• 26 Feb 2020
  • 06: 38 PM
Latest News arrow

കേസ് ജയിച്ച് അമ്മിണിപ്പിള്ളയും വക്കീലും

വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ട് വിവാഹമോചനത്തിലെത്തുന്ന കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ കാര്യ കാരണങ്ങളെ ഒന്ന് വിശദമായി പരിശോധിക്കുകയാണ് ഒപി 160/8 കക്ഷി അമ്മിണിപിള്ള എന്ന സിനിമ. അമ്മിണിപിള്ള എന്ന് വിളിപ്പേരുള്ള ഷജിത് കുമാറിന്റെ വിവാഹവും വിവാഹമോചനവുമാണ് സനിലേഷ് ശിവന്റെ തിരക്കഥയില്‍ നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ സിനിമ വിഷയമാക്കിയിരിക്കുന്നത്. 

തന്റെ സമ്മതമോ താല്‍പ്പര്യങ്ങളോ ചോദിച്ച് മനസ്സിലാകാതെ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന് വഴങ്ങിക്കൊടുക്കുന്ന അമ്മിണിപ്പിള്ള തടിച്ചിയും കൂര്‍ക്കം വലിക്കുന്നവളുമായ ഭാര്യയെ ഒഴിവാക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തീരുമാനമെടുക്കുകയാണ്. എന്നാല്‍ വിവാഹമോചനം നല്‍കാന്‍ പറ്റിയ കാരണങ്ങളൊന്നുമില്ലാത്തതിനാല്‍ കേസെടുക്കാന്‍ വക്കീലന്‍മാരാരും തയ്യാറാകാതെ വന്നതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു 'നല്ല പേര്' ഇല്ലാതെ വിഷമിക്കുന്ന പ്രദീപന്‍ മഞ്ഞോടിയെന്ന വക്കീലിന്റെയടുത്ത് അയാള്‍ എത്തുന്നു. തുടര്‍ന്ന് വിവാഹമോചനം നേടിക്കൊടുക്കാനുള്ള ഇവരുടെ തന്ത്രപ്പാടുകളിലൂടെയാണ് സിനിമ മുന്നേറുന്നത്.

നിസ്സാര കാരണങ്ങളുടെ പേരിലാണ് ഭൂരിഭാഗം വിവാഹമോചനങ്ങളും നടക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തിലൂന്നിയാണ് സിനിമയുടെ സഞ്ചാരം.
അറേഞ്ച്ഡ് വിവാഹവും പ്രണയവിവാഹവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഒന്ന് മറ്റൊന്നിനേക്കാള്‍ മികച്ചതാണെന്ന് പറയാനല്ല സിനിമ ശ്രമിക്കുന്നത്. പൊരുത്തപ്പെടാത്ത രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരുമിച്ച് ജീവിക്കുന്നതിലും ഭേദം പിരിയുകയാണെന്നും ജീവിതകാലം മുഴുവന്‍ അഭിനേതാക്കളെപ്പോലെ പരസ്പരം സഹിച്ച് ജീവിക്കേണ്ടതുണ്ടോ എന്ന വാദമുഖങ്ങള്‍ വിജയിച്ചുനില്‍ക്കുമ്പോള്‍ അതിന്റെ മുകളില്‍ മറ്റൊരു യാഥാര്‍ത്ഥ്യത്തെ പ്രതിഷ്ഠിച്ച് അതിനെ വിജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് സിനിമ. 

ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ സിനിമ സംസാരിക്കുന്നുണ്ട്. മക്കളുടെ ജീവിതത്തില്‍ ഇടപെട്ടിടപെട്ട് അവസാനം സ്വന്തം ജീവിതപങ്കാളിയെപ്പോലും തെരഞ്ഞെടുക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക് നിഷേധിക്കുന്ന, മക്കളുടെ ദാമ്പത്യത്തിന്റെ സ്വകാര്യനിമിഷങ്ങളെപ്പോലും കയ്യേറുന്ന, മാതാപിതാക്കളെ സിനിമ വിമര്‍ശിക്കുന്നു. പത്തില്‍പത്ത് പൊരുത്തം പറയുന്ന വ്യജജ്യോത്സന്‍മാരെ ഉത്തരംമുട്ടിക്കുന്നു, വിവാഹത്തെ കച്ചവടമാക്കി മാറ്റുന്ന മാട്രിമോണിയല്‍ സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നു, ജീവിതപങ്കാളിയെക്കുറിച്ച് മനക്കോട്ടകള്‍ കെട്ടി അതില്‍ ഭ്രമിച്ച് അവസാനം കുറവുകളും നന്‍മകളുമുള്ള ഒരു പച്ചമനുഷ്യനെ വിവാഹം കഴിക്കുമ്പോള്‍ തന്റെ സങ്കല്‍പ്പവുമായുള്ള പൊരുത്തക്കേടില്‍ അസ്വസ്ഥതപ്പെട്ട് ദാമ്പത്യജീവിതം നശിപ്പിക്കുന്നവരെ സിനിമ സഹതാപത്തോടെ നോക്കുന്നു. 

അതോടൊപ്പം തന്നെ വിവാഹം കഴിക്കാന്‍ വേണ്ടി സമൂഹം ഉണ്ടാക്കി വെച്ചിരിക്കുന്ന ചില ധാരണച്ചട്ടങ്ങളോട് പോകാന്‍ പറയുന്നുമുണ്ട് സിനിമ. അതായത്, പ്രദീപന്‍ വക്കീലിന്റെ ചേട്ടന്‍, വിവാഹം കഴിക്കാത്ത അയാള്‍ സമൂഹത്തിന്റെ കണ്ണില്‍ ഒരു ദുരന്തമായേക്കാം. അനിയന്‍ കല്യാണം കഴിച്ചു, എന്നിട്ടും ചേട്ടന്റെ കല്യാണമായില്ല, 38 വയസായിട്ടും കെട്ടിയിട്ടില്ല, കഷണ്ടിത്തലയുണ്ട്.... എന്നിങ്ങിനെ ആളുകള്‍ക്ക് ദൂഷ്യം പറഞ്ഞ് കൊട്ടിഘോഷിക്കാന്‍ പോന്ന ഒരു കഥാപാത്രം. എന്നാല്‍ അയാള്‍ക്ക് തന്റെ ജീവിതത്തോടുള്ള മനോഭാവവും അയാളെ സ്വന്തം കുടുംബം പരിഗണിക്കുന്ന രീതിയും പലരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. 

ചിരിപ്പിക്കാനുള്ള നിരവധി അവസരങ്ങളും സിനിമ ഒരുക്കിവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയില്‍. കോടതിയില്‍ വെച്ച് പ്രദീപന്‍ വക്കീല്‍, അമ്മിണിപ്പിള്ളയുടെ വിവാഹത്തിന് കാരണക്കായവരെയെല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തി അവരോട് ചോദിക്കുന്ന ഓരോ ചോദ്യങ്ങളും ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. പ്രദീപന്‍ വക്കിലീന്റെ കൂട്ടുകാരന്‍ വക്കീലായെത്തുന്ന ബേസില്‍ ജോസഫിന്റെ കഥാപാത്രവും അമ്മിണിപ്പിള്ളയുടെ കൂട്ടുകാരനായെത്തുന്ന നിര്‍മ്മല്‍ പാലാഴിയുടെ കഥാപാത്രവും ചിരിയുടെ കടിഞ്ഞാണ്‍ പലപ്പോഴും ഏറ്റെടുക്കുന്നുണ്ട്. 

