• 20 Oct 2019
  • 05: 10 PM
Latest News arrow

കടന്നു പോയത് ഏറ്റവും വരണ്ട ജൂണ്‍ മാസം; വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയെന്ന് മുന്നറിയിപ്പ്

ദില്ലി: മഴയുടെ അളവ് കുറഞ്ഞതോടെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണ്‍ മാസത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. 1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തിയിട്ടുള്ളൂ. 100 വര്‍ഷത്തിനിടയില്‍ 10 വരണ്ട ജൂണുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ജൂണ്‍ മാസം കടന്നു പോകാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി നില്‍ക്കേ ഇത്തവണ വരള്‍ച്ച ശക്തമാകുമെന്നാണ് സൂചന.

ലഭ്യമായ മഴയില്‍ 35 ശതമാനത്തിന്റെ കുറവാണ്  ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഉടനീളം സാധാരണഗതിയില്‍ ജൂണ്‍ 28 വരെ 151.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റര്‍ മഴ മാത്രമാണ്.

ഇന്ത്യയിലെ 91 ജലസംഭരണികളില്‍ ജലനിരപ്പ് 17 ശതമാനം മുതല്‍ 16 ശതമാനം വരെയായി കുറഞ്ഞു. ഗുജറാത്ത്, മഹാരാഷ്ട്ര പോലെയുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ ജലസംഭരണികളില്‍ ജലനിരപ്പ് 9 ശതമാനമായി താഴ്ന്നു. കഴിഞ്ഞ വര്‍ഷം 13 ശതമാനമായിരുന്നു കുറഞ്ഞത്. 

സാധാരണ ജൂണ്‍ പകുതിയോടെ മണ്‍സൂണ്‍ മഴ ഇന്ത്യയുടെ പകുതിയോളം എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം രാജ്യത്തിന്റെ നാലിലൊന്ന് ഭാഗത്തു മാത്രമാണ് മഴ ലഭിച്ചത്.  2016-ല്‍ കേരളത്തില്‍ മണ്‍സൂണെത്തിയത് ജൂണ്‍ എട്ടിനായിരുന്നു. പക്ഷേ, ജൂലൈ 13-ഓടെ ഇന്ത്യയൊട്ടാകെ മണ്‍സൂണ്‍ മഴ ലഭിക്കുകയുണ്ടായി.

ഇന്ത്യയുടെ വാര്‍ഷിക മഴയുടെ 70 ശതമാനവും ലഭിക്കുന്നത് മണ്‍സൂണില്‍നിന്നാണ്. അരി, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരു എന്നിവയുടെ വിളവ് നിര്‍ണയിക്കുന്നതും മണ്‍സൂണില്‍ ലഭിക്കുന്ന മഴയാണ്. ഇന്ത്യയുടെ 2.5 ട്രില്യന്‍ ഡോളര്‍ വരുന്ന സമ്പദ്‌രംഗത്തിന്റെ 15 ശതമാനം സംഭാവന ചെയ്യുന്നത് കാര്‍ഷികരംഗമാണ്. 130 കോടിയിലേറെ വരുന്ന ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയും ഏര്‍പ്പെടുന്ന തൊഴില്‍മേഖല കൂടിയാണു കാര്‍ഷികരംഗം. അതുകൊണ്ടു തന്നെ മണ്‍സൂണ്‍ മഴ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.

അതേസമയം ജൂലൈയില്‍ ശക്തമായ കാലവര്‍ഷത്തിന് തുടക്കമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ഒഡീഷയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ മദ്ധ്യഭാഗങ്ങളിലും ശക്തമായ മഴയായി മാറുമെന്നും സൂചനകളുണ്ട്.

മുംബൈയില്‍ ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമായിട്ടില്ല. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. 45 വര്‍ഷത്തിനിടെ ഏറ്റവും വൈകിയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. മുംബൈയെ കൂടാതെ നാസിക്കിലും പുണെയിലും കനത്ത മഴ തുടരുകയാണ്.