• 02 Jul 2020
  • 10: 48 AM
Latest News arrow

സര്‍വ്വകലാശാലാ ഉത്തരക്കടലാസുകള്‍ പുറത്തുപോകുന്നതിലെന്ത് പുതുമ!

ജോലിയില്‍ അതീവ ജാഗ്രതയും കൃത്യനിഷ്ഠയും പുലര്‍ത്തുന്ന ഒരു പൊലീസ് ഓഫീസര്‍ക്ക് സര്‍വ്വീസ് അവസാനിക്കും മുമ്പ് നിയമബിരുദം നേടിയാല്‍ കോള്ളാമെന്ന് ഒരാഗ്രഹം. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥലത്തെ ഒരു ലോ കോളജില്‍ സായാഹ്നക്ലാസില്‍ അഡ്മിഷന്‍ നേടി.കൃത്യമായി ക്ലാസില്‍ ഹാജരായി പഠനം പൂര്‍ത്തിയാക്കി ഫൈനല്‍ പരീക്ഷ എഴുതാറായപ്പോള്‍ ആശാന് ഉള്ളില്‍ നേരിയ ഭയം. ചില പേപ്പറുകളില്‍ പാസ് മാര്‍ക്ക് നേടാനാവുമോ എന്ന് ആശങ്ക. തന്റെ ഉള്‍ഭയം വിശ്വസ്തനായ ഒരു സഹപാഠിയുമായി പങ്കുവച്ചു. എന്തുണ്ട് കടന്നുകൂടാന്‍ ഒരു വഴി?

സാറ് പേടിക്കേണ്ട, ധൈര്യമായി ഇരുന്നോളൂ, വഴിയുണ്ടാക്കാം.- സഹപാഠി ആശ്വസിപ്പിച്ചു. സൂത്രവും പറഞ്ഞു കൊടുത്തു. പരീക്ഷ നടക്കുന്ന ദിവസം ഏതാനും  വെള്ളക്കടലാസ് ഷീറ്റുകള്‍ ഷര്‍ട്ടിനുളളില്‍ ഒളിപ്പിച്ച് പരീക്ഷാ ഹാളില്‍ എത്തണം. കക്ഷിയുടെ ഇരിപ്പിടം പരീക്ഷാഹാളിന്റെ പിന്‍നിരയില്‍ ജാലകത്തിന്നടുത്തായി തരപ്പെടുത്തിയിരുന്നു. പരീക്ഷാഹാളിന്റെ ചുമതലക്കാരനായ അദ്ധ്യാപകന്‍ ചോദ്യക്കടലാസും ഉത്തരങ്ങള്‍ എഴുതാന്‍ തുന്നിക്കെട്ടിയ പേപ്പറുകളും വിതരണം ചെയ്യാന്‍ നേരത്ത് ഒരു യുവ അഭിഭാഷകന്‍ ഹാളിന് പുറത്ത് പൊലീസ് ഓഫീസര്‍ക്ക് കാണാവുന്ന വിധം പതുങ്ങി നില്‍പ്പുണ്ടാവും. ഓഫീസറുടെ കയ്യില്‍ ചോദ്യക്കടലാസും ഉത്തരമെഴുതാനുള്ള കടലാസുകളും ലഭിച്ചാലുടന്‍  മുന്‍ പേജില്‍ ചേര്‍ക്കാനുള്ള വിവരങ്ങള്‍ എഴുതി മറ്റാരുടേയും ശ്രദ്ധയില്‍ പെടാതെ തുറന്ന ജാലകം വഴി പുറത്ത് നില്‍ക്കുന്ന യുവാവിന് കൈമാറണം. തീര്‍ന്നു കാര്യം.

ഓഫീസറുടെ കയ്യില്‍ നിന്നും ചോദ്യക്കടലാസും ഉത്തരക്കടലാസും വാങ്ങിയ യുവാവ്  ഞൊടിയിടയില്‍ പുറത്തു പോയി ചോദ്യക്കടലാസിന്റെ ഫോട്ടോ കോപ്പി എടുത്ത് ഓടി വന്ന് ഒറിജിനല്‍ ഓഫീസര്‍ക്ക് ജാലകം വഴി കൈമാറും. പിന്നീട് യുവാവ് ഒരു സുരക്ഷിത സ്ഥാനത്ത് ചെന്നിരുന്നു പൊലീസ് ഓഫീസറുടെ ഉത്തരക്കടലാസ് എഴുതി തീര്‍ക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കുറിക്കാതിരിക്കാനും ചിലതിനൊക്കെ അല്‍പ്പ സ്വൽപ്പം തെറ്റുവരുത്താനും  പ്രത്യേകം ശ്രദ്ധിക്കും. പരീക്ഷാ സമയം അവസാനിക്കാന്‍   നേരത്ത് ഈ യുവാവ് താന്‍ എഴുതിയ ഉത്തരക്കലാസുമായി പതുങ്ങി വന്ന് ഓഫീസര്‍ക്ക് കൈമാറുകയും ചെയ്തു.