ഈ സിനിമയുടെ ഹൈലറ്റ് എന്ന് പറയാവുന്നത് അതിലെ നടീനടന്‍മാരുടെ അഭിനയമാണ്. എന്ത് ഗംഭീര പ്രകടനമാണെന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുപോകും. അമ്മിണിപ്പിള്ളയെ അവതരിപ്പിച്ച അഹമ്മദ് സിദ്ധിഖിന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഇറച്ചിക്കോഴികളെപ്പോലെ വളര്‍ത്തപ്പെടുന്ന, വെറും കൊഞ്ഞാണന്‍മാരാക്കി മാറ്റപ്പെടുന്ന മക്കളുടെ പ്രതിനിധിയാണ് അമ്മിണിപ്പിള്ള. തന്റെ ജീവിതം മറ്റുള്ളവര്‍ നിശ്ചയിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കിലും അത് പുറത്ത് പര്കടപ്പിക്കാന്‍ ധൈര്യമില്ലാത്ത, ഷജിത്ത് കുമാര്‍ എന്ന അമ്മിണിപ്പിള്ളയെ അഹമ്മദ് സിദ്ധിഖ് ഗംഭീരമാക്കി. അമ്മിണിപ്പിള്ളയായി മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം അത്രമാത്രം അഹമ്മദ് സിദ്ധിഖ് ആ കഥാപാത്രമായി മാറി. കാന്തി ശിവദാസനെ അവതരിപ്പിച്ച ഷിബ്‌ലയും മികച്ച പ്രകടനമായിരുന്നു. ഡയലോഗുകള്‍ കുറവായിരുന്ന അവര്‍ ഭാവാഭിനയത്തിലാണ് കത്തിക്കയറിയത്. പ്രദീപന്‍ വക്കീലായി ആസിഫ് അലിയും പരകായപ്രവേശം നടത്തി. ശരിക്കും അതില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് കുടുംബക്കോടതി ജഡ്ജിയായി അഭിനയിച്ച ശ്രീകാന്ത് മുരളിയുടെ പ്രകടനമാണ്. നോട്ടം കൊണ്ടും സംസാരം കൊണ്ടും ജഡ്ജി മാത്തന്‍ കത്തിക്കയറിയത് പ്രേക്ഷക മനസ്സിലേക്കാണ്. മറ്റുള്ള നടീനടന്‍മാരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

ചിത്രത്തിലെ മിക്ക രംഗങ്ങളും പുതുമയുള്ളതായിരുന്നു. പ്രത്യേകിച്ച് കോടതിയിലെ രംഗങ്ങള്‍. മുന്‍കാല മലയാള സിനിമയില്‍ നാടകീയത വാരിവിതറുന്ന കോടതി രംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി യഥാര്‍ത്ഥ കോടതിയെ, ഇവിടെ കുടുംബക്കോടതിയെ അതേപടി ചിത്രീകരിക്കാന്‍ സംവിധായകനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. രസകരങ്ങളും നാടകീയത കലര്‍ന്നതുമായ കോടതി വ്യവഹാരങ്ങളോടൊപ്പം തന്നെ ബോറടിപ്പിക്കുന്ന, വക്കീലന്‍മാര്‍ പോലും ഉറങ്ങിപ്പോകുന്ന കോടതി നിമിഷങ്ങളെയും സിനിമ പകര്‍ത്തിയിട്ടുണ്ട്. സിനിമയാണെന്ന കാര്യം മറന്ന്, ശരിക്കും ഒരു കോടതിയില്‍ അകപ്പെട്ട പ്രതീതി പ്രേക്ഷകനില്‍ ഉളവാക്കാന്‍ സാധിച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ ആദ്യ പകുതി അനാവശ്യരംഗങ്ങള്‍ ഉള്‍പ്പെടുത്തി അല്‍പ്പം ബോറടിപ്പിച്ചു. തലശ്ശേരിയെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടും പ്രദീപന്‍ വക്കീലിന്റെ ഭാര്യയുടെ (അശ്വതി മനോഹരന്‍) തലശ്ശേരിയെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമും സിനിമയ്ക്ക് യോജിച്ചതായി തോന്നിയില്ല. ഇത്തരത്തില്‍ കുറേയധികം അനാവശ്യ രംഗങ്ങള്‍ ആദ്യ പകുതിയെ വിരസമാക്കിയപ്പോള്‍ രണ്ടാം പകുതി ചടുലവും രസകരവുമായിരുന്നു. ആദ്യ പകുതിയെ പഴിച്ചവര്‍ക്ക് രണ്ടാം പകുതിയ്ക്ക് കയ്യടിക്കേണ്ടി വന്നു. രണ്ടാം പകുതിയെ പരിചരിക്കുന്നതില്‍ കാണിച്ച വൈഭവം ആദ്യപകുതിയിലും പ്രകടിപ്പിച്ചിരുന്നെങ്കില്‍, കക്ഷി അമ്മിണിപ്പിള്ളയെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് കയറ്റിയിരുത്താമായിരുന്നു.