പോള്‍ "കുട്ടി ഭായി.. ആവോ... ആവോ" എന്ന് ക്ഷണം കേട്ടപ്പോള്‍ ആകെ ആവേശ ഭരിതനായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ  നേട്ടങ്ങളില്‍ ചിലത് വിവരിച്ചകൂട്ടത്തില്‍ ന്യൂനപക്ഷത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ കുട്ടിക്ക്  അപ്പോള്‍ തന്നെ കാവിചൂടിയാല്‍ മതിയെന്നായി. പാവങ്ങള്‍ക്ക് ആറ് കോടി പാചകഗ്യാസ് വിതരണം ചെയ്തുവെന്നും അതിന്റെ തുടക്കം കുറിച്ചത് ഒരു മുസ്ലിം സ്ത്രിക്ക് അനുമതി പത്രം  നല്‍കിക്കൊണ്ടായിരുന്നുവെന്നും കേട്ടപ്പോഴാവട്ടെ സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യാതായി.

എന്താവും കുട്ടിക്ക് ഇത്ര പെരുത്ത സംഘി പ്രേമത്തിന് കാരണം.?  കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയെ അടുത്ത് അറിയാവുന്നവര്‍ കരുതുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ തെക്കന്‍ കര്‍ണ്ണാടകത്തില്‍ വല്ലിടത്തും നിയമസഭയിലേക്ക് മത്സരിക്കാനുള്ള പൂതിയാണെന്നാണ്. പക്ഷെ അതിനെക്കാള്‍ വലിയ പൂതി കര്‍ണ്ണാടകത്തോട് ചേര്‍ന്നു കിടക്കുന്ന മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പിലത്രെ. വടക്കന്‍ കേരളത്തില്‍ ബിജെപിക്ക്   വിജയസാദ്ധ്യതയുണ്ടെന്ന് അവര്‍ കരുതുന്ന ഒരു മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ വെറും 89 വോട്ടിനാണ് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാക്കിനോട് പരാജയപ്പെട്ടത്. നാലുതവണ ചെര്‍ക്കളം അബ്ദുല്ലയും രണ്ട് തവണ റസാക്കും ജയിച്ച ഈ മണ്ഡലത്തില്‍  മുസ്ലിംലീഗ് തന്നെയാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. എങ്കില്‍ ബിജെപിയില്‍ ഒരു ന്യുനപക്ഷക്കാരന്റെ സാന്നിദ്ധ്യമെന്ന  പരിഗണനയില്‍ തന്നെ പരിഗണിക്കുമോ എന്നത്രെ കുട്ടിയുടെ നോട്ടം.

പക്ഷെ, അത് ബിജെപിയെ സംബന്ധിച്ചേടത്തോളം വലിയ തിരിച്ചടിയാവുമെന്നാണ് കാസര്‍ക്കോട്ടെ ബിജെപി പ്രവര്‍ത്തകരുടെ വിശ്വാസം. കാരണം  ദീര്‍ഘകാലമായി താമരയ്ക്ക് വോട്ട് ചെയ്തു വരുന്നവര്‍ പ്രത്യേകിച്ചും കര്‍ണ്ണാടക വംശജരായ  പാര്‍ട്ടി അനുഭാവികള്‍ വോട്ട് ചെയ്യാനിടയില്ല. അങ്ങിനെ വന്നാല്‍ ഇവിടെ സ്വാഭാവികമായും മാര്‍ക്‌സിസറ്റ് പാര്‍ട്ടിക്ക്  നേട്ടമാവുമെന്നാണ് കണക്ക് കൂട്ടുന്നത്.  അത്‌കൊണ്ട് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അബ്ദുല്ലക്കുട്ടിയെ നിര്‍ത്തി ഒരു പരിക്ഷണത്തിന് തയ്യാറാവില്ലെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം കരുതുന്നത്. ഏതായാലും അബ്ദുല്ലക്കുട്ടിയില്‍ നിന്നും പുതിയൊരു കൃതികൂടി  പ്രതീക്ഷിക്കാം..  "ഞാന്‍ എങ്ങിനെ താമരയായി' എന്നാവട്ടെ  കൃതിയുടെ പേര്.

 

 

 

 

 

 

 

 

 

 

 

 

 

 

 

Editors Choice