മറ്റു  വിദ്യാര്‍ത്ഥികള്‍  അവസാന നിമിഷത്തില്‍ തിരിച്ചുകൊടുക്കാന്‍ തിരക്കു കൂട്ടുന്നതിന്നിടയില്‍ ഈ കൈമാറ്റം ശ്രദ്ധിക്കില്ലെന്ന് ഉറപ്പായിരുന്നു. ഓഫീസറാവട്ടെ  ഒറിജിനല്‍ കൈയിൽ കിട്ടുംവരെ താന്‍  നേരത്തെ കരുതിയ വെള്ളക്കടലാസില്‍ എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു. പരീക്ഷാര്‍ത്ഥികള്‍ മിക്കവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ മറ്റു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ ആകയാല്‍ പരീക്ഷാ ചുമതലക്കാരന്‍ മുറി മുഴുവന്‍ ചുറ്റി നടന്ന് ഓരോ ആളെയും നിരീക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല.

ഇതൊരു കഥയല്ല.  കേരളത്തില്‍നടന്നിരുന്ന പരീക്ഷാതട്ടിപ്പുകളെക്കുറിച്ച് ,മെഡിക്കല്‍ പഠനത്തിന് സീറ്റ് തരപ്പെടുത്താന്‍ നടത്താറുള്ള അഭ്യാസങ്ങളെക്കുറിച്ച്  1981-ല്‍ മലയാള മനോരമയില്‍ 'വില്‍ക്കാനുണ്ട് ബിരുദങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പര തയ്യാറാക്കാന്‍ നടത്തിയ അന്വേഷണത്തില്‍  ലഭിച്ച വിവരങ്ങളില്‍ ഒന്നാണിത്.

ഈ ലേഖന പരമ്പരകൂടി തെളിവായി സ്വീകരിച്ചാണ് 1982-ല്‍ അന്നത്തെ  ഹൈക്കോടതി ചീഫ് ജസ്റ്റിസ് യശശ്ശരീരനായ പി സുബ്രഹ്മണ്യന്‍ പോറ്റിയുടെ ശ്രദ്ധേയമായ വിധിയുടെ അടിസ്ഥാനത്തിൽ പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിനുള്ള പൊതുപരീക്ഷാ  സമ്പ്രദായം നിലവില്‍ വന്നത്.

കേരള സര്‍വ്വകലാശാലയില്‍ ചില കുട്ടികള്‍ക്ക്, അവര്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് ആവശ്യമായ വിഷയങ്ങളില്‍ മാര്‍ക്ക് കൂട്ടി നല്‍കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതോടനുബന്ധിച്ച് സർക്കാർ നടത്തിയ അന്വേഷണം  '0+0 + 2 = 428' എന്ന കുപ്രസിദ്ധമായ ഒരു മാര്‍ക്ക് ദാനത്തിന്റെ ഉള്ളുകള്ളികൾ പുറംലോകത്തെത്തിച്ചു. രണ്ടുവിഷയങ്ങളിൽ പൂജ്യം മാർക്കും ഒരു വിഷയത്തിന് രണ്ടുമാർക്കും കിട്ടിയ ഒരു കുട്ടിക്ക് യൂണിവേഴ്‌സിറ്റി മാർക്ക് രജിസ്റ്ററിൽ 428 മാർക്കായിരുന്നു!  ഇത് സംബന്ധിച്ച അന്വേഷണത്തെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലയില്‍  ചില ഉദ്യോഗസ്ഥന്മാര്‍ക്ക് എതിരെ സര്‍ക്കാര്‍  നടപടി  സ്വീകരിച്ചിരുന്നു.

പരീക്ഷ കഴിഞ്ഞാല്‍ പരീക്ഷപ്പേപ്പര്‍ പരിശോധിക്കുന്ന അദ്ധ്യാപകരെ തെരഞ്ഞു പോവുക, പല വിധത്തിലും സ്വാധീനം ചെലുത്തി മാര്‍ക്ക് കൂട്ടിയിടീക്കാന്‍ ശ്രമിക്കുക, പരീക്ഷാഹാളില്‍ ടെക്സ്റ്റും ഗൈഡും കൊണ്ടു പോയി കോപ്പിയടിക്കുക, സര്‍വ്വകലാശാലയില്‍ പരീക്ഷാപേപ്പര്‍ എത്തിയാല്‍  പരിശോധകന്‍ നല്‍കിയതിലും കൂടുതല്‍ മാർക്ക് ചേർത്ത്  മെഡിക്കല്‍ സീറ്റ് ഉറപ്പാക്കുക തുടങ്ങിയ ക്രമക്കേടുകളാണ് അന്ന് പുറത്തുവന്നത്.

ഉത്തരക്കടലാസുകള്‍ പരീക്ഷാഹാളില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയി  തെറ്റുകൂടാതെ എഴുതി തിരിച്ചുകൊണ്ട് വന്ന് തിരുകി കയറ്റാന്‍  കൂട്ടു നില്‍ക്കുന്ന ചില ജീവനക്കാരും ചില കോളജുകളില്‍ ഉണ്ടായിരുന്നു. മാത്രമല്ല ക്രമക്കേടുകളുടെ നേരെ കണ്ണടക്കുന്ന ഗുരുഭൂതന്മാരും ഇല്ലാതിരുന്നില്ല.

Editors Choice